പാലക്കാട്: ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിന്റെ അമ്മയ്ക്കും സഹോദരി സരസുവിനും ഓണക്കോടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തുമ്പോൾ അതും സർക്കാരിനുള്ള പരോക്ഷ വിമർശനം. ചിണ്ടക്കി പഴയൂരിലെ വീട്ടിലെത്തിയ ഗവർണറെ നിറകണ്ണുകളോടെയാണ് മധുവിന്റെ അമ്മ മല്ലിയും സഹോദരങ്ങളായ സരസുവും ചന്ദ്രികയും സ്വീകരിച്ചത്. സാക്ഷികളെല്ലാം കൂറുമാറുകായണ്. പ്രതികളുടെ സിപിഎം ബന്ധവും ചർച്ചകളിലുണ്ട്. ഇതിനിടെയാണ് ഗവർണ്ണറുടെ വരവ്.

ഭയത്തോടെയാണ് വീട്ടിൽ താമസിക്കുന്നതെന്നു മല്ലി ഗവർണറോടു പറഞ്ഞു. പ്രതികളുടെ ഭീഷണിയുണ്ട്. ആരെങ്കിലും ഉപദ്രവിക്കാനെത്തിയാൽ ഫോൺ വിളിച്ചു പൊലീസിനെ അറിയിക്കാൻ പോലും മാർഗമില്ല. വീട്ടിലും പരിസരത്തും റേഞ്ച് ഇല്ലെന്നും കുടുംബാംഗങ്ങൾ ഗവർണറോട് പറഞ്ഞു. പബ്ലിക് പ്രോസിക്യൂട്ടർക്ക് സർക്കാർ ഫീസ് നൽകുന്നില്ലെന്നും പ്രതികൾ കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും കുടുംബം ആരോപിച്ചു. ഇതിൽ സർക്കാരിനെതിരായ വിമർശനമാണ് ഒളിഞ്ഞിരിക്കുന്നത്.

മധുവിന്റെ കുടുംബത്തിനു നീതി കിട്ടുമെന്നാണു പ്രതീക്ഷയെന്നും അമ്മയും സഹോദരിയും അനുഭവിച്ച വേദനയ്ക്ക് ഒപ്പം ചേരുന്നതായും ഗവർണർ പറഞ്ഞു. കുടുംബത്തിന്റെ ആവശ്യങ്ങൾ രേഖാമൂലം നൽകാൻ നിർദ്ദേശിച്ചതായി അദ്ദേഹം പറഞ്ഞു. ഗവർണറുടെ സന്ദർശനം നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിന് ഊർജം നൽകുന്നുവെന്നു സരസു പറഞ്ഞു. ഓണാഘോഷത്തിൽ പങ്കെടുക്കാതെയാണ് ഗവർണ്ണർ പാലക്കാട് എത്തിയത്. ഓണാഘോഷത്തിനേക്കാൾ തനിക്ക് പ്രധാനം അട്ടപ്പാടിയിലെ പ്രശ്‌നമാണെന്നും ഗവർണ്ണർ വിശദീകരിച്ചു.

സർക്കാരുമായി ഭിന്നതയുള്ളതുകൊണ്ടല്ല ഓണാഘോഷത്തിൽ പങ്കെടുക്കാതെ അട്ടപ്പാടിയിൽ വന്നതെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭിന്നതയുണ്ടെന്നത് ആരോപണം മാത്രമാണ്. അട്ടപ്പാടിയിൽ കേരള ആദിവാസി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ''എന്റെ സർക്കാരാണ്. അതിനാൽ ഏതെങ്കിലും ഒരു പരിപാടിക്ക് പ്രത്യേകമായി ക്ഷണിക്കേണ്ട ആവശ്യമില്ല. 2 മാസം മുൻപു തന്നെ അഗളി കിലയിലെ സമ്മേളനത്തിൽ പങ്കെടുക്കാമെന്ന് അറിയിച്ചതാണ്'', ഗവർണർ പറഞ്ഞു.

സർവകലാശാലകളിൽ അയോഗ്യരായിട്ട് ആരെങ്കിലും വന്നിട്ടുണ്ടെങ്കിൽ അവരെ തടയേണ്ടതു തന്റെ ജോലിയാണ്. ഗവർണർ എന്ന നിലയിൽ നിയമവിരുദ്ധ കാര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നതു തുടരും. അട്ടപ്പാടിയിൽ തമ്പും ഗാന്ധിയൻ കൂട്ടായ്മയായ ഏക്താ പരിഷത്തും ചേർന്നാണ് ആദിവാസി സമ്മേളനം സംഘടിപ്പിച്ചത്. ആദിവാസികളുടെ സമത്വം, സഹകരണം, പ്രകൃതിസ്‌നേഹം എന്നിവ മറ്റുള്ളവർക്കു മാതൃകയാണെന്നു ഗവർണർ പറഞ്ഞു.

ഒന്നാം സ്വത്രന്ത്ര്യ സമരത്തിനു മുൻപ് ബ്രിട്ടിഷുകാർക്കെതിരെ സമരം ചെയ്ത് ആദ്യം തന്നെ രാജ്യസ്‌നേഹം പ്രകടിപ്പിച്ചത് ആദിവാസികളാണ്. ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മയെ ഗവർണർ പൊന്നാട അണിയിച്ച് ആദരിച്ചു. ഈ ചടങ്ങിനെത്തിയ ഗവർണ്ണർ സ്വന്തം താൽപ്പര്യ പ്രകാരമാണ് മധുവിന്റെ കുടുംബത്തെ കണ്ടത്.