ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനെതിരെ ഉയർന്ന ലൈംഗികാരോപണം അന്വേഷിക്കാൻ ഏഴംഗ സമിതി നിയോഗിച്ച് ഒളിമ്പിക് അസോസിയേഷൻ. മേരി കോം, ഡോല ബാനർജി, അളകനന്ദ അശോക്, യോഗേശ്വർ ദത്ത്, സഹദേവ് യാദവ് എന്നിവരും രണ്ട് അഭിഭാഷകരും സമിതിയിലുണ്ട്. ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി.ഉഷയ്ക്ക് ഗുസ്തി താരങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഒളിംപിക്‌സ് അസോസിയേഷൻ വെള്ളിയാഴ്ച വൈകിട്ട് അടിയന്തര യോഗം ചേർന്നിരുന്നു.

ഗുസ്തി താരങ്ങൾ കായികമന്ത്രി അനുരാഗ് ഠാക്കൂറുമായി ഇന്നു വീണ്ടും കൂടിക്കാഴ്ച നടത്തി. ഫെഡറേഷൻ പ്രസിഡന്റ് രാജിവയ്ക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ. വ്യാഴാഴ്ച രാത്രി മന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്ന് വെള്ളിയാഴ്ച വൈകിട്ട് വീണ്ടും ചർച്ച നടത്തുകയായിരുന്നു. ഇതിനിടെ, താൻ സംസാരിക്കാൻ തുടങ്ങിയാൽ സുനാമിയുണ്ടാകുമെന്ന് ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൻ ശരൺ സിങ് ഉത്തർ പ്രദേശിൽ പ്രതികരിച്ചു.

അതേ സമയം ഫെഡറേഷൻ പിരിച്ചുവിടണമെന്നതടക്കമുള്ള ആവശ്യം അംഗീകരിക്കും വരെ സമരം ശക്തമായി തുടരുമെന്നാണ് ഗുസ്തി താരങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. കായിക മന്ത്രാലയം പ്രതിഷേധക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഫെഡറേഷൻ പിരിച്ചുവിടണമെന്നതടക്കമുള്ള ആവശ്യം അംഗീകരിക്കും വരെ സമരം ശക്തമായി തുടരുമെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി. ബജ്രംഗ് പുനിയ, സാക്ഷി മാലിക്, വിനേശ് ഫോഗട്ട് തുടങ്ങിയ പ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുത്തത്.

ചർച്ചയിൽ തൃപ്തികരമായ ഒരു മറുപടിയും ലഭിച്ചില്ലെന്ന് താരങ്ങൾ അറിയിച്ചു. ബിജെപി എംപി ബ്രിജ് ഭൂഷൺ അധ്യക്ഷ സ്ഥാനം രാജി വെക്കണം. അതിനൊപ്പം കേസെടുത്ത് അറസ്റ്റ് ചെയ്യുകയും, ഫെഡറേഷൻ പിരിച്ചുവിടുകയും ചെയ്യണമെന്നാണ് പ്രതിഷേധക്കാർ മുന്നോട്ട് വെക്കുന്ന ആവശ്യം. കേരളത്തിൽ നിന്നടക്കം സമരത്തിന് പിന്തുണ ലഭിച്ചതായും താരങ്ങൾ അറിയിച്ചു.

ബ്രിജ് ഭൂഷണും പരിശീലകരടക്കമുള്ളവരും വനിതാ താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തു എന്നതടക്കമുള്ള ആരോപണങ്ങളുയർത്തി ഒളിമ്പിക്‌സ് മെഡൽ ജേതാവ് സാക്ഷി മാലിക്, വിനേഷ് ഫോഗട്, ബജരംഗ് പുനിയ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് റസ്ലിങ് താരങ്ങൾ രംഗത്തെത്തിയത്. ഫെഡറേഷൻ അധ്യക്ഷനായ ബ്രിജ് ഭൂഷൺ ശരൺസിങ് ഉത്തർപ്രദേശിലെ കൈസർഗഞ്ച് നിന്നുള്ള ബിജെപി എംപിയാണ്.

വെള്ളിയാഴ്ച വൈകിട്ട് നാലിന് വാർത്താസമ്മേളനം നടത്തി ആരോപണങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പുറത്തുവിടുമെന്നായിരുന്നു ബ്രിജ് ഭൂഷൺ പ്രഖ്യാപിച്ചത്. ഉച്ചയ്ക്ക് 12 മണിക്ക് മാധ്യമങ്ങളെ കാണുമെന്നാണ് ബ്രിജ് ഭൂഷൺ ആദ്യം അറിയിച്ചിരുന്നത്. പിന്നീട് വൈകിട്ട് നാലിലേക്ക് മാറ്റുകയായിരുന്നു.

എന്നാൽ മാധ്യമങ്ങളോടു സംസാരിക്കേണ്ടെന്നു കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂർ നിർദ്ദേശം നൽകി. ഇപ്പോൾ പ്രതികരിക്കുന്നത് കൂടുതൽ കുഴപ്പങ്ങളുണ്ടാക്കുകയേ ഉള്ളൂവെന്നും അനുരാഗ് പറഞ്ഞു. ഇതോടെ ഞായറാഴ്ചത്തേക്ക് വാർത്താ സമ്മേളനം മാറ്റി. ഞായറാഴ്ച ചേരുന്ന യോഗത്തിന് ശേഷമായിരിക്കും പ്രതികരണം. വിവാദവുമായി ബന്ധപ്പെട്ട വിശദീകരണം കായിക മന്ത്രാലയത്തിന് നൽകിയിട്ടുണ്ടെന്ന് ബ്രിജ് ഭൂഷണിന്റെ മകൻ പ്രതീക് ഭൂഷൻ അറിയിച്ചു.

പ്രതിഷേധത്തിനു പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന ഉൾപ്പെടെ പുറത്തു കൊണ്ടുവരുമെന്നാണ് ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷൺ പ്രഖ്യാപിച്ചത്. ബ്രിജ് ഭൂഷണും പരിശീലകരും വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്നും തനിക്കു നേരേ വധഭീഷണി മുഴക്കിയെന്നുമുള്ള വെളിപ്പെടുത്തലുമായി ഒളിംപ്യൻ വിനേഷ് ഫോഗട്ട് രംഗത്തെത്തിയിരുന്നു.

ജന്തർ മന്തറിൽ താരങ്ങൾ നടത്തിയ പ്രതിഷേധ ധർണയിലാണ് ഇരുപത്തെട്ടുകാരി വിനേഷ് വെളിപ്പെടുത്തൽ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ട് സിങ്ങിനെ പുറത്താക്കണമെന്നും മാധ്യമങ്ങൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ട് വിനേഷ് ആവശ്യപ്പെട്ടിരുന്നു.