ബെർലിൻ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വിദേശ ചികിത്സ തുടങ്ങി. ജർമ്മനിലിലെ ബെർലിൻ ചാരിറ്റി ആശുപത്രിയിലാണ് മുതിർന്ന കോൺഗ്രസ് നേതാവ് ചികിത്സയിൽ കഴിയുന്നത്. ചികിത്സയുടെ ഭാഗമായി നാളെ ഉമ്മൻ ചാണ്ടി ലേസർ ശസ്ത്രക്രിയക്ക് വിധേയനാകും. ഉമ്മൻ ചാണ്ടിക്കൊപ്പം ആശുപത്രിയിലുള്ള മകൻ ചാണ്ടി ഉമ്മനാണ് ഇക്കാര്യം അറിയിച്ചത്. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമാണ് ലേസർ സർജറിക്ക് വിധേയനാക്കുന്നത്. ചികിത്സ പൂർത്തിയാക്കി എത്രയും വേഗം നാട്ടിലേക്ക് തിരിച്ചുവരാമെന്നുള്ള പ്രതീക്ഷയിലാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

ഈ മാസം ആറിനാണ് ഉമ്മൻ ചാണ്ടി വിദഗ്ധ ചികിത്സയ്ക്കായി ജർമനിയിലേക്ക് തിരിച്ചത്. മകൻ ചാണ്ടി ഉമ്മനെ കൂടാതെ മകൾ മറിയ, ബെന്നി ബഹനാൻ എംപി, കോൺഗ്രസ് പ്രവർത്തകൻ ജിൻസൺ എന്നിവരും അദ്ദേഹത്തിന് ഒപ്പമുണ്ട്. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആശുപത്രികളിലൊന്നാണ് ജർമനിയിലെ ചാരിറ്റി ക്ലിനിക്. 312 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഇവിടെ 11 നൊബേൽ സമ്മാന ജേതാക്കൾ ഗവേഷകരായി പ്രവർത്തിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടിക്ക് മക്കൾ ചികിത്സ നിഷേധിക്കുകയാണ് എന്ന തരത്തിൽ നേരത്തെ സോഷ്യൽ മീഡിയയിൽ പ്രചാരണമുണ്ടായിരുന്നു. എന്നാൽ ഇത്തരം വാർത്തകൾ അസംബന്ധമാണെന്ന് മകൻ ചാണ്ടി ഉമ്മൻ പ്രതികരിച്ചിരുന്നു.

ചാണ്ടി ഉമ്മന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: 'ഇത്തരം പ്രചാരണങ്ങളിൽ ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിന് വിഷമമുണ്ട്. ഉമ്മൻ ചാണ്ടിക്ക് ഈ ആസുഖം നേരത്തെയും വന്നിട്ടുണ്ട്. 2015-ലും 2019-ലും അസുഖം വന്നിട്ടുണ്ട്. അന്ന് ഒമ്പത് മാസം കഴിഞ്ഞിട്ടാണ് പോയത്. 2015-ൽ വന്നപ്പോൾ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. 2019-ൽ വന്നപ്പോൾ യുഎസിലും ജർമനിയിലും ചികിത്സയ്ക്കായി പോയി. ജർമനിയിൽ പോയപ്പോൾ എല്ലാ പരിശോധനകളും നടത്തിയ ശേഷം ഡോക്ടർ ചോദിച്ചു, എന്ത് അസുഖത്തിനാണ് നിങ്ങൾ വന്നതെന്ന്... വിദേശത്ത് പോയാൽ മതിയെന്ന് ഇന്ന് അഭിപ്രായത്തിൽ എത്താൻ കാരണം ആ ചോദ്യമാണ്. സീരിയസ് ചികിത്സ നൽകാനാണ് അന്ന് പോയത്. ആ ചികിത്സ എടുത്തിരുന്നെങ്കിൽ അതിനെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളും ഗുരുതരമായിരുന്നേനെ', ചാണ്ടി ഉമ്മൻ പറഞ്ഞു.

സാമൂഹിക മാധ്യമങ്ങളിൽ വിമർശിക്കുന്നവർക്ക് ഇത് രണ്ടുതവണ വന്ന രോഗമാണെന്നും ഇത് തനിയെ പോയതാണെന്നും അറിയില്ല. വിദേശത്തടക്കം പാർശ്വഫലങ്ങളില്ലാത്ത ചികിത്സ കിട്ടുന്നത് സംബന്ധിച്ചാണ് തങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ഏതാണ് മികച്ചതെന്ന് നോക്കി അവടെ ചികിത്സിക്കാം എന്നതാണ് ആഗ്രഹം. കേൾക്കുന്ന ആളുകൾ തെറ്റിദ്ധരിച്ചിരിക്കുകയാണ്. പാർട്ടി നേതൃത്വവും കുടുംബവും ചേർന്നാണ് വിദേശത്തേക്ക് ചികിത്സയ്ക്ക് പോകാമെന്ന് തീരുമാനിച്ചത്. 'അദ്ദേഹം എന്റെ പിതാവാണ്' അത് മാത്രമാണ് വിമർശിക്കുന്നവരോട് പറയാനുള്ളതെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കിയിരുന്നു.