- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉമ്മൻ ചാണ്ടിയുടെ തുടർചികിത്സ ബംഗളുരു എച്ച്സിജി കാൻസർ സെന്ററിൽ തുടങ്ങും; ഡോ. യു.എസ്. വിശാൽ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു; പോഷകാഹാരക്കുറവിന്റെ ബുദ്ധിമുട്ടുകളുണ്ടെന്ന് ഡോക്ടർമാർ, ആരോഗ്യനില തൃപ്തികരം; തുടർചികിത്സ സംബന്ധിച്ച് നാളെ ഡോക്ടർമാരുടെ യോഗം ചേരുമെന്ന് മകൻ ചാണ്ടി ഉമ്മൻ
ബംഗളൂരു: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ തുടർചികിത്സക്കായി ബംഗളുരുവിലെ ആശുപത്രിയിൽ എത്തിച്ചു. എച്ച്സിജി കാൻസർ സെന്ററിലെ ഡോ. യു.എസ്. വിശാൽ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്. വൈകുന്നേരത്തോടെ ആശുപത്രിയിൽ എത്തിയ മുൻ മുഖ്യമന്ത്രിയെ ഡോ. വിശാൽ റാവുവും സംഘവും പരിശോധിച്ചു. ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്.
പോഷകാഹാരക്കുറവിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. അത് പരിഹരിക്കാനുള്ള ശ്രമം ആരംഭിക്കും. തുടർചികിത്സ സംബന്ധിച്ച് നാളെ ഡോക്ടർമാരുടെ യോഗം ചേരുമെന്ന് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ അറിയിച്ചു. ന്യൂമോണിയ മാറിയ ശേഷവും അദ്ദേഹത്തിന്റെ രോഗപ്രതിരോധശേഷി കുറഞ്ഞിട്ടില്ലെന്നും അത് ആശ്വാസകരമാണെന്നും ഡോക്ടർമാർ അറിയിച്ചെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ഇനി തുടർചികിത്സകൾ എങ്ങനെ വേണമെന്ന് നാളെ ഡോക്ടർമാർ യോഗം ചേർന്ന് തീരുമാനമെടുക്കും. ഇതെ കുറിച്ച് കൊച്ചിയിലെ ഒരു സംഘം ഡോക്ടർമാരുമായി ചർച്ച നടത്തുന്നുണ്ടെന്നും ചാണ്ടി ഉമ്മൻ അറിയിച്ചു.
ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്ത് നിന്ന് കുടുംബത്തോടൊപ്പം ചാർട്ടേഡ് വിമാനത്തിലാണ് വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരുവിൽ എത്തിച്ചത്. ന്യൂമോണിയ ഭേദമായതിന് ശേഷമാണ് നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലെ മെഡിക്കൽ സംഘവും സർക്കാറിന്റെ മെഡിക്കൽ ബോർഡും തുടർ ചികിത്സയ്ക്കായുള്ള യാത്രയ്ക്ക് അനുമതി നൽകിയത്. മൊബൈൽ ഐസിയു അടക്കമുള്ള സൗകര്യങ്ങളുമായി ആംബുലൻസ് ഒരുക്കിയെങ്കിലും ഉമ്മൻ ചാണ്ടിയുടെ ആവശ്യപ്പെട്ടത് അനുസരിച്ച് കാറിലായിരുന്നു വിമാനത്താവളത്തിലേക്കുള്ള യാത്ര.
വൈകുന്നേരം മൂന്നരയോടെ അദ്ദേഹത്തെ നെയ്യാറ്റിൻകരയിലെ നിംസ് ആശുപത്രിയിൽ നിന്ന് ബെംഗളൂരുവിലേക്ക് കൊണ്ടുപോയത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് എയർ ആംബുലൻസിലാണ് അദ്ദേഹത്തെ കൊണ്ടുപോയത്. കുടുംബം തനിക്ക് ചികിത്സ നിഷേധിച്ചെന്ന ആരോപണം ഉമ്മൻ ചാണ്ടി നിഷേധിച്ചിരുന്നു. ചികിത്സയുമായി ബന്ധപ്പെട്ട് കുടുംബത്തിനെതിരെ ഉയർന്നത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് മെച്ചപ്പെട്ട ചികിത്സ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അണുബാധ പൂർണമായും ഭേദമായതിന് ശേഷമാണ് തുടർ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് കൊണ്ടുപോയത്. വിമാനത്താവളത്തിൽ എത്തുന്നതിനായി നെയ്യാറ്റിൻകരയിലെ ആശുപത്രിയിൽ നിന്ന് കാറിലാണ് ഉമ്മൻ ചാണ്ടി യാത്ര പുറപ്പെട്ടത്. മെഡിക്കൽ സംഘവും ഒപ്പമുണ്ടായിരുന്നു. ഭാര്യ മറിയാമ്മ, മക്കളായ ചാണ്ടി ഉമ്മൻ, മറിയം ഉമ്മൻ, അച്ചു ഉമ്മൻ എന്നിവരും ഉമ്മൻ ചാണ്ടിക്കൊപ്പം ഉണ്ടായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