- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൃഥ്വിരാജിനെതിരെ വിശ്വ ഹിന്ദു പരിഷത്തിന്റെ ഭീഷണിയെന്ന പ്രചാരണം അടിസ്ഥാന രഹിതം; നടന് എതിരെ പോസ്റ്റിട്ട വ്യക്തിയെ വർഷങ്ങൾക്ക് മുമ്പേ പുറത്താക്കിയതാണെന്നും വി.എച്ച്.പി; ഗുരുവായൂരപ്പന്റെ പേരിൽ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കിൽ വാരിയം കുന്നനെ ഓർത്താൽ മതിയെന്ന് പ്രതീഷ് വിശ്വനാഥിന്റെ ഭീഷണിയും
കൊച്ചി: ഗുരുവായൂരമ്പല നടയിൽ എന്ന സിനിമയുമായി ബന്ധപ്പെട്ട് നടൻ പൃഥിരാജിനെതിരെ വിശ്വ ഹിന്ദു പരിഷത്തിന്റെ ഭീഷണിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് വി.എച്ച്.പി സംസ്ഥാന അധ്യക്ഷൻ വിജിതമ്പി,ജനറൽ സെക്രട്ടറി വി.ആർ രാജശേഖരൻ എന്നിവർ അറിയിച്ചു. പൃഥിരാജിനെതിരെ ഫേസ് ബുക്ക് പോസ്റ്റിട്ട വ്യക്തിയുമായി വിശ്വഹിന്ദു പരിഷത്തിന് ബന്ധമില്ല.
വർഷങ്ങൾക്ക് മുൻപ് വി.എച്ച്.പിയിൽ നിന്നും പുറത്താക്കപ്പെട്ട വ്യക്തിയാണ് പോസ്റ്റിട്ടത്. ഒരു സിനിമ ജനിക്കുന്നതിന് മുമ്പ് അതിന്റെ ജാതകം എഴുതാൻ അത്ര ബുദ്ധിയില്ലാത്തവരല്ല വിശ്വഹിന്ദു പരിഷത്തിലുള്ളത്. എന്തു സിനിമയാണെങ്കിലും അത് റിലീസ് ചെയ്യട്ടെയെന്നാണ് തങ്ങളുടെ നിലപാട്.
സിനിമ വന്നതിനു ശേഷം അതിൽ എന്തെങ്കിലും അപാകതയുണ്ടെങ്കിൽ ആ സമയത്ത് സംഘടനയുടെ പ്രതികരണം ഉണ്ടാകും അതല്ലാതെ നിലവിലെ വിവാദവുമായി വിശ്വഹിന്ദു പരിഷത്തിന് യാതൊരു വിധ ബന്ധവുമില്ലെന്നും അനാവശ്യമായി വിശ്വ ഹിന്ദു പരിഷത്തിനെ ഇതിലേക്ക് വലിച്ചിഴച്ചത് പ്രതിഷേധാർഹമാണെന്നും നേതാക്കൾ വ്യക്തമാക്കി.
പൃഥ്വിരാജും ബേസിൽ ജോസഫും ഒന്നിക്കുന്ന ചിത്രത്തിനെതിരേ പ്രതീഷ് വിശ്വനാഥ്. നേരത്തെ രംഗത്തെത്തിയിരുന്നു. 'ഗുരുവായൂർ അമ്പലനടയിൽ' എന്നാണ് ചിത്രത്തിന്റെ പേര്. ഗുരുവായൂരപ്പന്റെ പേരിൽ എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കിൽ വാരിയം കുന്നനെ ഓർത്താൻ മതിയെന്നാണ് പ്രതീഷ് വിശ്വനാഥ് ഫേസ്‌ബുക്കിൽ കുറിച്ചത്. താൻ വിശ്വഹിന്ദു പരിഷദ് നേതാവല്ല, ഒരു സാധാരണ ഹിന്ദു പ്രവർത്തകൻ മാത്രമാണെന്നും പ്രതീഷ് പിന്നീട് കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം
മലയാള സിനിമാക്കാർക്ക് ദിശ ബോധം ഉണ്ടാക്കാൻ ഉണ്ണിമുകുന്ദന് കഴിയുന്നുണ്ട് എന്ന് വ്യക്തമായി .എന്നാൽ ഗുരുവായൂരപ്പന്റെ പേരിൽ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കിൽ രാജുമോൻ അനൗൺസ് ചെയ്ത സ്വന്തം വാരിയം കുന്നനെ ഒന്നോർത്താൽ മതി . ജയ് ശ്രീകൃഷ്ണ.
ഈ കുറിപ്പിന്റെ തുടർച്ചയായി പൃഥ്വിരാജിന് എതിരെ വീണ്ടും പ്രതീഷ് വിശ്വനാഥ് പോസ്റ്റിട്ടിട്ടുണ്ട്.
