ആലപ്പുഴ: ജനപ്രതിരോധ യാത്രയിലെ വിവാദങ്ങൾക്ക് ശമനമില്ല. ആലപ്പുഴയിൽ അത് വിശ്വാസ വിവാദമാകുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയിൽ ഓണാട്ടുകരയിലെ ജീവത എഴുന്നള്ളത്തിനെ അപമാനിച്ചുവെന്നാണ് ആക്ഷേപം. ആലപ്പുഴ ജില്ലിയലെ ഓണാട്ടുകര പ്രദേശത്തും മധ്യതിരുവിതാംകൂറിലും ദേവീക്ഷേത്രങ്ങളിലെ ഉത്സവത്തോടനുബന്ധിച്ച് ദേശ പരദേവത തട്ടകത്തുള്ള ഭവനങ്ങളിൽ ആഘോഷപൂർവം എത്തുന്ന ദേവ വാഹനമാണ് ജീവത. എന്നാൽ ഇവിടെ ജീവത എഴുന്നള്ളത്തിനെ അപ്പാടെ അപമാനിക്കുകയാണ് സഖാക്കൾ ചെയ്തിരിക്കുന്നതെന്ന് ഓണാട്ടുകര എഴുന്നള്ളത്ത് സംരക്ഷണ സമിതി ഭാരവാഹി മറുനാടൻ മലയാളിയോട് പറഞ്ഞു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ആലപ്പുഴ ചെങ്ങന്നൂരിൽ നടന്ന പരിപാടിയിലാണ് ഈ സംഭവം.

അതേസമയം ജനകീയ പ്രതിരോധ ജാഥ ഇന്ന് കൊല്ലം ജില്ലയിൽ എത്തിനിൽക്കുകയാണ്. 16 നു ജില്ലയിലെ പര്യടനം പൂർത്തിയാകും. ഇന്നു വൈകിട്ട് പത്തനാപുരം വഴി ജില്ലയിൽ പ്രവേശിക്കുന്ന ജാഥയ്ക്ക് 4 നു പത്തനാപുരം ടൗൺ, 5 നു പുനലൂർ എന്നിവിടങ്ങളിൽ സ്വീകരണം നൽകും. 15 നു 10 നു കൊട്ടാരക്കര ടൗൺ, 11 നു ശാസ്താംകോട്ട, 3 നു കരുനാഗപ്പള്ളി, 4 നു ചവറ ടൈറ്റാനിയം മൈതാനം, 5 നു കൊല്ലം കന്റോൺമെന്റ് മൈതാനം എന്നിവിടങ്ങളിലാണു സ്വീകരണം. 16 നു 10 നു കുണ്ടറ മുക്കട, 11 നു ചാത്തന്നൂർ ടൗൺ, 3 നു കടയ്ക്കൽ എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കും. നാളെയും 16 നും രാവിലെ 8.30 നു പൗരപ്രമുഖരുമായി എം.വി ഗോവിന്ദൻ ചർച്ച നടത്തും.

എന്താണ് ജീവത എഴുന്നള്ളത്ത് ?

അമ്മദൈവപാരമ്പര്യം പിന്തുടരുന്ന പ്രാദേശികക്ഷേത്രങ്ങളിൽ കാർഷിക വിഭവങ്ങൾ നിരത്തിയ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വരുംനാളുകളിലെ വിളവുകൾ പൊലിക്കുവാൻ അനുഗ്രഹിക്കുന്നതിനാണ് ജിവത എഴുന്നള്ളത്ത്. ദേവിയെ ആവാഹിച്ചിരുത്തിയ ജീവത രണ്ടുബ്രാഹ്‌മണർ ചേർന്ന് തോളിലേറ്റി വൈവിധ്യമാർന്ന താളമേളങ്ങളുടെ അകമ്പടിയിൽ മെയ്വഴക്കത്തോടെ ജീവത ചലിപ്പിച്ചുകൊണ്ട് ചുവടുവയ്ക്കുന്ന അനുഷ്ഠാന നൃത്തമാണിത്. രൂപഘടനയിലും താളങ്ങളുടെയും ചുവടുകളുടെയും വൈവിധ്യത്തിലും പ്രകടമാകുന്ന പ്രാദേശികവ്യത്യാസങ്ങൾ നൃത്തശൈലിയിൽ രാമപുരംശൈലി, കാരാഴ്മ ശൈലി, ചെട്ടികുളങ്ങരശൈലി എന്നിങ്ങനെ മൂന്നു ദേശഭേദങ്ങൾ സൃഷ്ടിച്ചു. മകരം മുതൽ മേടം വരെയാണ് ജീവതക്കാലം. ഇടവം ഒന്നോടുകൂടി ഓണാട്ടുകരയിൽ ഇതവസാനിക്കും.

