- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാമ്പാടി മേഖലയിലെ വീടുകളിലെത്തിയത് നായയുടെ കടിയേറ്റവരെ കാണാൻ; വീട്ടുകാരുടെ ആശങ്ക കണ്ടപ്പോൾ ആദ്യം വിളിച്ചത് ആരോഗ്യമന്ത്രിയെ; മന്ത്രിയുടെ ഇടപെടലിൽ മെഡിക്കൽ കോളേജ് സംഘം ഉടൻ വീടുകളിലെത്തി; ആരോഗ്യമന്ത്രി വീണയ്ക്ക് നന്ദി പറഞ്ഞ് പാമ്പാടിയിലെ അനുഭവം വിവരിച്ച് ഉമ്മൻ ചാണ്ടി
കോട്ടയം: നിരവധി വിമർശനങ്ങൾ ഇതിനോടകം കേൾക്കേണ്ടി വന്ന മന്ത്രിയാണ് വീണ ജോർജ്ജ്.തന്റെതും അല്ലാത്തതുമായ നിരവധി കാരണങ്ങൾക്ക് സ്ഥാനത്തിന്റെ ഉത്തരവാദിത്തം കൊണ്ട് മാത്രം വീണയ്ക്ക് നിരവധി ആക്ഷേപങ്ങൾക്ക് കേൾക്കേണ്ടി വരികയും മറുപടി നൽകേണ്ടിയും വന്നു.
അതിൽ സമീപകാലത്ത് ആരോഗ്യമന്ത്രിയെ വലച്ച പ്രധാന പ്രശ്‌നം തെരുവുനായ ശല്യം തന്നെയാണ്.എന്നാൽ വിമർശനങ്ങൾക്കിടയിലും മന്ത്രിയുടെ ഇടപെടലിനെക്കുറിച്ച് മികച്ച അഭിപ്രായങ്ങളും പുറത്ത് വരുന്നുണ്ട്.ഇപ്പോഴിത സാക്ഷാൽ ഉമ്മൻ ചാണ്ടിയാണ് വീണയ്്ക്ക് നന്ദി അറിയിച്ച് രംഗത്ത് വന്നിട്ടുള്ളത്.
പാമ്പാടി മേഖലയിൽ തെരുവുനായയുടെ കടിയേറ്റവരുടെ ആശങ്കമാറ്റാൻ മന്ത്രി നടത്തിയ ഇടപെടലാണ് പ്രശംസയ്ക്ക് പാത്രമാക്കിയത്.ആരോഗ്യമന്ത്രി വീണാ ജോർജിന് നന്ദി പറഞ്ഞ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കോട്ടയം പറമ്പുകര ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിന്റെ ഉദ്ഘാടന വേദിയിൽ അധ്യക്ഷ പ്രസംഗത്തിലാണ് ഉമ്മൻ ചാണ്ടി മന്ത്രി വീണാ ജോർജിന് നന്ദിയറിയിച്ചത്.കോട്ടയം പാമ്പാടിയിൽ ഏഴു പേർക്ക് നായയുടെ കടിയേറ്റിരുന്നു. അവിടെയെത്തിയ ഉമ്മൻ ചാണ്ടി വീട്ടുകാരുടെ ആശങ്ക കണ്ട് മന്ത്രി വീണാ ജോർജിനെ വിളിച്ച് ഇക്കാര്യമറിയിച്ചു.
ഉടൻ തന്നെ മന്ത്രി കോട്ടയം മെഡിക്കൽ കോളജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി സൈറു ഫിലിപ്പിനെ വിളിച്ച് വേണ്ട നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകി. മെഡിക്കൽ സംഘം പാമ്പാടിയിലെ വീടുകളിലെത്തി കുടുംബാംഗങ്ങളെ കണ്ടു.മീനടം മെഡിക്കൽ ഓഫിസർ ഡോ.രഞ്ജു വർഗീസും ഡോ. സൈറു ഫിലിപ്പിന് ഒപ്പമുണ്ടായിരുന്നു. വിശദമായി ഈ കുടുംബങ്ങളോട് എല്ലാ വശങ്ങളും സംസാരിക്കുകയും മാനസിക പിന്തുണ നൽകി ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്തു.
ഇതോടൊപ്പം തുടർന്നും വിവരങ്ങളന്വേഷിച്ചു വരുന്നു. ഇത് അവർക്ക് ഏറെ ആശ്വാസമായി. വളരെ പെട്ടെന്ന് നടപടിയെടുത്ത മന്ത്രിയെ ഉമ്മൻ ചാണ്ടി നന്ദി അറിയിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.ഒപ്പം തന്നെ തെരുവുനായക്കുള്ള വാക്‌സിനേഷൻ പദ്ധതി ഇപ്പോൾ പുരോഗമിക്കുകയാണ്.
അതേസമയം ജോലിഭാരവും വാക്‌സീന്റെ കുറവും ചൂണ്ടിക്കാട്ടി വെറ്ററിനറി ഡോക്ടർമാർ ഇടഞ്ഞുനിൽക്കുന്നതിനാൽ തെരുവുനായ്ക്കളുടെ വന്ധ്യംകരണ പദ്ധതിയും (എബിസി) പ്രതിരോധ കുത്തിവയ്പ് പദ്ധതിയും (എംവിഡി) അവതാളത്തിലായി. വളർത്തുനായ്ക്കളുടെ പ്രതിരോധ കുത്തിവയ്പു മാത്രമാണ് ഇപ്പോൾ നടക്കുന്നത്. 30നു മുൻപ് പദ്ധതി പൂർത്തിയാക്കാനുള്ള തീരുമാനം നടപ്പായേക്കില്ല.
പദ്ധതി നടത്തിപ്പ് സിപിഎമ്മിന്റെ ചുമതലയിലുള്ള തദ്ദേശഭരണ വകുപ്പിൽനിന്ന് സിപിഐ മന്ത്രിയുടെ കീഴിലുള്ള മൃഗസംരക്ഷണ വകുപ്പിലേക്കു മാറ്റിയെന്നും ഇതു ചോദ്യം ചെയ്യാനുള്ള ബുദ്ധിമുട്ടാണ് പദ്ധതി അവതാളത്തിലാക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
മൃഗസംരക്ഷണ ഓഫിസർമാരെ (വെറ്ററിനറി സർജന്മാർ) 2 പദ്ധതികളുടെയും നിർവഹണ ഉദ്യോഗസ്ഥരാക്കിയതിൽ വകുപ്പിൽത്തന്നെ അതൃപ്തിയുണ്ട്. കടുത്ത ആൾക്ഷാമത്തിനിടെ ഈ പദ്ധതിയുടെ ഭാരം കൂടി താങ്ങാൻ കഴിയില്ലെന്നാണു വെറ്ററിനറി ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്. തെരുവുനായ്ക്കളെ കുത്തിവയ്ക്കാൻ പോകുന്നവർ എടുക്കേണ്ട വാക്‌സീൻ ലഭിക്കാത്തതും പ്രശ്‌നമാണ്.
മറുനാടന്‍ മലയാളി ബ്യൂറോ