കണ്ണൂർ: അനുവദിച്ചത് 35 ലക്ഷം രൂപ. വാങ്ങിയത് 32 ലക്ഷത്തിന്റെ കാറും. ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജനു പുതിയ ഇന്നോവ ക്രിസ്റ്റ കാറിൽ യാത്ര തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയനെ പോലെ കറുത്ത നിറമുള്ള കാറാണ് ജയരാജനും വാങ്ങിയെന്നത് ശ്രദ്ധേയമാണ്. കണ്ണൂരിലെ രണ്ടു സിപിഎം കരുത്തരും കറുത്ത കാറിൽ ഇനി കറങ്ങും. ഇന്നലെ രാവിലെ പത്തോടെ നഗരത്തിലെ ഷോറൂമിൽ നിന്ന് കണ്ണൂർ ഖാദി ബോർഡ് ഓഫിസിനു മുന്നിൽ എത്തിച്ച കാർ ജയരാജൻ ഏറ്റുവാങ്ങി.

ഖാദി ബോർഡ് ജില്ലാ പ്രോജക്ട് ഓഫിസർ ഐ.കെ.അജിത്ത് കുമാർ വാഹനത്തിന്റെ രേഖകളിൽ ഒപ്പു വച്ചു. ഖാദി വില്ലേജ് ഇൻഡസ്ട്രീസ് ഓഫിസർ കെ.വി.ഫാറൂഖും സംബന്ധിച്ചു. തുടർന്നു പുതിയ വാഹനത്തിൽ ജയരാജൻ ഏഴോത്ത് പരിപാടിയിൽ പങ്കെടുക്കാനായി പോയി. ജയരാജൻ ഉപയോഗിച്ചിരുന്ന 12 വർഷത്തിൽ അധികം പഴക്കമുള്ള ഇന്നോവ കാർ, തിരുവനന്തപുരം ബോർഡ് ഓഫിസിലേക്കു കൊണ്ടുപോകും. ജയരാജനു പുതിയ കാർ വാങ്ങാൻ സർക്കാർ 32 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതു സംബന്ധിച്ച് വിവാദവും ഉയർന്നിരുന്നു.

32,11, 729 രൂപയാണ് കാറിന്റെ വില. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ജയരാജന് പുത്തൻ കാർ വാങ്ങുന്നതിന് 35 ലക്ഷം രൂപ അനുവദിച്ചത് വിവാദമായിരുന്നു. പത്ത് വർഷത്തിലധികം പഴക്കമുള്ള കാറാണ് മാറ്റിയതെന്നാണ് ഖാദി ബോർഡിന്റെ വിശദീകരണം. ട്രേഡിങ് അക്കൗണ്ടിൽ നിന്ന് ഫണ്ടെടുത്ത് ഇലട്രിക്ക് വാഹനം വാടകക്ക് എടുക്കാമെന്ന നയത്തിന് വിരുദ്ധമായാണ് പുതിയ വാഹനം വാങ്ങിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു.

അതിന് പിന്നാലെ ജയരാജന് വാഹനം വാങ്ങാനുള്ള തീരുമാനം വിവാദമായിരുന്നു. കാലപ്പഴക്കവും ദീർഘദൂര യാത്രകൾക്കുള്ള ബുദ്ധിമുട്ടും കണക്കിലെടുത്താണ് പി ജയരാജന് പുതിയ കാർ വാങ്ങുന്നതെന്നാണ് സർക്കാർ വിശദീകരണം. കടക്കെണിയിലായ കേരളത്തിന്റെ ഖജനാവിൽ നിന്നും 35 ലക്ഷത്തിന്റെ കാർ വാങ്ങുന്നത് സർക്കാരിന്റെ ധൂർത്താണെന്നായിരുന്നു പ്രതിപക്ഷവും രാഷ്ട്രീയ എതിരാളികളും വിമർശനം ഉയർത്തിയത്. സമൂഹ മാധ്യമങ്ങളിലും ഇക്കാര്യം വലിയ ചർച്ചയായി മാറിയിരുന്നു. ഇതേ തുടർന്ന് ഈ വിഷയത്തിൽ തന്റെ വിശദീകരണവുമായി പി ജയരാജൻ രംഗത്തുവന്നിരുന്നു.

കിഴക്കെകതിരൂരിലെ വീട്ടിൽ വെച്ചു തിരുവോണ ദിവസം തനിക്കെതിരെ നടന്ന വധശ്രമം വീട്ടിലെ സ്റ്റൂളും കസേരയുമൊക്കെ ഉപയോഗിച്ചാണ് തടഞ്ഞതെന്നും ബുള്ളറ്റ് പ്രൂഫുകൊണ്ട് അല്ലെന്നുമായിരുന്നു ജയരാജന്റെ വിശദീകരണം. ആരോഗ്യപ്രശ്നമുള്ള പി ജയരാജന് സഞ്ചരിക്കുന്നതിനായി 35 ലക്ഷം രൂപ വരെ വിലയുള്ള കാർ വാങ്ങാമെന്നായിരുന്നു വ്യവസായ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞിരുന്നത്. ഇതാണ് വിമർശനത്തിനിടയാക്കിയത്. ഉയർന്ന സുരക്ഷാ ക്രമീകരണമുള്ള കാറാണ് വാങ്ങുന്നതെന്ന വാക്കുകളും വിവാദമായി മാറിയിരുന്നു. ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങുന്നു എന്ന തരത്തിൽ ചർച്ചകളും എത്തി.

ബുള്ളറ്റ് പ്രൂഫ് വാഹനമെത്തുന്നു എന്നത് വലതുപക്ഷ മാധ്യമ സൃഷ്ടിയാണെന്ന് പി ജയരാജൻ താക്കോൽ കൈമാറൽ ചടങ്ങിനിടെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. താൻ ഉപയോഗിച്ചിരുന്ന പഴയ വാഹനം രണ്ടു ലക്ഷം കിലോമീറ്റർ ദൂരം സഞ്ചരിച്ചതായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ കാർ വാങ്ങാനുള്ള ആവശ്യം സർക്കാർ പരിഗണിക്കുന്നതും അനുമതി നൽകികൊണ്ട് ഉത്തരവിറക്കുന്നതും.

നവംബർ 17 നാണ് വ്യവസായ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. പഴയ വാഹനം വയനാട് പ്രൊജക്ടിനായി കൈമാറുമെന്നും പി ജയരാജൻ അറിയിച്ചിരുന്നു. ഖാദി ബോർഡിന് പുതിയ കാർ അനുവദിച്ചത് വ്യവസായ വകുപ്പാണ്.