- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്കുള്ള വണ്ടിക്ക് 'അമൃത' എന്ന പേരിട്ടപ്പോൾ തീവണ്ടിക്ക് ആളുകളുടെ പേരു പാടില്ലെന്ന് പറഞ്ഞ് ഹർജി; ഇട്ടത് 'അമൃതാനന്ദമയീ ദേവി' എന്നല്ലല്ലോ എന്ന കോടതി ചോദ്യം തുണച്ചു; അങ്ങനെ അമൃത ഇപ്പോഴും ഓടുന്നു; പുതിയ ട്രെയിൻ എത്തുമ്പോൾ രാജഗോപാൽ ഓർത്തെടുക്കുന്നത് പഴയ തീവണ്ടി കഥ; വന്ദേഭാരത് വെസ്റ്റ് കോസ്റ്റിലൂടെ മാത്രം പായുന്നതിലും പരിഭവം
തിരുവനന്തപുരം: കേരളത്തിന് റെയിൽവേയുടെ സുവർണ്ണകാലം ഒ രാജഗോപാൽ കേന്ദ്ര മന്ത്രിയായിരുന്നപ്പോഴെന്നാണ് വിലയിരുത്തൽ. അന്ന് മുഖ്യമന്ത്രിയായിരുന്ന എകെ ആന്റണി രാജഗോപാലിനെ കേരളത്തിന്റെ ഡൽഹിയിലെ അംബാസിഡറെന്നും വിളിച്ചു. അതിന് ശേഷം വീണ്ടും കേരളത്തിന്റെ റെയിൽ വികസനത്തിൽ നാഴികകല്ലായി മാറുകയാണ് വന്ദേഭാരത്. അപ്പോൾ രാജഗോപാൽ ഓർത്തെടുക്കുന്നത് അമൃതാ എക്സ്‌പ്രസിന് പിന്നിലെ അട്ടിമറിക്കഥയാണ്. ഒപ്പം വന്ദേഭാരത് പാലക്കാടിനെ മറക്കുന്നുവെന്ന പരിഭവവും.
പാലക്കാട് നിന്ന് തിരുവനന്തപുരത്തെത്തി ബിജെപിയുടെ സംസ്ഥാന രാഷ്ട്രീയത്തിൽ നിറഞ്ഞ നേതാവാണ് രാജഗോപാൽ. കേരള നിയമസഭയിൽ താമരചിഹ്നത്തിൽ ജയിച്ചെത്തിയ ഏക എംഎൽഎ. വന്ദേഭാരത് തീവണ്ടി എത്തുമ്പോൾ രാജഗോപാലും സന്തോഷത്തിലാണ്. പക്ഷേ തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്ക് തീവണ്ടി ഓടിക്കാത്തതിന്റെ പരിഭവവും ഉണ്ട്. ഇത് മറച്ചു വയ്ക്കാതെയാണ് മുതിർന്ന ബിജെപി നേതാവ് വന്ദേഭാരതിനെ സ്വാഗതം ചെയ്യുന്നത്. വെസ്റ്റ് കോസ്റ്റിലൂടെയാണ് യാത്ര. പാലക്കാട് ഒഴിവാക്കപ്പെടുന്നു. എന്നാലും കേരളത്തിലെ റെയിൽവേ വികസനത്തിൽ കുതിച്ചു ചാട്ടമായി മാറും-ഇതാണ് മുൻ കേന്ദ്ര റയിൽവേ സഹമന്ത്രിയുടെ പ്രതികരണം.
തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്കുള്ള ആദ്യ തീവണ്ടിയായിരുന്നു അമൃത. അത് തുടങ്ങിയപ്പോൾ ചിലർ കോടതിയിൽ പോയി. വ്യക്തിയുടെ പേര് ചട്ടപ്രകാരം തീവണ്ടിക്ക് ഇടാൻ പാടില്ല. ഇതുയർത്തിയാണ് കോടതിയിൽ പോയത്. മാതാ അമൃതാനന്ദമയീ ദേവിയെന്നൊന്നും തീവണ്ടിക്ക് പേരിട്ടില്ലല്ലോ എന്നായിരുന്നു കോടതിയുടെ ചോദ്യം. അമൃതാ എന്ന വാക്കിനുള്ള മഹത്വവും ഉയർത്തിക്കാട്ടി. അങ്ങനെ ആ കേസിൽ നിന്നും രക്ഷപ്പെട്ടു. തീവണ്ടി ഇപ്പോഴും ഓടുന്നു-ഇതായിരുന്നു രാജഗോപാലിന്റെ ഇന്നത്തെ പ്രതികരണം.
