- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആര്യ മേയറുടെ വിവാദ കത്ത് പോലെ നോർക്കയ്ക്കു വേണ്ടി പാർട്ടിക്കാരുടെ ആവേശം വാട്സാപ്പ് പോസ്റ്റ് ആയപ്പോൾ ഗമണ്ടൻ അബദ്ധം; യുകെയിലേക്ക് ആളെ കയറ്റുമതി ചെയ്യാൻ പാർട്ടിക്കാരെ തിരുകി കയറ്റാൻ ഗ്രൂപ്പുകൾ രംഗത്തെത്തിയത് നോർക്കയ്ക്കും നാണക്കേടായി; സർക്കാർ ശ്രമങ്ങൾക്ക് പാർട്ടിക്കാർ തന്നെ ആപ്പടിക്കുന്നതിൽ ആക്ഷേപം; ഹരികൃഷ്ണൻ നമ്പൂതിരിക്കും പാർട്ടി പേടിയോ?
ലണ്ടൻ: കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു കത്തുകയാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ പേരിൽ പുറത്തു വന്ന വിവാദ നിയമന ശുപാർശ കത്ത്. ഇക്കാര്യത്തിൽ വാസ്തവം എന്തെന്ന് അറിയാൻ കേരളം കാത്തിരിക്കുക ആണെങ്കിലും ഒരുപക്ഷെ ഒരിക്കലും സത്യം ജനം അറിയണമെന്നില്ല. ഇപ്പോൾ സമാനമായ തരത്തിൽ മറ്റൊരു നിയമന സന്ദേശം ലോകമെങ്ങും മലയാളികളെ തേടി സോഷ്യൽ മീഡിയയിൽ കറങ്ങുകയാണ്.
അടുത്തിടെ യുകെയിൽ നടന്ന ലോക കേരള സഭ സമ്മേളനവുമായി ബന്ധപെട്ടു യുകെയിലേക്കു മൂവായിരം നഴ്‌സുമാരെ എത്തിക്കാൻ നോർക്കയും കേരള സർക്കാരും കരാർ സ്വന്തമാക്കി എന്ന് പറയുന്ന നേട്ടത്തിന്റെ കൂടെ ചേർത്താണ് സ്വകാര്യ ഏജൻസികൾ കയ്യടക്കി വച്ചിരിക്കുന്ന കെയറർ സീനിയർ കെയറർ ജോലിക്കും ആളെ എത്തിക്കുന്നുവെന്ന സന്ദേശവുമായി നോർക്കയ്ക്ക് വേണ്ടി എന്ന മട്ടിൽ തയ്യാറാക്കിയത് എന്ന് സംശയിക്കപ്പെടുന്ന സന്ദേശം സോഷ്യൽ മീഡിയയിൽ എത്തിയത്.
ഇത് ആര് തയ്യാറാക്കി എന്ന് വ്യക്തം അല്ലെങ്കിൽ മെഡിക്കൽ ന്യൂസ് എന്ന ഫേസ്‌ബുക് ഗ്രൂപ്പിൽ നിന്നും ചോർത്തിയാണ് വാട്സാപ്പിൽ എത്തിയിരിക്കുന്നത്. ഇതോടെ തലങ്ങും വിലങ്ങും ഇടതു പക്ഷ ഗ്രൂപ്പുകളിൽ ഈ മെസേജ് ഏറ്റെടുത്തു നോർക്ക നടത്തുന്ന യുകെ റിക്രൂട്മെന്റിനുള്ള ജോബ് ഫെയറിൽ പരമാവധി പാർട്ടി അനുകൂലികളെ എത്തിക്കണം എന്ന നിർദേശവും പ്രചരിക്കുന്നുണ്ട്.
യുകെയിലേക്കുള്ള കെയർ വിസ ഏജൻസികളിൽ നല്ല പങ്കും വ്യാജന്മാർ ആണെന്ന് വ്യക്തമാക്കുന്ന പരാതി ലോക കേരള സഭ വേദിയിൽ എത്തി ചീഫ് സെക്രട്ടറിക്ക് കൈമാറിയ സോമർസെറ്റിലെ പൊതുപ്രവർത്തകനോടാണ് ഇതുസംബന്ധിച്ചു പൂളിലെ ഇടതുപക്ഷ അനുഭാവിയായ വനിതാ യുകെ റിക്രൂട്മെന്റിൽ പാർട്ടി പ്രവർത്തകർക്കും അനുഭാവികൾക്കും അർഹമായ സ്ഥാനം ലഭിക്കും എന്ന് വ്യക്തമാക്കിയത്. ഇതോടെ ജോബ് ഫെയർ എന്നത് പാർട്ടി അനുകൂലികളെ യുകെയിൽ എത്തിക്കാൻ ഉള്ള വേദിയാക്കി മാറ്റുകയാണ് എന്ന ഗുരുതരമായ ആരോപണം കൂടിയാണ് ഉയരുന്നത്. യുകെയിൽ ചേരി തിരിഞ്ഞു പ്രവർത്തിക്കുന്ന രണ്ടു ഇടതു പക്ഷ ഗ്രൂപ്പുകളും ഇക്കാര്യത്തിൽ ആവേശത്തോടെ രംഗത്തുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം.