പൃഥ്വിരാജ് സുകുമാരൻ എന്ന നടനെ പലരും പരിഹസിച്ചിരുന്ന, തഴഞ്ഞിരുന്ന സമയത്ത് അയാൾക്ക് വലിയ പിന്തുണ നൽകുകയും സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ കാര്യമായ ബൂസ്റ്റിങ് നടത്തുകയും ചെയ്തിരുന്ന ഒരു വലിയ വിഭാഗമുണ്ടായിരുന്നു. അവരിന്ന് അയാൾക്ക് എതിരാണ്. പകരം കുറച്ച് സുഡാപ്പികളുടെ പിന്തുണ അയാൾക്ക് ലഭിക്കുന്നുണ്ട് എന്നത് സത്യം. പക്ഷേ അവിടെ അയാൾ രണ്ടാംകിടക്കാരനാണ് എന്നത് അയാൾക്ക് മനസ്സിലാകുംബോഴേക്കും ഏറെ വൈകിയിട്ടുണ്ടാകും.
ഇന്ത്യൻ പൗരന്മാരെ ഒരു തരത്തിലും ബാധിക്കില്ല എന്നുറപ്പുള്ള CAA യ്‌ക്കെതിരെ ആരുടെയോ നാവായി നുണ പ്രചരിപ്പിച്ചു കൊണ്ടാണയാൾ ആ സർക്കിളിലേക്ക് കാലെടുത്ത് വച്ചത്. പിന്നാലെ വാര്യൻകുന്നന്റെ പ്രഖ്യാപനം. ശേഷം ലക്ഷദ്വീപ് വിഷയം. എല്ലാം പോരാഞ്ഞ് നോട്ട് നിരോധനം തുടങ്ങി സർവതിനെയും തന്റെ സിനിമകളിലൂടെ അപഹസിക്കൽ.
പൃഥ്വിരാജിന് തോന്നുന്നുണ്ടാകും താങ്കൾക്കെതിരെ ചിലർ പ്രചരണം നടത്തുന്നു, താങ്കളുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേൽ കൈ വയ്ക്കുന്നു എന്നൊക്കെ. സുഹൃത്തേ മേൽപ്പറഞ്ഞ സംഭവങ്ങൾ നോക്കുക. ഒരു സീരീസായി താങ്കൾ ചെയ്ത കാര്യങ്ങളാണത്. പ്രത്യക്ഷത്തിൽ തന്നെ ഒരു വിഭാഗത്തിനെതിരെ സെലക്ടീവായി നുണ പ്രചരിപ്പിക്കുക. സ്വാഭാവികമായും ഈ ഭാഗത്ത് നിന്നും റിയാക്ഷനുണ്ടാകും.
ഇനി ഇത് താങ്കൾ അറിയാതെ ഇത്തരം സംഭവങ്ങളിൽ പെട്ടു പോകുന്നതാണെങ്കിലോ, അല്ലെങ്കിൽ ചുറ്റുമുള്ളവർ പെടുത്തുന്നതാണെങ്കിലോ താങ്കൾ ശ്രദ്ധിക്കുക. നിങ്ങൾ അറിയാതെ നിങ്ങളാരുടെയൊക്കെയോ ചട്ടുകമാകുകയാണെന്ന് തിരിച്ചറിയുക.അറിഞ്ഞുകൊണ്ടാണെങ്കിൽ ഒട്ടും മടിക്കാതെ ഇങ്ങനെ തന്നെ മുന്നോട്ട് പോകുക. ബാക്കിയൊക്കെ അയ്യപ്പൻ തീരുമാനിക്കും പോലെ നടക്കട്ടെ.
ജയ ജയ ജയ ജയഹേ എന്ന ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗുരുവായൂരമ്പല നടയിൽ'. ദീപു പ്രദീപാണ് രചന. പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ ഫോർ എന്റർടെയ്ന്മെന്റ്സും ചേർന്നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിക്കുന്നത്. ഒരു വർഷം മുമ്പേ കേട്ട കഥയാണെന്നും ഓർക്കുമ്പോൾത്തന്നെ ചിരിവരുന്ന കഥയാണ് ചിത്രത്തിന്റേതെന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് കുറിച്ചു. ബേസിലിനൊപ്പം സിനിമ ചെയ്യുന്നതിന്റെ സന്തോഷവും പൃഥ്വി എടുത്തുപറഞ്ഞു.
ബേസിൽ ജോസഫും ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. 'ജയ ജയ ജയ ജയഹേ'ക്ക് ശേഷം വിപിൻ ദാസിനും 'കുഞ്ഞിരാമായണ'ത്തിനും 'ഗോദ'യ്ക്കും ശേഷം ഇ ഫോർ എന്റർടെയ്ന്മെന്റ്സിനുമൊപ്പം ഒരുമിക്കാനായതിൽ സന്തോഷമുണ്ടെന്ന് ബേസിൽ കുറിച്ചു. പൃഥ്വിരാജിനൊപ്പം സ്‌ക്രീനിൽ ഒരുമിക്കാനാവുന്നതിന്റെ ത്രില്ലിലാണ് താനെന്നും ബേസിൽ കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