- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പനിയും ശ്വാസ തടസ്സവും ഉണ്ടാക്കിയ അണുബാധ നിയന്ത്രണ വിധേയം; ഉമ്മൻ ചാണ്ടിയുടെ ആരോഗ്യത്തിൽ ആശങ്ക വേണ്ടെന്ന് ഡോക്ടർമാർ; നെയ്യാറ്റിൻകര നിംസിലെത്തി എല്ലാം വിലയിരുത്താൻ ആരോഗ്യമന്ത്രി വീണാ ജോർജ്; കുടുംബവുമായി മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചു; സന്ദർശകർക്ക് കർശന വിലക്ക്; ഉമ്മൻ ചാണ്ടിക്ക് ചികിൽസ ഉറപ്പാകുമ്പോൾ
തിരുവനന്തപുരം: പനിയും ശ്വാസതടസ്സവും കാരണം നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യസ്ഥിതി തൃപ്തികരം. പരിശോധനയിൽ ന്യുമോണിയ ബാധ കണ്ടെത്തിയതിനെത്തുടർന്ന് അദ്ദേഹത്തെ മെഡിക്കൽ ഐ.സി.യു.വിലേക്ക് മാറ്റി. സംസ്ഥാന സർക്കാരും ഉമ്മൻ ചാണ്ടിയുടെ ആരോഗ്യാവസ്ഥയിലെ വസ്തുതകൾ മനസ്സിലാക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉമ്മൻ ചാണ്ടിയുടെ ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രിയിൽ എത്തി നേരിട്ട് ഡോക്ടർമാരുമായും ചർച്ച നടത്തും. ഉമ്മൻ ചാണ്ടിക്ക് ചികിൽസ നിഷേധിക്കുന്നുവെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ഇത്.
നെഫ്രോളജിസ്റ്റ് ഡോ. മഞ്ജു തമ്പിയുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരാണ് ചികിത്സിക്കുന്നത്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മകൻ ചാണ്ടി ഉമ്മനും മകൾ മറിയ ഉമ്മനും ഒപ്പമുണ്ട്. സന്ദർശകർക്ക് കർശനവിലക്ക് ഏർപ്പെടുത്തി. ശ്വാസ തടസ്സം ഉണ്ടാകാതിരിക്കാനുള്ള ബൈപാപ്പ് സംവിധാനം ഉമ്മൻ ചാണ്ടിക്ക് നൽകുന്നുണ്ട്. മരുന്നുകളോട് ഉമ്മൻ ചാണ്ടി അതിവേഗം പ്രതികരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ന്യുമോണിയ മൂലമുള്ള അണുബാധ ഉടൻ മാറുമെന്നാണ് പ്രതീക്ഷ. വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഉമ്മൻ ചാണ്ടി ആശുപത്രിയിലേക്ക് മാറിയത്.
ജർമനിയിലെ ലേസർ സർജറിക്കുശേഷം ബെംഗളൂരുവിൽ ഡോ. വിശാൽ റാവുവിന്റെ ചികിത്സയിലായിരുന്നു ഉമ്മൻ ചാണ്ടി. തുടർപരിശോധനയ്ക്ക് ബെംഗളൂരുവിലേക്ക് പോകാനിരിക്കെയാണ് പനി ബാധിച്ചത്. തിങ്കളാഴ്ച രാവിലെ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയും യു.ഡി.എഫ്. കൺവീനർ എം.എം. ഹസനും അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. ഇടയ്ക്കുവന്ന് കാണാറുള്ളതാണെന്നും രാഷ്ട്രീയ കാര്യങ്ങളാണ് സംസാരിച്ചതെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ആന്റണി പ്രതികരിച്ചു. ഹസ്സനും ഇത് ശരിവെച്ചു. ഇതിന് ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
