- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദൗത്യ സംഘം വമ്പൻ സന്നാഹങ്ങൾ ഒരുക്കിയിട്ടും 'ഒളിച്ചുകളി' തുടർന്ന് പി ടി സെവൻ; ധോണിക്ക് സമീപത്തെ ഉൾക്കാട്ടിലൊളിച്ചു; മയക്കുവെടി വെക്കാനുള്ള ശ്രമം തൽക്കാലം അവസാനിപ്പിച്ചു; മൂന്ന് കുങ്കിയാനകളെയും തിരികെ എത്തിച്ചു; ദൗത്യം ഞായറാഴ്ച പുനരാരംഭിക്കും
പാലക്കാട്: പാലക്കാട് ധോണിയിലെ ജനവാസമേഖലയെ നിരന്തരം വിറപ്പിച്ച പി.ടി.സെവനെ (പാലക്കാട് ടസ്‌കർ ഏഴാമൻ) പിടികൂടാനുള്ള ശനിയാഴ്ചത്തെ ദൗത്യം തത്കാലം അവസാനിപ്പിച്ചു. ആന കാട്ടിലൊളിച്ചതിനെത്തുടർന്ന് ശനിയാഴ്ചത്തെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു. ദൗത്യം ഞായറാഴ്ച പുനരാരംഭിക്കും.
ആനയെ പിടികൂടാനുള്ള ശനിയാഴ്ചത്തെ ദൗത്യം താത്കാലികമായി അവസാനിപ്പിച്ചെന്ന് എ.സി.എഫ്. രഞ്ജിത് പ്രതികരിച്ചു. കൂടുതൽ മുന്നൊരുക്കത്തോടെ നാളെയും പി.ടി. സെവനെ പിടികൂടുന്നതിനുള്ള ശ്രമങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ദൗത്യസംഘം ധോണി വനമേഖലയിൽ ആനയെ കണ്ടെത്തിയെങ്കിലും ചെങ്കുത്തായ സ്ഥലത്താണ് ആന നാലു മണിക്കൂറിൽ ഏറെയായി നിൽക്കുന്നത്. സുരക്ഷിതസ്ഥലത്തെത്തിച്ച് മയക്കുവെടിവയ്ക്കാൻ ഇന്നു സാധിക്കില്ലെന്നാണ് ദൗത്യ സംഘത്തിന്റെ വിലയിരുത്തൽ. ഇതോടെ ഇന്നത്തെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു. മയക്കുവെടിവയ്ക്കാൻ പാകത്തിനുള്ള സുരക്ഷിത സ്ഥലത്ത് ആദ്യം ആനയെ കണ്ടെത്തിയെങ്കിലും ആന പിന്നീട് കുന്നിൻ ചെരുവിലേക്ക് മാറുകയായിരുന്നു.
സമതലപ്രദേശത്തുവെച്ച് ആനയെ പിടികൂടുന്നതിനുള്ള സാഹചര്യം രാവിലെ ഒരുക്കിയിരുന്നു. വനം ചീഫ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ റേഞ്ച് ഓഫീസർ എൻ. രൂപേഷ് അടങ്ങുന്ന ഇരുപത്തഞ്ചംഗ ദ്രുതപ്രതികരണ സംഘമാണ് ആനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യത്തിലുണ്ടായിരുന്നത്.
ഇവർക്ക് സഹായികളായി വയനാട്ടിലെ മുത്തങ്ങയിൽ നിന്നെത്തിച്ച കോന്നി സുരേന്ദ്രൻ, ഭരത്, വിക്രം എന്നീ കുങ്കിയാനകളുമുണ്ടായിരുന്നു. ഒലവക്കോട്ടെ ആർ.ആർ.ടി.യടക്കം ജില്ലയിലെ അൻപതംഗ വനപാലക സംഘവും രംഗത്തുണ്ടായിരുന്നു. എന്നാൽ കൂടുതൽ ആളുകൾ പിന്തുടർന്നതോടെ ആന ഉൾക്കാട്ടിലേക്ക് നീങ്ങി.
പുലർച്ചെ നാലുമണിയോടെത്തന്നെ പി.ടി. സെവനെ പിടികൂടാനുള്ള നീക്കങ്ങൾ ആരംഭിച്ചിരുന്നു. കാൽപ്പാടുകൾ പിന്തുടർന്ന് ആനയെ കണ്ടെത്തിയിരുന്നെങ്കിലും മയക്കുവെടി വെയ്ക്കാൻ പാകത്തിൽ ആനയെ കിട്ടിയില്ല. തുടർന്ന് ആന ഉൾക്കാട്ടിലേക്ക് പോയതോടെ ഇന്നത്തെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. സുരക്ഷിത സ്ഥലത്ത് ഒറ്റയ്ക്ക് പി.ടി. ഏഴാമനെ കണ്ടെത്തിയാൽ മയക്കു വെടിയുതിർത്ത് പിടികൂടാനായിരുന്നു ശ്രമം.
