ദുബായ്: കൊച്ചിയിലേക്കുള്ള വിമാനയാത്രക്കിടെ ദുബായിൽ വെച്ച് വിമാനത്തിലെ മോശം പെരുമാറ്റത്തെ തുടർന്ന് ഇറക്കിവിട്ട നടൻ ഷൈൻ ടോം ചാക്കോയ്ക്ക് എതിരെ കൂടുതൽ നടപടികൾ ഉണ്ടാകില്ല. വിമാനത്തിൽ ബഹളം വെച്ചതിനും കോക്പിറ്റിൽ കയറാൻ ശ്രമിച്ചതിനുമാണ് നടനെ ഇറക്കിവിട്ടത്. നടന്റെ വൈദ്യ പരിശോധനയടക്കം നടത്തി നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷമാണ് വിട്ടയച്ചത്. ബന്ധുക്കൾക്കൊപ്പമാണ് ദുബായ് വിമാനത്താവളത്തിൽ നിന്ന് ഷൈനിനെ വിട്ടയച്ചത്.

ഷൈൻ നൽകിയ വിശദീകരണവും പൈലറ്റിന്റെ നിലപാടുമാണ് രക്ഷയായത്. കോക് പിറ്റിൽ കയറിയത് അബദ്ധത്തിൽ സംഭവിച്ചതാണെന്നെന്നാണ് ഷൈൻ ടോം ചാക്കോ വിമാനത്താവള അധികൃതർക്ക് നൽകിയ വിശദീകരണം. അബദ്ധം പറ്റിയതാണെന്ന വിശദീകരണം മുഖവിലയ്‌ക്കെടുത്ത അധികൃതർ താരത്തെ വിട്ടയക്കാൻ തീരുമാനിക്കുകയായിരുന്നു. കോക് പിറ്റിൽ കയറാൻ ശ്രമിച്ച സംഭവത്തിൽ പൈലറ്റ് പരാതി നൽകാതിരുന്നതും ഷൈനിന് അനുകൂലമായി.

കോക് പിറ്റിൽ കയറാൻ ശ്രമിച്ചതിനെ തുടർന്ന് ഇന്ന് ഉച്ചയ്ക്കായിരുന്നു നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്ന് ഇറക്കി വിട്ടത്. ദുബായ് വിമാനത്താവളത്തിലാണ് അനിഷ്ട സംഭവം ഉണ്ടായത്. അനുവദിച്ച സീറ്റിൽ നിന്ന് മാറി ജീവനക്കാരുടെ സീറ്റിൽ ഇരിക്കാൻ നടൻ ശ്രമിച്ചതായും ആരോപണമുണ്ട്. ഉച്ചയ്ക്ക് ഒന്നേമുക്കാലിന് ദുബായിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യയുടെ എഐ 934 വിമാനത്തിന്റെ കോക്ക് പിറ്റിൽ ആണ് ഷൈൻ ടോം ചാക്കോ അതിക്രമിച്ച് കയറാൻ ശ്രമിച്ചത്. ഇതിന് പിന്നാലെയാണ് ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്ന് പുറത്താക്കിയത്. താരത്തിനെ ഇറക്കിയശേഷം മുക്കാൽ മണിക്കൂറോളം വൈകിയാണ് വിമാനം കൊച്ചിയിലേക്ക് തിരിച്ചത്.

താൻ അഭിനയിച്ച ഭാരത സർക്കസ് എന്ന പുതിയ ചിത്രത്തിന്റെ പരസ്യ പ്രചരണത്തിന്റെ ഭാഗമായി ദുബൈയിൽ എത്തിയതായിരുന്നു ഷൈൻ. തിരികെ നാട്ടിലേക്ക് പോകാനായി വിമാനത്തിൽ കയറിയപ്പോഴാണ് കോക്പിറ്റിൽ കയറാൻ ശ്രമിച്ചതും അനിഷ്ട സംഭവങ്ങൾ ഉണ്ടായതും.