അതിനിടെ റിക്രൂട്ട്മെന്റ് സംബന്ധിച്ച പ്രാഥമിക വിവരം പോലും ഇല്ലാത്തവരാണ് നോർക്കയ്ക്ക് വേണ്ടി എന്ന മട്ടിൽ യുകെ റിക്രൂട്ട്മെന്റ് സംബന്ധിച്ച് സന്ദേശം തയ്യാറാക്കിയത് എന്ന് വ്യക്തമായി. കാരണം ഐഇഎൽടിഎസ്, ഒഇടി എന്നിവ ഇല്ലാതെ കെയർ വിസയിൽ യുകെയിൽ എത്താനായി ഉള്ള എളുപ്പവഴിയായ നാറിക് സർട്ടിഫിക്കറ്റ് ലഭിക്കാൻ 60 പൗണ്ട് ആണ് ഫീസ് എന്ന തെറ്റായ സന്ദേശമാണ് ഇപ്പോൾ പ്രചരിപ്പിക്കപ്പെടുന്നത്.
എന്നാൽ ഈ സന്ദേശം ശ്രദ്ധയിൽ പെടുത്തിയിട്ടും നോർക്കയുടെ ഉദരവാദിത്തമുള്ള ഒരു ഉദ്യോഗസ്ഥനും സന്ദേശം തള്ളിപ്പറയാനോ റിക്രൂട്മെന്റിൽ ആളെ എത്തിക്കാൻ ആരെയെങ്കിലും ചുമതലപ്പെടുത്തിയിട്ടില്ല എന്ന് വ്യക്തമാക്കാനോ മുതിരാത്തതും സംശയത്തിന് ഇട നൽകുകയാണ്. വ്യാജ സന്ദേശങ്ങൾ പ്രചരിക്കുമ്പോഴും നോർക്കയുടെ പേരിൽ സന്ദേശം ഇറക്കിയതിനു പൊലീസിൽ പോലും പരാതിപ്പെടാമെന്നിരിക്കെ അത്തരം നീക്കങ്ങൾക്കും നോർക്ക തയ്യാറാകുന്നില്ല.
ഈ മാസം 21 മുതൽ 25 വരെയുള്ള തീയതികളിൽ കൊച്ചിയിലാണ് നോർക്കയുടെ യുകെ റിക്രൂട്ട്മെന്റ് ഫെയർ നടക്കുന്നത്. നഴ്‌സുമാർക്ക് വെയ്ൽസിൽ നിന്നും കരാർ ലഭിച്ചെന്നു വ്യക്തമാക്കുന്ന നോർക്ക കെയറർ, സീനിയർ കെയറർ വിസ ലഭിച്ചത് എവിടെ നിന്നും എന്ന് വ്യക്തമാക്കുന്നില്ല. ഈ രംഗത്താണ് കേരളത്തിൽ ഏറ്റവും അധികം തട്ടിപ്പ് നടക്കുന്നതും. ഒരു കെയർ വിസ ലഭിക്കാൻ സ്വകാര്യ ഏജൻസികൾ പത്തു മുതൽ 18 ലക്ഷം രൂപ വരെയാണ് ഈടാക്കി കൊണ്ടിരിക്കുന്നത്. പണം നൽകിയ ശേഷം മുങ്ങിയ ഏജൻസികൾ ഏറെയുമാണ്. നിലവിൽ സർക്കാർ അംഗീകൃതമായ എൻഎച്ച്എസ് ട്രസ്റ്റുകൾ ഇന്ത്യയിൽ നിന്നും വ്യാപകമായി കെയർ വിസ നൽകുവാൻ തീരുമാനിച്ചതായി ഔദ്യോഗിക വിവരമില്ല.
