- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അണുബാധ കുറയുന്നുണ്ടോ എന്ന് ഉറപ്പിച്ച ശേഷം തുടർ ചികിൽസയിൽ തീരുമാനം; ബൈപാപ്പ് സഹായത്താൽ ഐസിയുവിൽ നിരീക്ഷണത്തിലുള്ള ഉമ്മൻ ചാണ്ടി മരുന്നുകളോട് പ്രതികരിക്കുന്നത് ശുഭ സൂചന; ന്യുമോണിയാ ബാധ മാറിയാൽ ഉടൻ ബംഗ്ലൂരുവിലേക്ക് മാറ്റും; ആന്റിബയോട്ടിക്ക് സ്റ്റാർട്ട് ചെയ്തതായും ശ്വാസംമുട്ട് കുറഞ്ഞതായും ഡോക്ടർ; മുൻ മുഖ്യമന്ത്രിയെ സന്ദർശിച്ച് ആരോഗ്യമന്ത്രി
തിരുവനന്തപുരം : ന്യൂമോണിയ ബാധിതനായി തിരുവനന്തപുരത്തെ നിംസ് ആശുപത്രിയിൽ ചികിൽസയിലുള്ള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ എത്രയും വേഗം ബംഗളൂരുവിലേക്ക് കൊണ്ടു പോകും. ന്യുമോണിയ ബാധ മാറിയശേഷമാകും ഉമ്മൻ ചാണ്ടിയെ ബെംഗളൂരുവിലേക്ക് വിദഗ്ധ ചികിൽസക്കായി കൊണ്ടുപോകുക. മരുന്നുകളോട് അതിവേഗം ഉമ്മൻ ചാണ്ടി പ്രതികരിക്കുന്നുണ്ട്. ശ്വസിക്കാനുള്ള ആകുലതകൾ മാറിയാൽ ഐസിയുവിൽ നിന്നും മാറ്റും. ബൈപാപ്പ് ഉപകരണത്തിന്റെ സഹായത്താലാണ് നിലവിൽ ചികിൽസ. വെന്റിലേറ്ററിലേക്ക് മാറ്റേണ്ടി വന്നാൽ അതിനുള്ള സൗകര്യവും ഒരുക്കും. പ്രത്യേക മെഡിക്കൽ ബോർഡ് സ്ഥിതിഗിതകൾ നിരീക്ഷിക്കുന്നുണ്ട്.
നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ന്യൂമോണിയ ബാധ ഭേദമായശേഷം എയർ ആംബുലൻസിൽ ആകും ഉമ്മൻ ചാണ്ടിയെ കൊണ്ടുപോകുക. അണുബാധയാണ് നിലവിൽ പ്രശ്‌നം. അത് കുറയുന്നുവെന്ന് തന്നെയാണ് വിലയിരുത്തൽ. വൈകുന്നേരത്തെ പരിശോധനകളിൽ അണുബാധയുടെ തോതിൽ വ്യക്തത വരും. നിലവിലെ ചികിൽസ പദ്ധതി തുടർന്നാൽ മതിയെന്നാണ് പ്രാഥമിക നിഗമനം. ന്യുമോണിയയ്ക്ക് വേണ്ടി മാത്രമാണ് ചികിൽസ നടക്കുന്നത്. ക്യാൻസർ ചികിൽസ ബംഗ്ലുരുവിൽ തുടർന്നാൽ മതിയെന്നാണ് ധാരണ. ദീർഘകാലമായി ബംഗ്ലൂരുവിലെ ഡോക്ടറാണ് ഉമ്മൻ ചാണ്ടിയെ ചികിൽസിക്കുന്നത്. ഈ സാഹചര്യത്തിലാണ് ബംഗ്ലൂരുവിലേക്ക് കൊണ്ടു പോകുന്നത്.
ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിനും പറയുന്നു. ശ്വാസകോശസംബന്ധമായ ഇൻഫെക്ഷനാണ് അദ്ദേഹത്തിനുള്ളത്. ആന്റിബയോട്ടിക്ക് സ്റ്റാർട്ട് ചെയ്തതായും ശ്വാസംമുട്ട് കുറഞ്ഞതായും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർ പറഞ്ഞു. ഇന്നത്തെ സാഹചര്യത്തിൽ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർ മഞ്ജു മാധ്യമങ്ങളോട് പറഞ്ഞു. ജർമനിയിലെ ലേസർ സർജറിക്കുശേഷം ബംഗളൂരുവിൽ ഡോ. വിശാൽ റാവുവിന്റെ ചികിത്സയിലായിരുന്നു ഉമ്മൻ ചാണ്ടി.
