- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബുധനാഴ്ച ഡോക്ടർമാർ വിശദപരിശോധന നടത്തിയശേഷം തുടർചികിൽസ തീരുമാനിക്കും; ശസ്ത്രക്രിയ വേണ്ടെങ്കിൽ ഈ മാസം 17ന് അദ്ദേഹം തിരിച്ചെത്തും; ശസ്ത്രക്രിയ ആവശ്യമായി വന്നാൽ ചെയ്ത ശേഷമേ ഉമ്മൻ ചാണ്ടി മടങ്ങൂ; കൂടെയുള്ളത് ബെന്നിയും മറിയാ ഉമ്മനും ചാണ്ടി ഉമ്മനും; അച്ചു ഉമ്മനും ജർമ്മനിയിൽ എത്തും; ഉമ്മൻ ചാണ്ടിക്ക് ചികിൽസ ബർലിനിലെ ചാരിറ്റി ക്ലിനിക്കിൽ
ബർലിൻ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചികിത്സയ്ക്കായി ജർമനിയിലെത്തി. ഡോക്ടർമാരുടെ സംഘം 9നു പരിശോധന തുടങ്ങും. ഇന്ത്യൻ സമയം ഇന്നലെ വൈകിട്ട് ഫ്രാങ്ക്ഫർട്ടിലാണു വിമാനമിറങ്ങിയത്. ഇന്നു രാവിലെ ബർലിനിലേക്കു പോകും. ബർലിനിലെ ചാരിറ്റി ക്ലിനിക്കിലാണ് അദ്ദേഹത്തിന്റെ ചികിത്സ. യൂറോപ്പിലെ ഏറ്റവും വലിയ മെഡിക്കൽ സർവകലാശാലയാണ് ഇത്.
ബെന്നി ബഹനാൻ എംപിയും മക്കളായ മറിയ ഉമ്മനും ചാണ്ടി ഉമ്മനും ഉമ്മൻ ചാണ്ടിയെ അനുഗമിക്കുന്നുണ്ട്. തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ മൂന്നിന് ഖത്തർ വഴിയുള്ള വിമാനത്തിലാണ് ഉമ്മൻ ചാണ്ടിയും സംഘവും ജർമനിലേക്ക് യാത്ര പുറപ്പെട്ടത്. ഫ്രാൻക്ഫർട്ട് രാജ്യാന്തര വിമാനത്താവളത്തിലാണ് അദ്ദേഹം വിമാനമിറങ്ങിയത്. മകൾ അച്ചു ഉമ്മൻ ഉടനെ ജർമനിയിലെത്തും. ഇന്നലെ പുലർച്ചെ 3.30നാണ് തിരുവനന്തപുരത്തു നിന്ന് ഉമ്മൻ ചാണ്ടി പുറപ്പെട്ടത്. ദോഹ വഴിയായിരുന്നു വിമാനം.
ബെർലിനിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് തൊഴിൽ നൽകുന്ന സ്ഥാപനങ്ങളിലൊന്നായി അറിയപ്പെടുന്ന ചാരിറ്റി ക്ലിനിക്ക് ആശുപത്രിയിൽ 11 നൊബേൽ സമ്മാന ജേതാക്കൾ ഗവേഷകരായി പ്രവർത്തിച്ചിട്ടുണ്ട് യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആശുപത്രികളിലൊന്നാണ് 312 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ചാരിറ്റി ക്ലിനിക്ക്. മലയാളികൾ ഉൾപ്പെടെയുള്ളവർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ശസ്ത്രക്രിയ ആവശ്യമായി വന്നാൽ ചെയ്ത ശേഷമേ ഉമ്മൻ ചാണ്ടി മടങ്ങൂ എന്ന് കുടുംബവൃത്തങ്ങൾ വ്യക്തമാക്കിയതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച ഡോക്ടർമാർ വിശദപരിശോധന നടത്തിയശേഷം തുടർചികിൽസ തീരുമാനിക്കും. ശസ്ത്രക്രിയ വേണ്ടെങ്കിൽ ഈ മാസം 17ന് അദ്ദേഹം തിരിച്ചെത്തുമെന്നാണ് സൂചന.
