തിരുവനന്തപുരം: വിഴിഞ്ഞം സംഘർഷവും സമരങ്ങളും അവസാനിപ്പിക്കാനുള്ള തീവ്ര ശ്രമത്തിൽ സർക്കാർ. കേന്ദ്രസേനയെ വേണ്ടെന്ന നിലപാട് സ്വീകരിച്ചതിന് പിന്നാലെ വിഴിഞ്ഞം സംഘർഷത്തിലെ അന്വേഷണ ചുമതലയിൽ കേന്ദ്ര ഏജൻസി വേണ്ടെന്നുമാണ് സർക്കാർ നിലപാട് എടുത്തിരിക്കുന്നത്. എൻഐഎ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് മണികുമാറിന്റെ അധ്യക്ഷതയിലുള്ള ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്.

വിഷയത്തിൽ സർക്കാറിന്റെ അഭിപ്രായം തേടിയതിന് ശേഷമാണ് നിലപാട് സ്വീകരിച്ചത്. സംഘർഷത്തിൽ പൊലീസ് കേസെടുത്ത് അന്വേഷിച്ചു വരികയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. വിഴിഞ്ഞം സ്വദേശിയായ മുൻ ഡിവൈഎസ്‌പിയാണ് സംഘർഷത്തിന്റെ പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരുന്നതിനായി, കേസ് എൻഐഎയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

പൊലീസ് സ്റ്റേഷൻ അടക്കം ആക്രമിച്ചിട്ടും, സർക്കാരിന്റെ ഭാഗത്തു നിന്നും കാര്യമായ നടപടികൾ അക്രമികൾക്കെതിരെ ഉണ്ടായിട്ടില്ല. അതിനാൽ അന്വേഷണം കാര്യക്ഷമമായി നടക്കാൻ എൻഐഎയ്ക്ക് കൈമാറണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. അതേസമയം സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് 163 എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. പ്രാരംഭ ഘട്ടത്തിൽ തന്നെ അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറേണ്ട സാഹചര്യമില്ലെന്ന് സർക്കാരിന് വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി അറിയിച്ചു. സർക്കാരിന്റെ വാദം പരിഗണിച്ചാണ് ഹൈക്കോടതി ഹർജി തള്ളിയത്. അതിനിടെ , വിഴിഞ്ഞത്ത് സംഘർഷത്തിൽ പരിക്കേറ്റവരെ സമാധാന ദൗത്യസംഘം സന്ദർശിച്ചു. ബിഷപ്പ് സൂസപാക്യത്തിന്റെ നേതൃത്വത്തിലുള്ള സമാധാന സംഘത്തിൽ പാളയം ഇമാം, ഗുരു ജ്ഞാനതപസ്വി, മുൻ നയതന്ത്ര ഉദ്യോഗസ്ഥൻ ടി പി ശ്രീനിവാസൻ അടക്കം ഏഴുപേരാണ് ഉള്ളത്. വിഴിഞ്ഞത്ത് സമാധാനം പുനഃസ്ഥാപിക്കുക ലക്ഷ്യമിട്ടാണ് ദൗത്യസംഘം പ്രദേശത്ത് സന്ദർശനം നടത്തുന്നത്.