ദുബായിൽ നിയമങ്ങൾ കർക്കശമായതു കൊണ്ട് തന്നെ നടന്റെ കാര്യത്തിൽ ആശങ്ക ഉയർന്നിരുന്നു. കോക്ക്പിറ്റിൽ കയറാൻ ശ്രമിക്കുന്നത് വിമാനയാത്രയിലെ ഗുരുതരമായ സുരക്ഷാ വീഴ്‌ച്ചയായി കണക്കാക്കുന്ന സംഭവമാണ്. പൈലറ്റും കോ പൈലറ്റും ചേർന്ന് വിമാനത്തിന്റെ യാത്രാ ഗതി നിയന്ത്രിക്കുന്ന അതീവ സുരക്ഷാ ഇടമാണ് കോക് പിറ്റ്. അപകട-അട്ടിമറി സാധ്യതകൾ ഉള്ളതിനാൽ പൈലറ്റിന്റെ അനുമതിയില്ലാതെ ഇവിടെ പ്രവേശിക്കുന്നതിൽ കർശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അത്യപൂർവ്വമായാണ് മറ്റുള്ളവർ ഇവിടെ പ്രവേശിക്കാൻ സാധ്യതയുള്ളത്.

ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ വച്ച് എയർ ഇന്ത്യാ ഡ്രീംലൈനർ വിമാന അധികൃതരാണ് ഷൈൻ ടോം ചാക്കോയെ പുറത്താക്കിയത്. ഏതാനും മാസം മുൻപും ഷൈൻ ടോം ദുബായ് വിമാനത്താവളത്തിൽ പ്രശ്‌നമുണ്ടാക്കിയിരുന്നു. എയർ ഇന്ത്യ അധികൃതരുമായാണ് അന്ന് വിമാനത്തിനു പുറത്ത് പ്രശ്‌നമുണ്ടായത്. ദുബായിൽ നിന്നും കൊച്ചിയിലേക്കുള്ള എഐ 934 വിമാനത്തിലാണ് ഷൈൻ ഇപ്പോൾ പ്രശ്‌നമുണ്ടാക്കിയത്.

ഇന്നലെ റിലീസായ ഭാരത സർക്കസ് എന്ന സിനിമയുടെ ദുബായ് പ്രമോഷനുമായി ബന്ധപ്പെട്ട് ദുബായിലെത്തിയ നടൻ മറ്റു താരങ്ങളോടൊപ്പം ഉച്ചയ്ക്ക് 1.30നുള്ള വിമാനത്തിൽ കേരളത്തിലേക്ക് തിരിച്ചു പോകാനായി വിമാനത്തിൽ കയറിയപ്പോഴായിരുന്നു സംഭവം. നടന്റെ സംശയാസ്പദമായ പെരുമാറ്റം കണ്ട അധികൃതർ അദ്ദേഹത്തെ വിമാനത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു.

കുറച്ചു കാലം മുമ്പും ഷൈൻ ടോം വിവാദങ്ങളിൽ ചെന്നുചാടിയിരുന്നു. 'തല്ലുമാല' സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു സംഘർഷമുണ്ടായത്. നാട്ടുകാരിൽ ഒരാളെ ഷൈൻ തല്ലിയെന്ന് ആരോപണമുണ്ടായിരുന്നു. ചിത്രീകരണത്തിനിടെ പരുക്കേറ്റ താൻ ഈ കാല് വച്ച് തല്ലുമോയെന്ന് ഷൈൻ ചോദിച്ചിരുന്നു. ദീർഘകാലം കമലിനൊപ്പം സഹസംവിധായകനായി പ്രവർത്തിച്ച ശേഷമാണ് ഷൈൻ അഭിനേതാവിന്റെ വേഷം കെട്ടിയത്.

2011ൽ ഗദ്ദാമയിലൂടെ അഭിനയരംഗത്തേക്ക് തിരിഞ്ഞ നടന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. 2013ൽ അന്നയും റസൂലും എന്ന ചിത്രത്തിൽ അബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 2014ൽ ഇതിഹാസ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.2015 ജനുവരിയിൽ നിരോധിത ലഹരിമരുന്നായ കൊക്കെയ്‌നുമായി ഷൈനിനെയും മറ്റു 4 പേരെയും കൊച്ചിയിലെ ഒരു ഫ്‌ളാറ്റിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തു.തുടർന്ന് അറുപത് ദിവസത്തോളം ഷൈൻ ജയിലിൽ കഴിഞ്ഞു. ഇതിന് ശേഷവും സിനിമാ രംഗത്തം നിറഞ്ഞു നിൽക്കുകയായിരുന്നു ഷൈൻ ടോം.