എന്നാൽ സ്വകാര്യ നഴ്‌സിങ് ഹോമിലേക്ക് വ്യാപകമായി കെയറർമാർ എത്തുന്നുമുണ്ട്. ഇതിൽ ഏതു സ്വകാര്യ ഗ്രൂപ്പിനും വ്യക്തിയുമാണ് നോർക്കയിൽ കരാർ ഏർപ്പെട്ടിരിക്കുന്നതെന്നു ഇനിയും വ്യക്തമാക്കാൻ നോർക്ക തയ്യാറായിട്ടില്ല എന്നതാണ് ശ്രദ്ധേയം. ഇങ്ങനെ കെയർ വിസ ലഭിക്കാൻ അപേക്ഷിക്കുന്നവർക്ക് സൗജന്യമായി എത്താനായാൽ കേരള സർക്കാരിന് അഭിമാനിക്കാൻ കഴിയുന്ന നേട്ടമാകും അതെന്നും തർക്കമില്ലാത്ത വസ്തുതയാണ്. കാരണം സ്വകാര്യ റിക്രൂട്ടിങ് ലോബികൾ കയ്യടക്കി വച്ചിരിക്കുന്ന ഈ രംഗം തകർത്തെറിയാൻ കഴിഞ്ഞാൽ അനേകം സാധാരണക്കാർക്ക് സൗജന്യമായി യുകെയിൽ എത്താനാകും എന്നതും വസ്തുതയാണ്. പക്ഷെ ഇക്കാര്യങ്ങൾ വക്തമാക്കേണ്ടത് നോർക്കയും കേരള സർക്കാരും തന്നെയാണ്.
മാത്രമല്ല ഇക്കഴിഞ്ഞ ഡിസംബർ മുതൽ യുകെയിൽ അനധികൃതമായി ജോലി ചെയ്തതിനു വിദ്യാർത്ഥികളെ നാട് കടത്തി തുടങ്ങിയ വിവരം നോർക്കയെ തത്സമയം അറിയിക്കുമ്പോഴും ഒട്ടകപ്പക്ഷിയെ പോലെ തല പൂഴ്‌ത്താൻ ആണ് നോർക്ക താൽപര്യം കാണിച്ചത്. വിദ്യാർത്ഥി വിസയിൽ എത്തി യുകെയിൽ ആവശ്യം പോലെ ജോലി ചെയ്യാം എന്ന തെറ്റായ പ്രചാരണം നടക്കുന്നത് നോർക്ക സി ഇ ഓ ഹരികൃഷ്ണൻ നമ്പൂതിരിയെ ലോക കേരള സഭ അംഗങ്ങൾ തന്നെ ഇമെയിൽ മുഖേനെ അറിയിച്ചിട്ടും ഇക്കാര്യത്തിൽ ശരിയായ പ്രചാരണം നടത്താൻ നോർക്ക ഒരു പത്രക്കുറിപ്പ് പോലും നൽകിയിട്ടില്ല എന്നതാണ് വാസ്തവം.
ഇക്കഴിഞ്ഞ ജൂലൈയിൽ അധിക സമയം ജോലി ചെയ്തതിനു സ്റ്റോക് ഓൺ ട്രെന്റിൽ നിന്നും മലയാളി വിദ്യാർത്ഥികളെ നാട് കടത്തിയ സംഭവം അറിയിച്ചപ്പോഴും ഒന്നും ചെയ്യാനില്ല എന്ന നിലപാടാണ് നോർക്ക പുലർത്തിയത്. യുകെയിലെ സാഹചര്യം വിദ്യാർത്ഥികളെ അറിയിക്കുവാനും ഈ രംഗത്ത് പ്രവർത്തിക്കുന്ന വ്യാജ ഏജൻസികളെ പൂട്ടുവാനും ഉള്ള ചുമതലയാണ് നോർക്ക മറന്നു പോകുന്നത്.
ഏതാനും മാസം മുൻപ് തൊടുപുഴയിൽ വ്യാജ റിക്രൂട്ട്മെന്റ് നടത്തിയ ഏജൻസി ഉടമയെ അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് ലൈവായി വെളിപ്പെടുത്തിയത് ലൈസൻസുള്ള ഒരു ഏജൻസി പോലും തൊടുപുഴയിൽ ഇല്ലെന്നാണ്. എന്നാൽ ഇത്തരം ഏജൻസികൾക്ക് എതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി തലവനായ നോർക്ക അല്ലെങ്കിൽ വേറെ ആരാണ് താൽപര്യം എടുക്കേണ്ടത് എന്ന ചോദ്യമാണ് നോർക്ക സിഇഒ ആയ ഹരികൃഷ്ണൻ നമ്പൂതിരിയെ തേടി ഇപ്പോൾ എത്തുന്നത്.