തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ അവയവമാറ്റ ശസ്ത്രക്രിക്ക് വിധേയനായ രോഗിക്ക് ആവശ്യമായ ചികിത്സാ സാമഗ്രികൾ വാങ്ങിപ്പിച്ചത് തലസ്ഥാനത്ത പ്രമുഖ സ്വകാര്യ ആശുപത്രിയായ കിംസിൽ നിന്ന്. തിരുവനന്തപുരം ഉച്ചക്കട കുളത്തൂർ സ്വദേശിയായ 42 കാരൻ സജികുമാറിനെ ശസ്ത്രക്രിക്കിടെയായിരുന്നു മെഡിക്കൽ കോളേജുകാരുടെ ഈ നടപടി. അവയവം സൂക്ഷിക്കുന്നതിനുള്ള ലായനിയും മറ്റ് അനുബന്ധ സാധനങ്ങളും ഉൾപ്പെടെ ഡോക്ടർമാർ നിർദ്ദേശിച്ചത് പ്രകാരമുള്ള മൂന്ന് തരം സാധനങ്ങൾ കിംസിൽ നിന്ന് വാങ്ങി നൽകി.

35,934 രൂപയാണ് കിംസ് ആശുപത്രിയുടെ ഫാർമസിയിൽ ബന്ധുക്കൾ അടച്ചത്. സർക്കാർ ആശുപത്രിയിൽ നടക്കുന്ന സുപ്രധാനമായ ശസ്ത്രക്രിക്ക് ആവശ്യമായ സാമഗ്രികൾ എന്തിന് സ്വകാര്യ ആശുപത്രിയിൽ നിന്ന് വാങ്ങിയെന്ന ചോദ്യമാണ് ഉയരുന്നത്. അവയവമാറ്റ ശസ്ത്രക്രിയ സമ്പൂർണമായി സൗജന്യമെന്ന് വീമ്പുപറയുന്ന ആരോഗ്യമന്ത്രി വീണാ ജോർജ് ഉൾപ്പെടെയുള്ള ചുറ്റും നടക്കുന്നത് ഇനിയെങ്കിലും മനസിലാക്കണം. വാങ്ങിയ സാധനങ്ങൾ ആശുപത്രിയിലില്ലെങ്കിൽ പകരം സംവിധാനം ഏർപ്പെടുത്തേണ്ടത് ആശുപത്രിയുടെ ബാധ്യതയായിരിക്കെയാണ് രോഗിയുടെ ബന്ധുക്കളെ കിംസിൽ അയച്ച് സാധനങ്ങൾ വാങ്ങിയത്. വൃക്ക വേർപെടുത്തുന്നതിന് മുമ്പ് കുത്തിയവയ്ക്കുന്നതും വച്ചു പിടിപ്പിക്കുന്നത് വരെ വൃക്ക സൂക്ഷിക്കുന്നതിനുമുള്ള ലായനിയും രണ്ട് തരം ബാഗുകളുമാണ് ഇത്തരത്തിൽ വാങ്ങിയത്.

കഴിഞ്ഞമാസം 25നായിരുന്നു ശസ്ത്രക്രിയ. തുടർന്ന് രണ്ട് തവണ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കേണ്ടി വന്നു. ഡിസ്ചാർജ് ചെയ്യാനിരിക്കെ ഇന്നലെ രോഗിമരിക്കുകയും ചെയ്തു. ശ്രീചിത്ര മെഡിക്കൽ സെന്ററിൽ മസ്തിഷ്‌ക മരണത്തെ തുടർന്ന് മരിച്ച ശാസ്തമംഗലം ആർ കെ ഡി എൻ എസ് എസ് ഹയർസെക്കന്ററി സ്‌കൂളിലെ അദ്ധ്യാപിക ഗോപിക റാണിയുടെ വൃക്കയാണ് ദാനം ചെയ്തത്.