ഉമ്മൻ ചാണ്ടിക്ക് വൈദ്യപരിചരണം നിഷേധിക്കുന്നതായി കഴിഞ്ഞ ദിവസങ്ങളിൽ ആരോപണം ഉയർന്നിരുന്നു. തുടർച്ചികിത്സ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ സഹോദരൻ അലക്‌സ് വി. ചാണ്ടി ഉൾപ്പെടെയുള്ള ബന്ധുക്കൾ കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകിയിരുന്നു. ഈ ആവശ്യമുന്നയിച്ച് മന്ത്രി വീണാ ജോർജിനെയും സ്പീക്കർ എ.എൻ. ഷംസീറിനെയും ബന്ധുക്കൾ സമീപിച്ചിരുന്നു. ആരോപണങ്ങൾ ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ നിഷേധിച്ചിരുന്നു. ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നെയ്യാറ്റിൻകര നിംസ് ആശുപത്രി മാനേജ്മെന്റുമായി അടുത്ത ആത്മബന്ധം ഉമ്മൻ ചാണ്ടിക്കുണ്ട്. ഈ സാഹചര്യത്തിലാണ് ചികിൽസയ്ക്ക് നിംസ് ആശുപത്രിയിലേക്ക് ഉമ്മൻ ചാണ്ടി മാറിയത്. വിശദ ആരോഗ്യ പരിശോധനകൾ ഇവിടെ നടത്തും. പ്രത്യേക മെഡിക്കൽ സംഘം തന്നെ ഉമ്മൻ ചാണ്ടിയുടെ ചികിൽസാ കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ നിംസ് ആശുപത്രിയിലുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡോക്ടർമാർ നൽകുന്ന സൂചന. ശ്വസിക്കാനുള്ള ബുദ്ധിമുട്ട് ഗുരുതരമാകാതിരിക്കാനാണ് ബൈപാപ്പിലേക്ക് മാറ്റിയതെന്നാണ് ഡോക്ടർമാർ നൽകുന്ന സൂചന.
മുൻ മുഖ്യമന്ത്രിയുടെ ഭാര്യയും ചാണ്ടി ഉമ്മനും മൂത്ത മകൾ മറിയയുമായണ് ചികിത്സക്ക് തടസം നിൽക്കുന്നത് എന്നാണ് ഉമ്മൻ ചാണ്ടിയുടെ സഹോദരൻ അലക്സ് ചാണ്ടി ആരോപിച്ചത്. അച്ഛനെ ചികിത്സിച്ചേ മതിയാകൂവെന്ന ഉറച്ച നിലപാടിലാണ് ഇളയ മകൾ അച്ചു ഉമ്മനെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മറുനാടൻ പുറത്തുവിട്ട പൂർണമായും ശരിവെച്ചു കൊണ്ടാണ് ഉമ്മൻ ചാണ്ടിയുടെ സഹോദരൻ രംഗത്തുവന്നത്. പരാതി നൽകിയ ശേഷം പിൻവലിപ്പിക്കാൻ ഉമ്മൻ ചാണ്ടിയുടെ കുടുംബം പലരെയും കൊണ്ട് സമ്മർദ്ദം ചെലുത്തിയെന്നും അലക്‌സ് വി ചാണ്ടി പ്രതികരിച്ചു.
മെഡിക്കൽ ബോർഡ് രൂപീകരിച്ച് ചേട്ടനെ ചികിത്സിക്കണം എന്നു മാത്രമാണ് പറയാനുള്ളത്. ഇക്കാര്യം ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. സർക്കാർ ഇക്കാര്യത്തിൽ തീരുമാനം എടുക്കണമെന്നും അലക്‌സ് ചാണ്ടി പറഞ്ഞു. ജർമ്മനിയിൽ പോയിട്ട് ചികിത്സ നടന്നില്ലെന്നും ഉമ്മൻ ചാണ്ടിയുടെ സഹോദരൻ അലക്സ് ചാണ്ടി പറഞ്ഞു. ചികിത്സക്ക് പോയെങ്കിലും തിരിച്ചു വരികയാണ് ചെയ്യുന്നത്. പ്രാർത്ഥനക്കാരാണ് വഴിതെറ്റിച്ചത് എന്നാണ് എന്നാണ് മനസിലാക്കാൻ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും അമേരിക്കയിലും ദുബായിലും സിഎംസി വെല്ലൂരിലും ജർമ്മനിയിലും ചികിൽസ തേടിയെങ്കിലും രോഗ നിർണ്ണയം നടന്നതല്ലാതെ രോഗത്തിനുള്ള ചികിൽസ നാളിതു വരെ ഉമ്മൻ ചാണ്ടിക്ക് കിട്ടിയിട്ടില്ലെന്നാണ് സഹോദരൻ അടക്കമുള്ളവർ പറയുന്നത്. ജർമനിയിലെ ചാരിറ്റി ആശുപത്രിയിലെ ചികിൽസയ്ക്ക് ശേഷം ബംഗ്ലൂരിലെ തുടർ ചികിൽസയ്ക്ക് വിധേയനായി ജനുവരിയിൽ തിരുവനന്തപുരത്ത് എത്തി. വീണ്ടും തുടർ ചികിൽസയ്ക്ക് പോകണമായിരുന്നു. നാളിതുവരെ അതുണ്ടായിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു.