കുഞ്ചൻനമ്പ്യാരുടെ തുള്ളൽ പാട്ടുകളിൽ പരാമർശിക്കപ്പെട്ട പടയണിയിലെ അമ്പലവും വിളക്കും എന്ന വിനോദ നാടകത്തിൽ ജീവതനൃത്തത്തിന്റെ പ്രാഗ്രൂപം ദൃശ്യമാണ്. ആര്യാധിനിവേശത്തെ തുടർന്ന് കാവുകളിൽ കുടിയിരുന്ന അമ്മദൈവങ്ങളെ അമ്പലം പണിത് പ്രതിഷ്ഠിക്കുന്നതിനായി കൊണ്ടുവരുന്നത് ജീവതയിലേറ്റിയാണ്. പന്തളത്തിനടുത്തുള്ള കരമ്പാല പുത്തൻകാവ് ക്ഷേത്രത്തിൽ അഞ്ചുവർഷത്തെ ഇടവേളകളിൽ നടക്കുന്ന അടവിയുത്സവത്തിൽ അമ്പലവും വിളക്കും ഇപ്പോഴും കളിച്ചുവരുന്നു. പതിനെട്ടാംനൂറ്റാണ്ടിന്റെ രണ്ടാംപാദത്തിനും നാലാംപാദത്തിനും മധ്യേ കായംകുളവും വേണാടും യുദ്ധങ്ങൾ നടന്നുവരവേ കായംകുളം രാജാവ് കൊടുങ്ങല്ലൂർ ഭഗവതിയുടെ അനുഗ്രഹത്തിനായി രണ്ടു സേവകരെ ഭജനം ഇരുത്തി. ഇവർ ദേവീചൈതന്യം ആവാഹിച്ച് ചെട്ടികുളങ്ങരയിലേക്കും രാമപുരത്തേക്കും കൊണ്ടുവന്നു. ഈ വരവാണ് ജീവത എഴുന്നെള്ളത്തിനു തുടക്കമായതെന്ന് ദേശപുരാവൃത്തം. മൂന്നുനൂറ്റാണ്ടു പഴക്കം അവകാശപ്പെടാവുന്ന ജീവതനൃത്തത്തിന് കാരാഴ്മ മേഖലയിൽ മറ്റൊരുപുരാവൃത്തമാണ്. തൃശൂരിൽനിന്നും മണ്ണടിക്കാവിലെത്തിയ ബ്രാഹ്‌മണൻ അതിശക്തമായ ചൈതന്യം കണ്ട് ഭഗവതിയുടെ വിഗ്രഹം കൈക്കലാക്കി മടങ്ങും വഴി കാരാഴ്മയിലെത്തി. യാത്രാക്ഷീണം തീർക്കാൻ ഓലക്കുടക്കീഴിൽ വിഗ്രഹം വച്ച് ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങി. തിരികെ കയറിവന്ന ബ്രാഹ്‌മണൻ തുള്ളിയാടുന്ന കുടക്കീഴിൽ ഇളക്കിമില്ലാതെ കണ്ട വിഗ്രഹത്തെ അവിടത്തന്നെ പ്രതിഷ്ഠിച്ചു. അങ്ങനെ ജീവത നൃത്തത്തോടൊപ്പം കുടതുള്ളലും സ്ഥാനം പിടിച്ചു.