78കാരനായ ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില 2019 മുതൽ മോശമാണെന്ന് മകൻ ചാണ്ടി ഉമ്മൻ വ്യക്തമാക്കിയിരുന്നു. ഉമ്മൻ ചാണ്ടിയുടെ ജീവന് ഭീഷണിയുണ്ടെന്നും കുടുംബാംഗങ്ങൾ അദ്ദേഹത്തിന് ചികിത്സ നിഷേധിക്കുകയാണെന്നും തരത്തിലുള്ള വാർത്തകൾ നിഷേധിച്ചുകൊണ്ടാണ് മകൻ ചാണ്ടി ഉമ്മൻ രംഗത്തെത്തിയത്. നേരത്തെ, ആരോഗ്യ പ്രശ്‌നങ്ങളാൽ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഉമ്മൻ ചാണ്ടി. 79-ാം പിറന്നാൾ ദിനത്തിൽ ആലുവ പാലസിൽ വിശ്രമത്തിലായിരുന്ന ഉമ്മൻ ചാണ്ടിയെ നേരിൽകണ്ട് മുഖ്യമന്ത്രി പിണറായി വിജയനും കോൺഗ്രസ് നേതാക്കളും ജന്മദിനാശംസകൾ നേർന്നിരുന്നു.
പ്രവർത്തകർ പിറന്നാൾ മധുരം നൽകാൻ കേക്കുമായി പാലസിൽ എത്തിയെങ്കിലും മുറിക്കാൻ അദ്ദേഹം വിസമ്മതിച്ചിരുന്നു. ജന്മദിനം ആഘോഷിക്കുന്ന പതിവില്ലെന്ന് വ്യക്തമാക്കിയ ഉമ്മൻ ചാണ്ടി എത്ര നിർബന്ധിച്ചിട്ടും കേക്ക് മുറിക്കാൻ തയ്യാറായില്ല. ഒടുവിൽ അദ്ദേഹത്തിന്റെ മൗനസമ്മതത്തോടെ അൻവർ സാദത്ത് എംഎൽഎ കേക്ക് മുറിച്ച് കുടുംബാംഗങ്ങൾക്കും കൂടിനിന്നവർക്കും മധുരം നൽകുകയായിരുന്നു.
കഴിഞ്ഞ കുറച്ചുകാലങ്ങളായി ഉമ്മൻ ചാണ്ടിക്ക് സംസാരിക്കുന്നതിന് പ്രയാസമുണ്ടാകുകയും സംസ്ഥാനത്തെ രണ്ട് ആശുപത്രികളിൽ ചികിൽസ തേടുകയും ചെയ്തിരുന്നു. എന്നാൽ രണ്ട് ആശുപത്രികളിലും നടന്ന പരിശോധനകളിൽ വ്യത്യസ്ത റിപ്പോർട്ടുകൾ ലഭിച്ച സാഹചര്യത്തിലാണ് വിദഗ്ധ പരിശോധനകൾക്കായി ആദ്യം വിദേശത്തേക്കുപോയത്. തൊണ്ടയിൽ മുഴയാണ് പ്രശ്ന കാരണം. ഇത് മൂലം സംസാരത്തിനു ബുദ്ധിമുട്ട് ഉണ്ട്. ആയുർവേദം, ഹോമിയോ എന്നീ ചികിൽസകൾ നോക്കി. എന്നാൽ അതൊന്നും പൂർണ്ണമായും ഫലിച്ചില്ല.
യുഡിഎഫിന് നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽവി സംഭവിച്ചതോടെ നിയമസഭയിലെ നേതൃസ്ഥാനം ഉമ്മൻ ചാണ്ടി ഒഴിഞ്ഞു. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായി. ഇതിനിടെ കെപിസിസി അധ്യക്ഷനായി ഉമ്മൻ ചാണ്ടിയെ എത്തിക്കാനും ശ്രമിച്ചു. എന്നാൽ ഉമ്മൻ ചാണ്ടി വഴങ്ങിയില്ല. പിന്നീട് എഐസിസി ജനറൽ സെക്രട്ടറിയായി ഉമ്മൻ ചാണ്ടിയെ നിയമിച്ചു. ആന്ധ്രയിലെ ചുമതലയും കൊടുത്തു. നിരന്തര യാത്രകൾ ഉമ്മൻ ചാണ്ടിക്ക് ചെയ്യേണ്ടിയും വന്നു. ഇതിനിടെയാണ് അസുഖത്തിന്റെ സൂചനകൾ കണ്ടു തുടങ്ങിയത്. കേരളത്തിലെ ചികിൽസകളിൽ ആശ്വാസം കിട്ടുകയും ചെയ്തു. പക്ഷേ ശബ്ദം ഇടയ്ക്കിടെ പോയി. 2015ന് ശേഷം നാല് തവണ പ്രശ്‌നമുണ്ടായി.
മറുനാടന് മലയാളി ബ്യൂറോ