തിരുവനന്തപുരം: സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ ആദ്യദിനം റേഷൻ കടകളിലെ ഇ പോസ് മെഷീൻ തകരാറിലായതോടെ ആയിരക്കണക്കിനു പേർ കിറ്റ് വാങ്ങാനാകാതെ മടങ്ങുമ്പോൾ താളം തെറ്റുന്നത് ഓണകിറ്റ് വിതരണം. ഇന്നലെ ഉച്ചയ്ക്കു 11.55നു സംഭവിച്ച തകരാർ വൈകിട്ട് ആറു മണിക്കു ശേഷമാണു പരിഹരിച്ചത്. അതുകൊണ്ട് തന്നെ സമയ ക്രമം ആകെ തെറ്റും. നാഷനൽ ഇൻഫർമാറ്റിക്‌സ് സെന്ററിന്റെ(എൻഐസി) ഹൈദരാബാദിലെ സെർവറുമായി ബന്ധപ്പെട്ട സാങ്കേതികപ്രശ്‌നമാണെന്ന് പ്രതിസന്ധിക്ക് കാരണം എന്നാണ് വിശദീകരണം.

കാർഡ് ഉടമ വിരൽ പതിപ്പിക്കുമ്പോൾ ബയോമെട്രിക് വിവരങ്ങൾ പരിശോധിച്ച് റേഷൻ നൽകാനുള്ള സംവിധാനമാണു പ്രവർത്തിക്കാതിരുന്നത്. ചില കടകളിൽ കാർഡ് ഉടമയുടെ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ നമ്പറിലേക്ക് വരുന്ന ഒടിപി ഉപയോഗിച്ച് റേഷനും കിറ്റും നൽകാനായി. എന്നാൽ, പല കാർഡ് ഉടമകളും ഈ മൊബൈൽ നമ്പർ ഉള്ള ഫോൺ കൈവശം കരുതാതിരുന്നതിനാൽ ഇതും സാധിക്കാതെ വന്നു. ഇതെല്ലാം പ്രതിസന്ധിയായി. കിറ്റിനായി സ്വന്തം റേഷൻ കടയിലാണ് പോകേണ്ടത്. എന്നിട്ടും ഈ പ്രതിസന്ധി ഉണ്ടായി.

കൂടുതൽ ഇടപാടുകൾ നടന്നതോടെ സെർവറിന്റെ ശേഷിയെ ബാധിച്ചതാണു കിറ്റ് വിതരണം തടസ്സപ്പെടാൻ കാരണമെന്നു പറയുന്നു. അങ്ങനെ വന്നാൽ ഇനിയുള്ള ദിവസങ്ങളിലും ഇതുണ്ടാകും. മുൻപും കിറ്റ് വിതരണ സമയങ്ങളിൽ ഇപോസ് സംവിധാനം പ്രവർത്തനരഹിതമായിട്ടുണ്ട്. രാവിലെ 8 മുതൽ ഉച്ചയ്ക്കു 12 വരെയും വൈകിട്ട് 4 മുതൽ 7 വരെയും ആണ് റേഷൻ കടകളുടെ പ്രവർത്തനസമയം. ഈ സമയത്തു മാത്രമേ ഇപോസ് മെഷീനിൽ രേഖപ്പെടുത്തി കിറ്റ് വിതരണം ചെയ്യാനാകൂ. സർവ്വറിലെ പ്രശ്‌നങ്ങൾ തുടർന്നാൽ കിറ്റ് വിതരണം അട്ടിമറിക്കപ്പെടും.

സാങ്കേതികത്തകരാറിന് ഇടയിലും ആദ്യദിനം വിതരണം ചെയ്തത് നാൽപത്തിയാറായിരത്തിലേറെ ഓണക്കിറ്റുകളാണ്. മുൻഗണന വിഭാഗത്തിലെ മഞ്ഞ കാർഡ് ഉടമകൾക്കു മാത്രമാണു വിതരണം എന്ന് അറിയിച്ചിരുന്നെങ്കിലും മറ്റ് കാർഡ് ഉടമകൾക്കും നൽകി. ആകെ നൽകിയ 46,087 കിറ്റുകളിൽ മഞ്ഞ 41,248, പിങ്ക് 4389, നീല 264, വെള്ള 186 എന്നിങ്ങനെയാണു കാർഡ് തിരിച്ചുള്ള എണ്ണം.