പല്ലക്കിനു സമാനമായ ജീവത രണ്ടുതരത്തിലുണ്ട്. കെട്ടുജീവതയും പലകജീവത എന്നു വിളിക്കപ്പെടുന്ന ഉറജീവതയും. കെട്ടുജീവതകളിൽ എഴുന്നെള്ളത്തിനുമുമ്പ് തണ്ടിൽ ഉറപ്പിച്ച ജീവതയെ അലങ്കാരവസ്തുക്കൾകൊണ്ട് കെട്ടിയുറപ്പിക്കുന്നു. പീഠപ്പലകയും കൂടാരവും കോലവും ജീവതയുടെ പ്രധാന ഭാഗങ്ങൾ. ഇവയുടെ അലങ്കാരത്തിൽ വെളുപ്പിനാണ് പ്രാധാന്യം. കോലം, മുഖപ്പറ്റ്, ചുറ്റുപുടവ, ചാർത്തുപുടവ, കണ്ണാടിപ്പുടവ, കണ്ണാടി എന്നിവകൊണ്ട് അലങ്കരിക്കുന്നു. പച്ചരിപ്പൊടി കുറുക്കിയ പശയിൽ മുക്കിയുണക്കിയ കണ്ണാടിപ്പുടവ ഞൊറിഞ്ഞ് കോലത്തിന്റെ വാരിയിൽ കെട്ടിയുറപ്പിക്കുന്നു.കോലത്തിൽ വിശറിപൊലെ വിടർന്നു നിൽക്കുന്നത് കണ്ണാടിപ്പുടവ. കോലത്തിന്റെ പിന്നിലെ കൂടാരം പുറകുമറ, പെട്ടിമറ എന്നിവകൊണ്ടും അലങ്കരിക്കുന്നതോടെ കെട്ടുജീവത പൂർണമാവുന്നു. മുഖപ്പറ്റിൽ ചന്ദ്രലക്ഷ്മിയും ഗജലക്ഷ്മിയും വ്യാളീമുഖവും നാഗപത്തികളും സൂക്ഷ്മതയോടെ ആലേഖനം ചെയ്തിരിക്കുന്നു. ഗജലക്ഷ്മിക്കുതാഴെ കട്ടിളപ്പടിയുടെ ഇരുവശവുമായി ദ്വാരപാലകരും ദേവവാദ്യസംഘവുമൊക്കെയുണ്ട്. എഴുന്നള്ളത്തിനുള്ള ശീവേലി വിഗ്രഹം ഉറപ്പിക്കാനും സംവിധാനമുണ്ട്. ശ്രീകോവിലിന്റെ എല്ലാ കാഴ്ചവട്ടങ്ങളും ഇവിടെ ചേർത്തുവെച്ചിരിക്കുന്നു. ഇന്ന് ഏറെ പ്രചാരം പലക ജീവതയ്ക്കാണ്. കെട്ടുജീവതയെപ്പോലെ ഓരോ എഴുന്നെള്ളത്തിനും ഇതു കെട്ടിയലങ്കരിക്കുകയല്ല, തണ്ടിൽ ഉറപ്പിച്ചിരിക്കുന്ന കൂടാരവും പലകകൊണ്ടു നിർമ്മിച്ച കോലവും ചകലാസ്സുതുണിയിൽ അലങ്കാരപ്പണികൾകൊണ്ടു മനോഹരമാക്കിയ ഉറ അണിയിക്കുകയാണു ചെയ്യുന്നത്. ചുവപ്പിനാണ് ഉറജീവതയിൽ പ്രാധാന്യം.