ഉമ്മൻ ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോർജ് സന്ദർശിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെയായിരുന്നു സന്ദർശനം. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമായിരുന്നു ആരോഗ്യമന്ത്രിയുടെ സന്ദർശനം. ആശുപത്രിയിൽ ഉമ്മൻ ചാണ്ടിയ്‌ക്കൊപ്പമുണ്ടായിരുന്ന മകളെയും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാരെയും കണ്ടെന്നും ഡോ. മഞ്ജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഉമ്മൻ ചാണ്ടിയുടെ കാര്യങ്ങൾ നോക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മെഡിക്കൽ ബോർഡ് രൂപീകരിച്ച് തുടർചികിത്സ നടത്തുമെന്ന് വീണാ ജോർജ് അറിയിച്ചു. ആരോഗ്യസ്ഥിതി നിരീക്ഷിച്ചു വരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജർമനിയിലെ ലേസർ സർജറിക്കുശേഷം ബംഗളൂരുവിൽ ഡോ. വിശാൽ റാവുവിന്റെ ചികിത്സയിലായിരുന്നു ഉമ്മൻ ചാണ്ടി. തുടർപരിശോധനയ്ക്ക് ബംഗളൂരുവിലേക്ക് പോകാനിരിക്കേയാണ് പനി ബാധിച്ചത്. ചികിത്സയുമായി ബന്ധപ്പെട്ട മുഴുവൻ കാര്യത്തിലും ആരോഗ്യവകുപ്പിന്റെയും സർക്കാരിന്റേയും പൂർണ പിന്തുണ ഉണ്ടാകുമെന്ന് കുടുംബാംഗങ്ങൾക്ക് ഉറപ്പ് നൽകിയ ശേഷമാണ് മന്ത്രി മടങ്ങിയത്.
ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉമ്മൻ ചാണ്ടിക്ക് ആന്റിബയോട്ടിക് ചികിത്സയാണ് ഇപ്പോൾ നൽകുന്നത്. അണുബാധ മാറിയശേഷമായിരിക്കും തുടർചികിത്സ. ആരോഗ്യസ്ഥിതിയെക്കുറിച്ച് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനോട് ഫോണിൽ വിവരങ്ങൾ അന്വേഷിച്ചിരുന്നു ആരോഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയിലേക്ക് അയയ്ക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിനു പിന്നാലെ മുഖ്യമന്ത്രിക്കു നന്ദി അറിയിച്ച് ചാണ്ടി ഉമ്മൻ ഫേസ്‌ബുക് പോസ്റ്റിട്ടു. 'അപ്പയുടെ സുഖവിവരം അന്വേഷിച്ചു വിളിക്കുകയും ആരോഗ്യമന്ത്രിയെ ആശുപത്രിയിൽ അയയ്ക്കുകയും ചെയ്യുന്ന പ്രിയങ്കരനായ മുഖ്യമന്ത്രി പിണറായി വിജയനു നന്ദി' എന്നായിരുന്നു പോസ്റ്റ്.
നേരത്തെ ഉമ്മൻ ചാണ്ടിക്ക് കൃത്യമായ ചികിത്സ നൽകാൻ കുടുംബാംഗങ്ങൾക്കായില്ലെന്ന് കുറ്റപ്പെടുത്തി സഹോദരൻ അലക്‌സ് വി. ചാണ്ടിയുടെ മകൻ അജയ് അലക്‌സ് രംഗത്തെത്തിയിരുന്നു. ഉമ്മൻ ചാണ്ടിയുടെ ജീവൻ അപകടത്തിലായെന്ന ഘട്ടത്തിലാണ് തന്റെ അച്ഛൻ ഉൾപ്പെടെയുള്ളവർ പരാതിയുമായി എത്തിയത്. പരാതിയിൽനിന്ന് പിന്മാറില്ലെന്നും ഡോക്ടർമാരുടെ പാനൽ രൂപീകരിച്ച് ഇനിയെങ്കിലും വിദഗ്ദ്ധ ചികിത്സ നൽകണമെന്നും അജയ് അലക്‌സ് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് നെയ്യാറ്റിൻകര നിംസിൽ ഉമ്മൻ ചാണ്ടിയെ പ്രവേശിപ്പിച്ചത്.
മറുനാടന്‍ മലയാളി ബ്യൂറോ