പാലക്കാട് ടസ്‌കർ സെവൻ നാല് വർഷമായി ജനവാസ മേഖലയിൽ ഇറങ്ങുന്നു. 2022 ജൂലൈ 8 എട്ടിന് പ്രഭാത സവാരിക്കാരനെ ആന ചവിട്ടിക്കൊന്നിരുന്നു. മായാപുരം സ്വദേശി ശിവരാമൻ ആണ് കൊല്ലപ്പെട്ടത്. 2022 നവംബർ മുതൽ ഇടവേളകൾ ഇല്ലാതെ വിലസുകയായിരുന്നു പിടി 7. ധോണി, മായാപുരം, മുണ്ടൂർ, അകത്തേത്തറ, മലമ്പുഴ മേഖലകളിൽ കാട്ടുകൊമ്പൻ പതിവായി എത്താറുണ്ട്. പാടം കതിര് അണിഞ്ഞാൽ കാട് ഇറങ്ങുന്നത് പതിവാണ്. ഇടയ്ക്ക് രണ്ടോ മൂന്നോ ആനകൾ ഒപ്പമുണ്ടാവാറുണ്ടെങ്കിലും മിക്കപ്പോഴും തനിച്ചാണ് കാട്ടുകൊമ്പന്റെ വരവ്.
പി ടി സെവനെ മയക്കുവെടി വച്ചാൽ കുങ്കിയാനകളുടെ സഹായത്തോടെ കൂട്ടിലേക്ക് എത്തിക്കും. 140 യൂക്കാലിപ്‌സ് മരം കൊണ്ടുള്ള കൂടാണ് ഒരുക്കിയിരിക്കുന്നത്. ആറടി ആഴത്തിൽ കുഴിയെടുത്ത് തൂണ് പാകി, മണ്ണിട്ടും വെള്ളമൊഴിച്ചും ഉറപ്പിച്ചതാണ് കൂട്. ആന കൂട് തകർക്കാൻ ശ്രമിച്ചാലും പൊട്ടില്ല. യൂക്കാലിപ്‌സ് ആയതിനാൽ ചതവേ വരൂ. നാലുവർഷം വരെ കൂട് ഉപോയോഗിക്കാം. കൂടിന്റെ ഫിറ്റ്‌നസ് ഉറപ്പാക്കിയിട്ടുണ്ട്.
കാട്ടാനയെ പിടികൂടിയാൽ കൊണ്ടുവരാനുള്ള ലോറി തയാറായി എത്തിയിരുന്നു. ലോറിയുടെ പിൻഭാഗത്തു മരത്തടികൾ കൊണ്ടു കവചം ഒരുക്കിയിട്ടുണ്ട്. ലോറിക്കു പോകാനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു വഴി ഒരുക്കി. വെടിവയ്ക്കാൻ യോജ്യമായ സ്ഥലം കണ്ടെത്തിയാൽ അവിടേക്കു വഴി ഒരുക്കാനാണ് തീരുമാനം.
ആനയുടെ കൂട്ടിൽ ചൂടു കുറയ്ക്കാൻ മണ്ണു ദിവസവും നനച്ചു കൊടുക്കുന്നുണ്ട്. പി ടി ഏഴാമനെ പിടികൂടിയാൽ നൽകാനുള്ള പ്രത്യേക ഭക്ഷണവും മരുന്നും തയാറായിട്ടുണ്ട്.
ഏഴാമനൊപ്പം മറ്റു കാട്ടാനകൾ ഉള്ളത് വെല്ലുവിളിയാണ്. ഏഴാമനെ ഈ കൂട്ടത്തിൽ നിന്നകറ്റിയാൽ എങ്ങനെ പ്രതികരിക്കുമെന്നതു വനംവകുപ്പ് ആശങ്കയോടെ കാണുന്നു. ഉൾകാട്ടിൽ വച്ചു മയക്കുവെടി വച്ചാൽ അതിനെ അത്രയും ദൂരത്തു നിന്നു കൂട്ടിൽ എത്തിക്കുന്നതു പ്രയാസമാകും. ഉൾക്കാട്ടിലും ജനവാസ മേഖലയിലും അല്ലാത്ത സ്ഥലത്ത് ആനയെ എത്തിച്ചു വേണം വെടിവയ്ക്കാൻ.
ധോണിയിൽ വനമേഖലയിൽ തുറസ്സായ സ്ഥലമില്ലാത്തതു ചെറിയ പ്രതിസന്ധിയാണ്. സുൽത്താൻബത്തേരിയിലെ കാട്ടിൽ തുറസ്സായ സ്ഥലം കൂടുതൽ ഉണ്ടായതു പി.എം.രണ്ടാമനെ പിടിക്കാനുള്ള ശ്രമങ്ങൾക്കു സഹായമായി. വെടിവച്ചാലും മയങ്ങാൻ കുറഞ്ഞത് അര മണിക്കൂർ വേണ്ടി വരും. ഈ സമയത്തിനുള്ളിൽ ആന എങ്ങോട്ട്, എവിടെ വരെ പോകുമെന്നതും ആശങ്ക ഉയർത്തുന്നു.
മറുനാടന് മലയാളി ബ്യൂറോ