ജീവതകളിയുടെ താളങ്ങളും ചുവടുകളും നൃത്തശൈലിയും ജീവത ചലിപ്പിക്കലും അടിസ്ഥാനപ്പെടുത്തി കിഴക്കൻ ചിട്ടയെന്നും പടിഞ്ഞാറൻ ചിട്ടയെന്നും ജീവതകളിയെ അടയാളപ്പെടുത്താം. രാമപുരം ശൈലി പടിഞ്ഞാറൻ ചിട്ടയിലും കാരാഴ്മശൈലി കിഴക്കൻ ചിട്ടയിലുമാണ്. പതിഞ്ഞകാലത്തിലാണ് കിഴക്കൻ ചിട്ടയിലെ കളി. ഓരോഭവനത്തിലും പറ തളിച്ചുകഴിഞ്ഞാണ് ജീവത ആനന്ദനൃത്തം ചവിട്ടുന്നത്. പതിഞ്ഞ കാലത്തിലായതിനാൽ താളവട്ടത്തിന് മുക്കാൽ മണിക്കൂർ വേണം. ഏറെ സമയമുള്ളതിനാൽ കാരാഴ്മശൈലിയിലെ ജീവതയ്ക്ക് വലിപ്പവും ഭാരവും കുറവായിരിക്കും. അതുകൊണ്ടുതന്നെ ജീവതയേറ്റുന്ന നമ്പൂതിരിമാരുടെ എണ്ണം പലയിടത്തും മൂന്നായിരിക്കും. പടിഞ്ഞാറൻ ചിട്ടയിൽ തുരിശത്തിലാണ് താളവും ചുവടും. രാമപുരംശൈലി ദ്രുതകാലത്തിലുള്ള താളവും ചുവടുമായി പടിഞ്ഞാറൻചിട്ടയോടു ചേർന്നു നിൽക്കുന്നു. ഭാരക്കൂടുതലുള്ള കെട്ടുജീവതയായതിനാൽ ആറോളം നമ്പൂതിരിമാർ ഇടവിട്ട് തോളിലേറ്റുന്നു. ചെട്ടികുളങ്ങര ശൈലിക്ക് താളാത്മകമായ ചുവടുകളില്ല.

വീക്കൻചെണ്ടയും ഉരുട്ടുചെണ്ടയും ഇലത്താളവും, തകിലും ഇടയ്ക്കയും കൊമ്പും കുറുംകുഴലും ശംഖുമാണ് വാദ്യങ്ങൾ. ലക്ഷ്മീതാളത്തിലാണ് തുടക്കം. ചമ്പ, അടന്ത, പഞ്ചാരി, മർമം, കുണ്ഡനാച്ചി, വിഷമകുണ്ഡലം എന്നീതാളങ്ങളിൽ കളിമുറുകി കലാശിക്കും. ഒരു ഭവനത്തിൽനിന്നും മറ്റൊരു ഭവനത്തിലെത്തും വരെയുള്ള ഇടവേളകളിൽ മേളക്കാർ വഴിത്താളം കൊട്ടും. ജീവതകളിക്ക് പ്രത്യേകമായ പരിശീലനം ഇല്ല. ജീവതയേറ്റുന്ന മുതിർന്നവരോടൊപ്പം ഏറെക്കാലം നടന്ന് താളവും കളിയും മനസ്സിലാക്കുകയാണ് പതിവ്. ജീവതയേറ്റി മുമ്പിൽ നിൽക്കുന്നയാളിന്റെ ചുവടുകളുടെ നീക്കം ശ്രദ്ധിച്ചാണ് പിന്നിൽ നിൽക്കുന്നയാളുടെ ചലനം. ജീവത മറിക്കേണ്ടിവരുമ്പോൾ മുമ്പിൽ നിൽക്കുന്നയായാൾ തണ്ടിൽ തട്ടി ഏതുവശത്തേക്കെന്ന് പിന്നിലുള്ളയാളെ അറിയിച്ചിട്ട് ആ വശത്തേക്ക് തോളു ചരിക്കുന്നു. തണ്ടിൽ തട്ടുമ്പോൾ പിന്നിൽ നിൽക്കുന്നയാളിന്റെ ആ വശത്തെ കാതിൽ ഒരു മുഴക്കമായി അതുവന്നു പതിക്കും. നിലംമുട്ടെ ചരിയുന്ന ജീവതയെ മറിയാതെ നേരെയാക്കുന്നത് പിന്നിൽ നിൽക്കുന്ന ആളാണ്.