- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർവീസ് സംഘടനയുടെ ഫണ്ട് സിപിഎമ്മിനും സിഐടിയുവിനും വകമാറ്റി നൽകി; കർഷക സമരത്തെ പിന്തുണച്ചും 'കൈവിട്ട' സഹായം; ഇടത് അനുകൂല പോസ്റ്റൽ തൊഴിലാളി സംഘടനകളുടെ അംഗീകാരം റദ്ദാക്കി കേന്ദ്രസർക്കാർ; നടപടി, സർവീസ് സംഘടനകളുടെ ചട്ടങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയതോടെ
ന്യൂഡൽഹി: സർക്കാർ ജീവനക്കാരായ അംഗങ്ങളുടെ ക്ഷേമത്തിനായി വകയിരുത്തിയ ഫണ്ടുകൾ രാഷ്ട്രീയ പാർട്ടികൾക്ക് വകമാറ്റി നൽകിയ ഇടത് അനുകൂല പോസ്റ്റൽ തൊഴിലാളി സംഘടനകളുടെ അംഗീകാരം റദ്ദാക്കി. പോസ്റ്റൽ മേഖലയിലെ തൊഴിലാളി സംഘടനളായ നാഷണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ് (എൻ എഫ് പി ഇ), ഓൾ ഇന്ത്യ പോസ്റ്റൽ എംപ്ലോയീസ് യൂണിയൻ (എ ഐ പി ഇ യു) എന്നീ സംഘടനകൾ നടത്തിയ ഫണ്ട് കൈമാറ്റം സംബന്ധിച്ച് അന്വേഷണങ്ങൾക്ക് ഒടുവിലാണ് കേന്ദ്ര പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റ് നടപടി സ്വീകരിച്ചത്. അനധികൃത ഫണ്ട് കൈമാറ്റം സംബന്ധിച്ച് ഇരു സംഘടനകളോടും വിശദീകരണം തേടിയിരുന്നു.
സിഐടിയുവിന് 50000 രൂപയും സിപിഎമ്മിന് 4500 രൂപയും കൈമാറിയത് അടക്കം അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കർഷക സംഘടനകളുടെ സമര പരിപാടികളെ പിന്തുണച്ചും ഫണ്ട് കൈമാറ്റം നടന്നതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഓൺലൈൻ ട്രാൻസ്ഫറായും ചെക്ക് മുഖേനയും ഫണ്ടുകൾ കൈമാറിയത് സംബന്ധിച്ച് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടി. രാഷ്ട്രീയ സംഘടനകൾക്ക് ഫണ്ടുകൾ നൽകുന്നതിലെ ചട്ടലംഘനം അടക്കം പരിഗണിച്ചാണ് നടപടി സ്വീകരിച്ചത്
.
കൂടാതെ കേന്ദ്രസർക്കാരിന്റെ കാർഷിക നയങ്ങൾക്ക് എതിരെ സമരം നടത്തിയ കർഷക സംഘടനകളെ സഹായിക്കുന്നതിനായി മുപ്പതിനായിരം രൂപ സംഘടനകൾ അനധികൃതമായി കൈമാറ്റം ചെയ്തതതായും കണ്ടെത്തിയിരുന്നു. സർക്കാർ ജീവനക്കാരുടെ സർവീസ് സംഘടനകൾ രൂപീകരിക്കുന്നത് അതിലെ അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണെന്നും രാഷ്ട്രീയ പാർട്ടികളുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് ചട്ടങ്ങൾ ലംഘിക്കരുതെന്നും അധികൃതർ വ്യക്തമാക്കുന്നു.
ഇത്തരം സർവീസ് സംഘടനകൾക്ക് അനുവദിക്കപ്പെടുന്ന ഫണ്ടുകൾ സംഘടനയിലെ അംഗങ്ങളുടെ ക്ഷേമത്തിനായി വിനിയോഗിക്കാൻ മാത്രമെ അനുമതിയുള്ളു. സർവീസ് സംഘടനകൾക്ക് അനുവദിക്കുന്ന ഫണ്ടുകളും ഭൂമിയും രാഷ്ട്രീയ സംഘടനകൾക്ക് കൈമാറ്റം ചെയ്യാൻ പാടില്ലെന്ന ചട്ടം ലംഘിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേന്ദ്ര - സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷേമത്തിനായി രൂപീകരിക്കപ്പെട്ട സർവീസ് സംഘടനകൾ പാലിക്കപ്പെടേണ്ട ചട്ടങ്ങൾ ലംഘിക്കപ്പെട്ടെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് അധികൃതർ ഇരു സംഘനടകളുടെയും അംഗീകാരം റദ്ദാക്കിയത്.
സിപിഎമ്മിന് തുക കൈമാറിയത് സംബന്ധിച്ച് നൽകിയ വിശദീകരണത്തിൽ പണം ബുക്ക് വാങ്ങാൻ വിനിയോഗിച്ചുവെന്നാണ് കാണിച്ചിരിക്കുന്നത്. എന്നാൽ തൊഴിലാളി സംഘടനയുടെ ചട്ടങ്ങൾ പ്രകാരമല്ല പണം വിനിയോഗിക്കപ്പെട്ടിരിക്കുന്നത്. പണം കൈമാറ്റം ചെയ്തത് സംഘടനയുടെ തീരുമാനപ്രകാരം അല്ലെന്നും ഓഫീസ് അസിസ്റ്റന്റ് സ്വന്തം നിലയ്ക്ക് നടത്തിയതാണെന്നും വിശദീകരണത്തിൽ പറയുന്നു. ഈ പണം ഓഫീസ് അസിസ്റ്റന്റിന്റെ സാലറിയിലിൽ നിന്നും ഈടാക്കുമെന്നും വിശദീകരണത്തിൽ വ്യക്തമാക്കിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