- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിഷൻ അരിക്കൊമ്പൻ വിജയത്തിൽ; റോഡിയോ കോളർ ഘടിപ്പിച്ച അരിക്കൊമ്പനുമായി ലോറി പുറപ്പെട്ടു; മാറ്റുന്നത് പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് തന്നെ; ജനങ്ങളുടെ പ്രതിഷേധം ഭയന്ന് കുമളി പഞ്ചായത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു; വഴിയിൽ വാഹനം തടയാതിരിക്കാൻ പൊലീസിനും പ്രത്യേക നിർദ്ദേശം; ചിന്നക്കനലിനെ വിറപ്പിച്ച കൊമ്പന് ഇനി പുതിയ തട്ടകം
ചിന്നക്കനാൽ: ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പൻ പുതിയ തട്ടകത്തിലേക്ക് യാത്ര തിരിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ മിഷൻ അരിക്കൊമ്പൻ ദൗത്യം വിജയിച്ചിരുന്നു. കുങ്കിയാനകളുടെ സഹായത്തോടെ ലോറിയിൽ കയറ്റിയ ആനയെ റേഡിയോ കോളർ ഘടിപ്പിച്ച ശേഷം പെരിയാർ വന്യജീവി സങ്കേതത്തിലെ മേതകാനത്തിലേക്ക് മാറ്റുമെന്നാണ് വിവരം.
അരിക്കൊമ്പനെ എവിടേക്കാണ് മാറ്റുന്നത് എന്ന വിവരം ആനയെ മയക്കുവെടിവെച്ച് ലോറിയിൽ കയറ്റിയതിന് പിന്നാലെയാണ് പുറത്തുവന്നത്. തേക്കടിയിൽനിന്ന് 15 കിലോമീറ്ററോളം ഉള്ളിലേക്കാണ് മേതകാനം. തമിഴ്‌നാട് അതിർത്തിയോടു ചേർന്നുള്ള നിബിഡമായ വനമേഖലയാണിത്. നിലവിൽ അരിക്കൊമ്പനുമായി ലോറി ചിന്നക്കനാൽ മേഖലയിൽനിന്ന് പുറപ്പെട്ടിട്ടുണ്ട്. റേഡിയോ കോളർ ഘടപ്പിച്ച ആന ആയതിനാൽ ട്രാക്കിങ് ഉണ്ടാകും എന്നാണ് വിലയിരുത്തൽ.
വനംവകുപ്പിന്റെ സീനിയർ വെറ്റിനറി ഓഫീസർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് അരിക്കൊമ്പനെ മയക്കുവെടിവെച്ചത്. അഞ്ച് തവണയാണ് മയക്കുവെടി വെച്ചത്. 35 വയസ്സാണ് അരിക്കൊമ്പന്റെ പ്രായം. ചിന്നക്കനാലിൽനിന്ന് ഏകദേശം മൂന്നരമണിക്കൂറോളം നീണ്ട യാത്രയാണ് പെരിയാർ വന്യജീവി സങ്കേതത്തിലേക്കുള്ളത്. അരുൺ സക്കറിയ, വനംവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സംഘം അരിക്കൊമ്പനെ കൊണ്ടുപോകുന്ന വാഹനത്തെ അനുഗമിക്കും.
ചിന്നക്കനാൽ-പവർഹൗസ്-ദേശീയപാത-പൂപ്പാറ-തേക്കടി മൂന്നാർ സംസ്ഥാനപാതയിലൂടെ നെടുങ്കണ്ടം-കുമളി-വള്ളക്കടവ് റൂട്ടിലൂടെയാണ് അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് കൊണ്ടുപോകുന്നത്. യാത്രയ്ക്ക് തടസമുണ്ടാകാതിരിക്കുന്നതിന് കുമളി പട്ടണത്തിൽ 144 പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത പ്രതിബന്ധങ്ങൾക്ക് ഒടുവിലാണ് അരിക്കൊമ്പൻ ദൗത്യം വിജയം കണ്ടത്. ശനിയാഴ്ച രാവിലെ 11.54-നാണ് ആദ്യം മയക്കുവെടി വെച്ചത്. രണ്ടാമത്തെ ബൂസ്റ്റർ ഡോസ് 12.43-നുമാണ് നൽകിയത്. തുടർന്ന് മൂന്നാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും ഡോസ് രണ്ടുമണിയോടെ നൽകി. ഇതോടെയാണ് ആന മയങ്ങിയത്. തുടർന്ന് ആനയെ ലോറിയിലേക്ക് കുങ്കിയാനകളായ കോന്നി സുരേന്ദ്രൻ, സൂര്യൻ, കുഞ്ചു, വിക്രം എന്നീ നാല് കുങ്കിയാനകളാണ് ഓപ്പറേഷൻ അരിക്കൊമ്പനിൽ പങ്കെടുത്തത്.
ലോറിയിൽ കയറ്റുന്നതിനു മുന്നോടിയായി അരിക്കൊമ്പന്റെ നാലു കാലുകളും വടംകൊണ്ട് ബന്ധിച്ചിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ പിന്നിൽ നിന്ന് വടം കൊണ്ടു ബന്ധിപ്പിക്കുകയായിരുന്നു. ആദ്യം വടം കൊണ്ട് ബന്ധിപ്പിച്ചെങ്കിലും അരിക്കൊമ്പൻ ഊരിമാറ്റിയിരുന്നു. ആനയുടെ കണ്ണുകൾ കറുത്ത തുണികൊണ്ടു മൂടി. കഴുത്തിൽ കയറിട്ടു. ജിപിഎസ് കോളറും ആനയെ കൊണ്ടുപോകാനുള്ള വാഹനവും നേരത്തേ തന്നെ സ്ഥലത്ത് എത്തിച്ചിരുന്നു. ജെസിബി ഉപയോഗിച്ച് ആന നിൽക്കുന്നിടത്തേക്ക് വഴിയൊരുക്കി. അരിക്കൊമ്പന്റെ മയക്കം കുറയ്ക്കാനായി ഇരുവശത്തുനിന്നും വെള്ളം ഒഴിച്ചു. പാതി മയക്കത്തിലാണ് അരിക്കൊമ്പനെ ലോറിയിൽ കയറ്റിയത്.
ലോറിയിലേക്ക് കയറ്റുന്നതിനിടെ പ്രദേശത്ത് കനത്തമഴ പെയ്തു. ഇത് ദൗത്യത്തിന് തടസ്സം സൃഷ്ടിക്കുമെന്ന ആശങ്ക ഉയർന്നെങ്കിലും അത്തരം പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. ആനയെ വിജയകരമായി ലോറിയിൽ കയറ്റി റേഡിയോ കോളർ ഘടിപ്പിച്ചു. അരിക്കൊമ്പനെ ഇന്നു തന്നെ പിടികൂടുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചിരുന്നു. ഇത്രയും കാലമായി നാടിനെ വിറപ്പിച്ച അരിക്കൊമ്പൻ ഇനി മുതൽ പുതിയ തട്ടകത്തിലായിരിക്കും. അക്രമകാരിയാണെങ്കിലും അരിക്കൊമ്പൻ ചിന്നക്കനാൽ വിട്ടപ്പോൾ സങ്കടത്തോടെ കണ്ണീർവാർക്കുന്നവരെയും കണ്ടു.
മറുനാടന് മലയാളി ബ്യൂറോ