- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഞ്ഞിന്റെ കുടുക്ക പൊട്ടിച്ച കാശുകൊണ്ടെടുത്ത ടിക്കറ്റ് കൊണ്ടുവന്നത് മഹാഭാഗ്യം; ഓട്ടോ ഡ്രൈവറായ അനൂപ് മലേഷ്യക്ക് ജോലിക്ക് പോകാൻ പദ്ധതിയിട്ടിരിക്കവേ ബംബർ ഭാഗ്യം; മനസ്സിലാകെ 25 കോടി ലോട്ടറി അടിച്ചതിന്റെ സന്തോഷം മാത്രമേയുള്ളൂ; ഭാവി പദ്ധതികളൊന്നും തീരുമാനിച്ചിട്ടില്ലെന്ന് അനൂപ്; പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജൻസിയിലെത്തി സന്തോഷം പങ്കിട്ടു ഭാഗ്യവാൻ
തിരുവനന്തപുരം: ഓണം ബംപറെടുക്കാൻ പണം തികയാത്തതു കൊണ്ട് കുഞ്ഞിന്റെ കുടുക്ക പൊട്ടിച്ച കാശു കൊണ്ടാണ് ടിക്കറ്റ് എടുത്തതെന്ന് വിജയിയായ അനുപ്. ശ്രീവരാഹം സ്വദേശിയായ അനൂപ് ഇന്നലെ വൈകുന്നേരമാണ് ടിക്കറ്റ് എടുത്തത്. ലോട്ടറി അടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മനസ്സിലാകെ ലോട്ടറി അടിച്ചതിന്റെ സന്തോഷം മാത്രമേയുള്ളൂ. ഭാവി പദ്ധതികളൊന്നും തീരുമാനിച്ചിട്ടില്ലെന്നും അനൂപ് കൂട്ടിച്ചേർത്തു. ഓട്ടോ ഡ്രൈവറാണ് അനൂപ്.
ഫലം വന്നപ്പോൾ ഒന്നാം സമ്മാനം തന്നെയാണോ എന്ന് സംശയമുണ്ടായിരുന്നു. ഭാര്യ നോക്കിയാണ് ഉറപ്പിച്ചത്. ശനിയാഴ്ച രാത്രി ഏഴരയ്ക്കു ശേഷമാണ് ടിക്കറ്റ് എടുത്തത്. ആദ്യം വേറൊരു ടിക്കറ്റ് എടുത്തത് തിരിച്ചുവെച്ചിട്ടാണ് സമ്മാനർഹമായ ടിക്കറ്റ് എടുത്തത്. മുൻപൊക്കെ ടിക്കറ്റ് എടുത്തിട്ടുണ്ട്. അന്ന് അയ്യായിരം രൂപ ലഭിച്ചിട്ടുണ്ട്. സന്തോഷമുണ്ട്. ഒപ്പം ടെൻഷനും. കാരണം ഇത്രയും വലിയ തുക ആദ്യമായല്ലേ കിട്ടുന്നത്. അതിന്റെ ടെൻഷനാണ് മൊത്തത്തിൽ- അനൂപ് ചിരിയോടെ പറയുന്നു. അമ്മയും ഭാര്യയും കുഞ്ഞും അടങ്ങുന്നതാണ് അനൂപിന്റെ കുടുംബം.
തുക എന്തു ചെയ്യുമെന്ന് തീരുമാനിച്ചിട്ടില്ല. ഒരുമാസത്തിനു ശേഷം ഷെഫ് ജോലിക്കായി മലേഷ്യയിലേക്ക് പോകാൻ ഇരിക്കുകയായിരുന്നു അനൂപ്. അതിനിടെയാണ് ഭാഗ്യദേവത ഇദ്ദേഹത്തെ കടാക്ഷിച്ചത്. ഓണം ബംബർ എടുക്കണമെന്ന് കരുതിയിരുന്നു. എന്നാൽ പണമില്ലാത്തതിനെ തുടർന്ന് നടന്നില്ല. ഒടുവിൽ ഇന്നലെ പണം കയ്യിൽവന്നപ്പോൾ എടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അൻപതു രൂപ കുറവുണ്ടായിരുന്നതിനാൽ ലോട്ടറി എടുക്കേണ്ട എന്നു കരുതിയിരുന്നതാണ്. പിന്നെ കുഞ്ഞിന്റെ കുടുക്ക പൊട്ടിച്ച് അതിൽനിന്നുള്ള പണം കൂടിചേർത്താണ് ലോട്ടറി എടുത്തത്. ലോട്ടറി അടിച്ചില്ലായിരുന്നെങ്കിൽ ഭാര്യ വഴക്കു പറഞ്ഞേനെ, കാരണം അഞ്ഞൂറു രൂപ മുടക്കി എടുക്കേണ്ട എന്നായിരുന്നു ഭാര്യ പറഞ്ഞത്, അനൂപ് കൂട്ടിച്ചേർത്തു.
ഒന്നാം സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റുമായി അനൂപ് പഴവങ്ങാടി ലോട്ടറി ഏജൻസിയിൽ എത്തിയിട്ടുണ്ട്. ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് നികുതികൾ കഴിച്ച് കിട്ടുക 15.75 കോടിയാണ്. ടിക്കറ്റിന് പിറകിൽ ഒപ്പിടുന്നയാളിനാണ് സമ്മാനത്തിന് അർഹത. അഞ്ചുകോടി രൂപയാണ് രണ്ടാംസമ്മാനം. മൂന്നാംസമ്മാനം ഒരു കോടി രൂപ വീതം പത്തുപേർക്ക്. 90 പേർക്ക് നാലാംസമ്മാനമായി ഒരുലക്ഷം രൂപ വീതവും ലഭിക്കും. ആകെ 126 കോടി രൂപയാണ് ഇത്തവണ സമ്മാനമായി നൽകുന്നത്.
66.5 ലക്ഷം ടിക്കറ്റുകളാണ് ശനിയാഴ്ച വൈകുന്നേരംവരെ വിറ്റത്. കഴിഞ്ഞവർഷം ഓണത്തിന് വിറ്റത് 54 ലക്ഷം ടിക്കറ്റായിരുന്നു. ഇത്തവണ ആദ്യം 65 ലക്ഷം അച്ചടിച്ചു. ആവശ്യക്കാർ ഏറിയതിനാൽ രണ്ടരലക്ഷംകൂടി അച്ചടിച്ചു. ഞായറാഴ്ച ഉച്ചവരെ ടിക്കറ്റുകൾ വിറ്റിരുന്നു. 90 ലക്ഷം ടിക്കറ്റുകൾവരെ അച്ചടിക്കാൻ ഇത്തവണ ഭാഗ്യക്കുറിവകുപ്പിന് സർക്കാർ അനുമതിനൽകിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