തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് വീണ്ടും സർക്കാരിനെ സമീപിച്ച് സഹോദരൻ അലക്‌സ് വി ചാണ്ടി. ഉമ്മൻ ചാണ്ടിയുടെ ചികിത്സാ പുരോഗതി സർക്കാർ രൂപീകരിച്ച മെഡിക്കൽ ബോർഡ് വിലയിരുത്തണമെന്നാണ് ആവശ്യം. അടുത്ത ബന്ധുക്കളുടെ നിലപാടുകൾ കാരണം ഉമ്മൻ ചാണ്ടിക്ക് ശാസ്ത്രീയവും പര്യാപ്തവുമായ ചികിത്സ കിട്ടുന്നില്ലെന്നും ആരോഗ്യമന്ത്രിക്ക് അയച്ച പരാതിയിൽ സഹോദരരൻ കുറ്റപ്പെടുത്തുന്നു.

നിലവിൽ ഉമ്മൻ ചാണ്ടി ചികിസ്തയിലുള്ള ബാംഗ്ലൂർ എച്ച് സി ജി ആശുപത്രിയുമായി സർക്കാർ മെഡിക്കൽ ബോർഡ് ബന്ധപ്പെടണമെന്നും ഉമ്മൻ ചാണ്ടിയുടെ ഓരോ ദിവസത്തെയും ചികിത്സാ പുരോഗതി മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും അറിയിക്കുന്ന രീതിയിലുള്ള സംവിധാനം ഉണ്ടാക്കണമെന്നും അലക്‌സ് വി ചാണ്ടി കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

മെഡിക്കൽ ബോർഡിന്റെ വിദഗ്ധോപദേശം സ്വീകരിച്ച് തുടർചികിത്സ നടത്തണം. വിദഗ്ധ ചികിത്സയ്ക്ക് എന്തെങ്കിലും തടസ്സമുണ്ടെങ്കിൽ അത് പരിഹരിക്കണം. അതത് ദിവസത്തെ ആരോഗ്യസ്ഥിതി സർക്കാർ വിലയിരുത്തണം. രണ്ടുമാസമായി ഉമ്മൻ ചാണ്ടി ബെംഗളൂരുവിൽ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ മാത്രമാണ് ഒപ്പമുള്ളത്. ശാസ്ത്രീയമായ മെഡിക്കൽ ചികിത്സയെ സംബന്ധിച്ച് ഉമ്മൻ ചാണ്ടിയുടെ അടുത്ത കുടുംബാംഗങ്ങളുടെ കാഴ്ചപ്പാടും നിലപാടുകളും മെച്ചപ്പെട്ട ചികിത്സയ്ക്ക് തടസ്സമാണെന്നും പരാതിയിൽ പറയുന്നു.

നേരത്തെ ഉമ്മൻ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുന്നുവെന്നാരോപിച്ച് സഹോദരൻ അലക്‌സ് വി ചാണ്ടി നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശമനുസരിച്ച് ആരോഗ്യമന്ത്രി ഇടപെടുകയും മെഡിക്കൽ ബോർഡ് രൂപീകരിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് അദ്ദേഹത്തെ ചികിത്സക്കായി ബംഗ്ലൂരുവിലേക്ക് മാറ്റിയത്.

അതേസമയം ബംഗളുരു എച്ച്.സി.ജി ആശുപത്രിയിൽ ഇമ്യുണോ തെറാപ്പി ചികിത്സയിലുള്ള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുള്ളതായാണ് കുടുംബാംഗങ്ങൾ പറഞ്ഞത്. അദ്ദേഹത്തിന് ഇനി എത്രനാൾ കൂടി ആശുപത്രിയിൽ തുടരേണ്ടി വരുമെന്ന് പറയാറായിട്ടില്ല. കഴിഞ്ഞ ആഴ്‌ച്ച ദുഃഖവെള്ളിയോടനുബന്ധിച്ച് ബംഗളുരു ജോൺസൺ മാർക്കറ്റിലെ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിലെത്തി ഉമ്മൻ ചാണ്ടി പ്രാർത്ഥിച്ചിരുന്നു.

ഭാര്യ മറിയാമ്മ, മക്കളായ മറിയം, ചാണ്ടി ഉമ്മൻ, മറിയത്തിന്റെ മകൻ എഫിനോവ എന്നിവരും ഒപ്പമുണ്ടായിരുന്നു. നാട്ടിലായിരിക്കുമ്പോൾ എല്ലാ വിശേഷ ദിവസങ്ങളിലും പുതുപ്പള്ളി പള്ളിയിൽ കുടുംബസമേതം പ്രാർത്ഥനയ്ക്ക് പോകുമായിരുന്നു ഉമ്മൻ ചാണ്ടി.