കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ ഭക്ഷണ വിവാദത്തിന് അന്ത്യം കുറിച്ച് വിദ്യാഭ്യാസ മന്ത്രിയുടെ വാക്കുകൾ. അടുത്ത കലോത്സവം മുതൽ മാംസാഹാരം ഉൾപ്പെടുത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇറച്ചിയും മീനും വിളമ്പണ്ടാ എന്നൊരു നിർബന്ധം സർക്കാരിന് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തവർഷം മാംസാഹാരം നൽകുമെന്നും മന്ത്രി പറഞ്ഞു. കഴിക്കുന്നത് കുട്ടികളാണല്ലോ, നോൺ വെജ് കൊടുത്തതിന്റെ പേരിൽ ശാരീക പ്രശങ്ങൾ ഉണ്ടായാലോ എന്നൊരു ആശങ്ക മാത്രം - മന്ത്രി വ്യക്തമാക്കി.

എന്നാൽ അടുത്ത വർഷം എന്തായാലും നോൺ വെജ് ഉണ്ടാകും. ബിരിയാണി കൊടുക്കാൻ ആഗ്രഹമുണ്ട്. കോഴിക്കോടെത്തിയ കുട്ടികൾക്ക് ബിരിയാണി കൊടുക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. ഞാൻ അത് ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നു. 60 വർഷം ഇല്ലാത്ത ബ്രാഹ്മണ മേധാവിത്വം ഇപ്പൊ ആണോ കാണുന്നതെന്നും വിവാദത്തോട് പ്രതികരിച്ച് മന്ത്രി ചോദിച്ചു. ഒരു വിവാദവും ഇല്ലാത്തപ്പൊ എന്തെങ്കിലും ഉണ്ടാക്കാൻ ചിലർ ശ്രമിക്കുകയാണ്. പറയുന്നതെല്ലാം ശുദ്ധ അബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം കലോത്സവത്തിന് നോൺ വെജ് വിളമ്പണോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്ന് പഴയിടം പ്രതികരിച്ചിരുന്നു. കലോത്സവത്തിൽ നോൺ വെജ് വിളമ്പുന്നതിൽ തനിക്ക് യാതൊരു എതിർപ്പുമില്ലെന്നും നോൺ വെജ് വിളമ്പണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്നും കായിക മേളയിൽ മാംസാഹാരം വിളമ്പുന്നവർ തന്റെ സംഘത്തിൽ തന്നെ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കലാമേളായിൽ മാംസാഹാരം വിളമ്പുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് പഴയിടം ചൂണ്ടിക്കാട്ടി. ബുധനാഴ്ച കോഴിക്കോട്ടെ കലോത്സവത്തിൽ പങ്കെടുക്കാനെത്തിയത് 9500 കുട്ടികളുണ്ടാവും എന്നായിരുന്നു കണക്ക്. എന്നാൽ 20,000-ത്തിലേറെ പേരാണ് ഭക്ഷണം കഴിക്കാൻ എത്തിയത്. തീർന്നാലും പെട്ടെന്ന് തന്നെ പകരം ഭക്ഷണം സജ്ജമാക്കാം എന്നതാണ് വെജിന്റെ ഗുണം. എത്രസമയം വരെ നോണ് വെജ് ഭക്ഷണം കേട് കൂടാതെയിരിക്കും എന്ന കാര്യത്തിൽ സംശയമുണ്ട്. എന്നാൽ കലവറയിലേക്ക് എത്തുന്ന പച്ചക്കറികളുടെ കാര്യത്തിൽ എനിക്ക് കൃത്യമായ ധാരണയുണ്ട്.

കായികമേളയിൽ നമ്മുടെ ടീം തന്നെ നോണ് വെജ് വിളമ്പുന്നുണ്ട്. എന്നാൽ കായികമേളയിൽ പത്ത് ശതമാനം പേർക്ക് മാത്രം വെജിറ്റേറിയൻ ഭക്ഷണം വിളമ്പിയാൽ മതിയാവും. എന്നാൽ കലോത്സവത്തിൽ അതിലേറെ പേർക്ക് വെജിറ്റേറിയൻസ് ആയിരിക്കും. കലോത്സവത്തിൽ താൻ മുഖ്യപാചകകാരനായി എത്തുന്നതിനെ ബ്രാഹ്മണമേധാവിത്തം എന്ന് വിമർശിക്കുന്നവർ അതിൽ എത്രത്തോളം യുക്തിയുണ്ടെന്ന് കൂടി ചിന്തിക്കണമെന്ന് പഴയിടം പറഞ്ഞു. അത്തരം ചോദ്യങ്ങൾക്ക് മറുപടി നൽകാനില്ലെന്നും താൻ അങ്ങനെ ഒരാളല്ലെന്നും പഴയിടം വ്യക്തമാക്കി.

സർക്കാർ ഒരു ജോലി ഏൽപ്പിച്ചു. അത് വൃത്തിയായി നിറവേറ്റുക എന്നതാണ് തന്നെ സംബന്ധിച്ച് പ്രധാനമെന്ന് പഴയിടം നമ്പൂതിരി പറയുന്നു. സോഷ്യൽ മീഡിയയിൽ ജാതിയുടെ ഉൾപ്പെടെ പേരിൽ നടക്കുന്ന ചർച്ചകൾ ഒന്നും തന്നെ ബാധിക്കുന്ന വിഷയങ്ങളല്ലെന്നും പഴയിടം പറയുന്നു. നല്ല ബുദ്ധിമുട്ടുള്ള ജോലിയാണ് ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. അത് ഭംഗിയായി നിർവഹിക്കുക എന്നത് മാത്രമാണ് ഇപ്പോൾ മുന്നിലുള്ള കാര്യം. സോഷ്യൽ മീഡിയ പറയുന്നതിനോടൊന്നും ഒരക്ഷരം പോലും പ്രതികരിക്കാനില്ല. മാങ്ങയുള്ള മാവിലേ ആളുകൾ കല്ലെറിയൂ എന്ന് മാത്രം മനസിലാക്കിയാൽ മതിയെന്നും പഴയിടം മോഹനൻ നമ്പൂതിരി കൂട്ടിച്ചേർത്തു.

മുൻ മാധ്യമപ്രവർത്തകനും കേരള സർവകലാശാല പൊൽറ്റിക്കൽ സയൻസ് വിഭാഗത്തിലെ അദ്ധ്യാപകനുമായ ഡോ അരുൺകുമാർ അടക്കം ഉയർത്തിയ നോൺ വെജിറ്റേറിയൻ വാദമാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. കലോത്സവത്തിൽ സ്ഥിരമായി വെജിറ്റേറിയൻ ഭക്ഷണം വിളമ്പുന്നത്, ബ്രാഹ്മണിക്കൽ ഹെജിമണിയുടെയും ജാതിവാദത്തിന്റെയും, ശുദ്ധതാവാദത്തിന്റെയും ലക്ഷണമായാണ് ഇവർ കാണുന്നത്. പൊളിറ്റിക്കൽ കറക്ടനസ്സിന്റെ അസ്‌ക്യതയുള്ള ലെഫ്റ്റ്- ലിബറൽ പ്രൊഫൈലുകൾ ഒരുപോലെ വെജിറ്റേറിയൻ ഭക്ഷണം മാത്രം കലോത്സവത്തിൽ വിളമ്പുന്നതിനെതിരെ രംഗത്ത് എത്തിയത്.