കേരളവും വിദൂര സംസ്ഥാനങ്ങളുമായി ബന്ധിപ്പിച്ച് 12 ട്രെയിനുകളാണ് രാജഗോപാൽ മന്ത്രിയായിരുന്ന കാലത്ത് കേരളത്തിന് ലഭിച്ചത്. കൂടാതെ ഇന്ത്യൻ റെയിൽവേയുടെ കേരളത്തിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ പ്രത്യേകം ഒരു ചീഫ് എഞ്ചിനീയറെ ചുമതലപ്പെടുത്തി. കേരളത്തിൽ പാത ഇരട്ടിപ്പിക്കൽ സാധ്യമാക്കിയതും ഇക്കാലയളവിലാണ്. വളരെ കുറഞ്ഞ സമയത്തിൽ കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകൾ നവീകരിച്ച് യാത്രക്കാർക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തി. മറ്റു സ്റ്റേഷനുകളുടെ വികസനത്തിന് പ്രധാന സ്റ്റേഷനുകളെ മാതൃകയാക്കി. 16 പുതിയ സ്റ്റേഷനുകൾ പണികഴിപ്പിക്കപ്പെട്ടു. 20 സ്റ്റേഷനുകളിൽ പുതിയ പ്ലാറ്റ് ഫോമുകൾ നിർമ്മിച്ചു. പ്രധാന സ്റ്റേഷനുകളിൽ അനേകം ഫുട്ട് ഓവർ ബ്രിഡ്ജുകളും പൂർത്തിയാക്കി.
രാജഗോപാൽ റെയിൽവേ മന്ത്രിയായിരുന്ന കാലത്താണ് റെയിൽവേ ലൈനുകൾ വൈദ്യുതീകരിക്കുന്ന പദ്ധതിക്ക് തുടക്കമിട്ടത്. ഈറോഡ് എറണാകുളം, കോട്ടയം, ആലപ്പുഴ വഴികളിലൂടെ തിരുവനന്തപുരം ആയിരുന്നു ആദ്യ പാദം. വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിനെ മെയിൻ റെയിൽവേ ലൈനുമായി ബന്ധിപ്പിക്കുന്ന റെയിൽവേ ലൈനിന്റെ പ്രാഥമിക സർവെയ്ക്കുള്ള തുക ബജറ്റിൽ വകയിരുത്തിയതും അദ്ദേഹമാണ്. തിരുവനന്തപുരം റെയിൽവേസ്റ്റേഷൻ ആധുനീകരിക്കുകയും രണ്ടാമതൊരു പ്രവേശന കവാടവും പാർക്കിങ് സ്ഥലവും ബുക്കിങ് കൗണ്ടറുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുകയും ചെയ്തു.
തിരുവനന്തപുരത്തേയ്ക്ക് കൂടുത്തൽ ട്രെയിനുകൾ കൊണ്ടുവരാൻ കൊച്ചുവേളിയിൽ ഒരു പുതിയ ടെർമിനൽ സ്ഥാപിച്ചു. പുതിയതായി 4 ഉം 5 ഉം പ്ലാറ്റ്‌ഫോമുകൾ തിരുവനന്തപുരം സെൻട്രൽ ടെർമിനലിൽ സജ്ജമാക്കി. കൂടുതൽ ട്രെയിനുകളെ ഉൾക്കൊള്ളാൻ പാകത്തിൽ റെയിൽവേ യാർഡ് വിപുലമാക്കി. തിരുവനന്തപുരത്തെ അ ക്യാറ്റഗറി റെയിൽവേ സ്റ്റേഷനാക്കാൻ ആധുനീകരിച്ച സ്ലാബ് സിസ്റ്റം ഏർപ്പെടുത്തി. തിരുവനന്തപുരത്ത് റൂട്ട് റിലെ സിസ്റ്റം ഏർപ്പെടുത്തി. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമുകൾ ഉയർത്തി.
ജനപ്രിയ റ്റ്രെയിനുകളായ ജനശതാബ്ദി, അമൃത എക്സ്‌പ്രസ്, തിരുവനന്തപുരത്തുനിന്നും നാഗർകോവിൽ വഴി എഗ്മൂറിലെക്കുള്ള അനന്തപുരി എക്സ്‌പ്രസ്, തിരുവനന്തപുരത്തുനിന്നും ആലപ്പുഴ വഴി മംഗലാപുരത്തെക്കുള്ള മാവേലി എക്സ്‌പ്രസ്, കൊൽക്കത്തയിലേക്കുള്ള ഗുരുദേവ് എക്സ്‌പ്രസ് എന്നിവ എത്തുന്നത് രാജഗോപാലിന്റെ മന്ത്രിപദവി കാലത്താണ്.
മറുനാടന് മലയാളി ബ്യൂറോ