24ന് വൈകിട്ടായിരുന്നു മരണം സ്ഥിരീകരിച്ചത്. 25ന് രാവിലെയായിരുന്നു ശസ്ത്രക്രിയ. പിറ്റേദിവസമായ 26ന് രാവിലെയാണ് കിംസ് ആശുപത്രിയിലെ ഫാർമസിയിൽ നിന്ന് സജികുമാറിനായി വീട്ടുകാർ സാധനങ്ങൾ വാങ്ങിയത്. ഇവ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി ട്രാൻസ്പ്ലാന്റ് ഐസിയുവിൽ കൈമാറുകയും ചെയ്തു. മരണാനന്തര അവയവദാനം ഏകോപിപ്പിക്കുന്ന കെ സോട്ടോയിലൂടെയാണ് സജികുമാറിന് ശസ്ത്രക്രിയ നടത്തിയത്. മെഡിക്കൽ കോളേജിലെ നെഫ്രോളജി വിഭാഗത്തിലെ ഡോ.നോബിൾ ഗ്രേഷ്യസാണ് കെ സോട്ടോയുടെ നോഡൽ ഓഫീസർ.

അവയവദാനം മുതൽ ശസ്ത്രക്രിയ പൂർത്തിയായി രോഗി സുഖംപ്രാപിക്കുന്നത് വരെ കെ സോട്ടോയുടെ ഉത്തരവാദിത്വമാണ്. മരണാനന്തര അവയവദാനം നടത്തുന്നതിന് ആവശ്യമായി ചെലവുകൾക്ക് വിനിയോഗിക്കാനായി കെ സോട്ടോയിൽ പ്രത്യേക തുകയുണ്ട്. കേന്ദ്ര സംസ്ഥാന സർക്കാരുടെ പ്രതിവർഷം കെ സോട്ടോയ്ക്ക് ഗ്രാന്റ ലഭ്യമാക്കാറുമുണ്ട്. ഈ സാഹചര്യത്തിണ് കൂലിപ്പണിക്ക് പോയി ഉപജീവനം നടത്തുന്ന വ്യക്തി ശസ്ത്രക്രിയയ്ക്ക് വിധേയനായപ്പോൾ സ്വകാര്യ ആശുപത്രിയിലെ ഫാർമസിയിൽ നിന്ന് സാധനം വാങ്ങി, ബന്ധുക്കളെ കൊണ്ട് പണം അടപ്പിച്ചത്.

ശാസ്തമംഗംലം ആർ കെ ഡി എൻ എസ് എസ് സ്‌ക്കൂളിലെ ഗോപിക റാണി ടീച്ചറുടെ മസ്തിഷ്‌ക മരണത്തെ തുടർന്നുള്ള അവയവദാനത്തിലൂടെയാണ് സജികുമാറിന് അവയവം ലഭിച്ചത്. മറ്റൊരു ജീവൻ രക്ഷിക്കാനായി ഗോപികയുടെ ഭർത്താവും ഉറ്റവരും കാരുണ്യ ഹസ്തം നീട്ടിയെങ്കിലും ആശുപത്രി അധികൃതർക്ക് ആമനസ് ഉണ്ടായില്ലെന്ന് തെളിയുകയാണ്. പ്രസിദ്ധ ചിത്രകാരൻ ചിറയിൻകീഴ് ശ്രീകണ്ഠൻ നായരുടെയും ഗിരിജാകുമാരിയുടെയും മകളാണ് ഗോപി കാറാണി. കമ്യൂണിറ്റി പൊലീസ് ഓഫീസ് കൂടിയായിരുന്നു ടീച്ചർ. ഓഗസ്റ്റ് 19ന് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് പക്ഷാഘാതമുണ്ടാകുയും തുടർന്ന് ശ്രീചിത്ര മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില മോശമായി തുടരുകയും 24ന് മസ്തിഷ്‌കമരണം സ്ഥിരീകരിക്കുകയുമായിരുന്നു.