ഏറ്റവും കൂടുതൽ പേർ കിറ്റ് വാങ്ങിയത് തൃശൂർ ജില്ലയിലാണ്. അയ്യായിരത്തോളം. മലപ്പുറം ജില്ലയിൽ 4685 പേരും തിരുവനന്തപുരം ജില്ലയിൽ 4343 പേരും കിറ്റ് വാങ്ങി. ഇന്നു മഞ്ഞ കാർഡ് ഉടമകൾക്കാണു വിതരണം. തുണിസഞ്ചിയും 13 ഇനങ്ങളും അടങ്ങിയതാണു കിറ്റ്. ജൂലൈ മാസത്തെ റേഷൻ വിതരണം നടത്തിയതിന് സർക്കാർ ഇനിയും റേഷൻ വ്യാപാരികൾക്കു കമ്മിഷൻ നൽകിയില്ല.

ഓണം പ്രമാണിച്ച് ഓഗസ്റ്റിലെ കമ്മിഷൻ മുൻകൂർ നൽകണമെന്ന് ആവശ്യപ്പെട്ട് റേഷൻ വ്യാപാരികളുടെ സംഘടനകൾ രംഗത്തെത്തി. ഇതു സംബന്ധിച്ച് ഓൾ കേരള റീട്ടെയ്ൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ മുഖ്യമന്ത്രിക്കും ഭക്ഷ്യമന്ത്രിക്കും മറ്റും നിവേദനം നൽകി. കോടതിയെ സമീപിക്കുന്നതും പരിഗണനയിലാണ്. ഓഗസ്റ്റ് 23നാണ് കിറ്റ് വിതരണം തുടങ്ങിയത്. 23, 24 തീയതികളിൽ മഞ്ഞ കാർഡ് ഉടമകൾക്കായിരിക്കും കിറ്റ് വിതരണം ചെയ്യുക എന്നാണ് പ്രഖ്യാപനം. 25,26, 27 തീയതികളിൽ പിങ്ക് കാർഡ് ഉടമകൾക്കും 29,30,31 തീയതികളിൽ നീല നിറ കാർഡുള്ളവർക്ക് ഓണക്കിറ്റ് വിതരണം ചെയ്യും.സെപ്റ്റംബർ 1 മുതൽ 3 വരെ വെള്ളക്കാർഡ് ഉടമകൾക്ക് കിറ്റുകൾ നൽകും.

നിശ്ചിത തീയതികളിൽ ഓണക്കിറ്റ് വാങ്ങാത്തവർക്ക് സെപ്റ്റംബർ 4 മുതൽ 7 വരെ വാങ്ങാൻ അവസരമുണ്ടായിരിക്കും. അതിന് ശേഷം ഓണക്കിറ്റ് വിതരണം ഉണ്ടാവില്ല. തുണി സഞ്ചി ഉൾപ്പടെ 14 ഇനങ്ങളാണ് വിതരണം ചെയ്യുന്നത്. വെളിച്ചെണ്ണ പ്രത്യേകമാകും വിതരണം ചെയ്യുക. നേന്ത്രക്കായ ചിപ്സും ശർക്കരവരട്ടിയും ഉൾപ്പെടെ ആകെ 42,63,341 പായ്ക്കറ്റുകളാണ് കരാർ പ്രകാരം കുടുംബശ്രീ പ്രവർത്തകർ തയ്യാറാക്കുന്നത്. സംസ്ഥാന വ്യാപകമായി വിവിധ യൂണിറ്റുകളായി തിരിച്ചാണ് നിർമ്മാണവും പാക്കിങ്ങും നടന്നത്.