ബെംഗളൂരുവിലെ എച്ച്.സി.ജി. കാൻസർ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം ജനുവരി ഒന്നിനാണ് അദ്ദേഹം കേരളത്തിലേക്കുവന്നത്. തുടർചികിത്സയ്ക്ക് ഒമ്പതാംതീയതി തിരിച്ചുചെല്ലേണ്ടതായിരുന്നു. എന്നാൽ, അദ്ദേഹത്തിന് കൃത്യസമയത്ത് ചികിത്സ നൽകേണ്ടവർ പോലും അതിന് താൽപ്പര്യം പ്രകടിപ്പിച്ചില്ല. നാട്ടുകാരെ കാണണം എന്ന ആഗ്രഹം കൊണ്ടാണ് ഉമ്മൻ ചാണ്ടിയെ നാട്ടിലേക്ക് കൊണ്ടുവന്നത്. ഇതിന് ശേഷം ജനുവരി 9ന് തുടർചികിത്സ നടത്തേണ്ടതുമായിരുന്നു. അന്ന് തിരിച്ചു പോയില്ല. അതിന് ശേഷം ജനുവരി 18ന് ചികിത്സക്ക് കൊണ്ടുപോകേണ്ട സമയത്തും ആരും അദ്ദേഹത്തെ തുടർചികിത്സക്ക് കൊണ്ടുപോകാൻ തയ്യാറായില്ല.
ഇതിനിടെ ചികിത്സ വൈകുന്നതിൽ ആശങ്കയുള്ള മകൾ അച്ചു ഉമ്മൻ ഗൾഫിൽ നിന്നും നാട്ടിലെത്തി പിതാവിനെ ചികിത്സക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും അതിലും എതിർപ്പുകളുണ്ടായി. നാട്ടുകാർ കൂടി ഇടപെട്ട് ചികിത്സ കൊണ്ടുപോകാൻ തുടങ്ങിയപ്പോൾ ഭാര്യ അതിന് സമ്മതിക്കാത്ത അവസ്ഥ ഉണ്ടായി. ഇതോടെ കഴിഞ്ഞ ഒരു മാസത്തോളമായി കൃത്യമായ ചികിത്സ ലഭിക്കാത്ത അവസ്ഥയിലാണ് മുൻ മുഖ്യമന്ത്രി എന്നതായിരുന്നു ഉയർന്ന ആരോപണം.
തൊണ്ടയിലാണ് ഉമ്മൻ ചാണ്ടിക്ക് രോഗബാധ. ജർമനിയിലെ ബർലിൻ ചാരിറ്റി ആശുപത്രിയിൽ അദ്ദേഹത്തിന് ഇതിനായി ലേസർ ചികിത്സ നടത്തിയിരുന്നു. ഈ സമയത്ത് അടഞ്ഞ ശബ്ദം അല്പം മെച്ചപ്പെട്ടിരുന്നു. ബെംഗളൂരുവിലെ ചികിത്സയും ഫലപ്രദമായിരുന്നു. എന്നാൽ, തുടർചികിത്സയ്ക്ക് മുതിരാത്തത് അദ്ദേഹത്തിന്റെ ആരോഗ്യം മോശമാകാൻ കാരണമാകുന്നുവെന്നാണ് സുഹൃത്തുക്കളുടെ ആശങ്ക. ഇത് മറുനാടൻ വാർത്തയാക്കിയ ശേഷമാണ് ഉമ്മൻ ചാണ്ടിയുടെ യഥാർത്ഥ രോഗ വിവരങ്ങൾ പുറംലോകം അറിഞ്ഞത്.
മറുനാടന്‍ മലയാളി ബ്യൂറോ