- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂരിൽ എസ്ഐ ആയിരിക്കെ പീഡനക്കേസിൽ അറസ്റ്റിലായി; എന്നിട്ടും സിഐയായി പ്രൊമോഷൻ നൽകി 'പാരിതോഷികം'; തൊഴിൽ തട്ടിപ്പ് കേസിൽ ഭർത്താവ് അറസ്റ്റിലായ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത് നിരവധി തവണ; ഒൻപതോളം തവണ വകുപ്പുതല അച്ചടക്ക നടപടി; ആറ് ക്രിമിനൽകേസുകൾ; സി ഐ പി ആർ സുനുവിനെ സർവീസിൽ നിന്ന് പിരിച്ചുവിടും
തിരുവനന്തപും: തൃക്കാക്കര കൂട്ട ബലാത്സംഗ കേസ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ സിഐ പി.ആർ. സുനുവിനെ സർവീസിൽ നിന്ന് പിരിച്ചുവിടും. ഇതിനുള്ള കരട് ഉത്തരവ് നിയമസെക്രട്ടറി അംഗീകരിച്ച് ആഭ്യന്തര വകുപ്പിന് കൈമാറി.
പി.ആർ. സുനുവിന്റെ പിരിച്ചുവിടൽ ഉത്തരവു മാതൃകയാക്കി ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട പൊലീസുകാർക്കെതിരെയും പിരിച്ചുവിടലുണ്ടാകും. പോക്‌സോ പ്രതികൾ ഉൾപ്പടെ അറുപതോളം പേർ ഗുരുതര ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പൊലീസുകാരുടെ പട്ടികയിലുണ്ട്.
പി.ആർ. സുനുവിന്റെ കേസുകൾ സംബന്ധിച്ച വിവാദത്തിന് പിന്നാലെയാണ് സംസ്ഥാന പൊലീസിൽ ക്രിമിനൽ കേസ് പ്രതികളായ 828 പൊലീസ് ഉദ്യോഗസ്ഥരുള്ളതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞിരുന്നു. നേരത്തെ കൊച്ചി കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്‌പെൻഡ് ചെയ്തിരുന്നു. സുനുവിന് സാമൂഹിക വിരുദ്ധരുമായി ബന്ധമുണ്ടെന്നായിരുന്നു അന്വേഷണ റിപ്പോർട്ട്.
ബലാത്സംഗം അടക്കമുള്ള നിരവധി കേസുകളിൽ പ്രതിയാണ് സുനു. തൃശൂരിൽ എസ് ഐ ആയിരുന്നപ്പോൾ പീഡനക്കേസിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. എൻജിനിയറിങ് ബിരുദധാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നായിരുന്നു കേസ്. എന്നിട്ടും ഇയാളെ സിഐയായി പ്രെമോഷൻ നൽകിയെന്നതാണ് വസ്തുത.
കൊച്ചി മരട് സ്വദേശിയാണ് പി ആർ സുനു. മുളവുകാട് സ്റ്റേഷനിൽ ജോലി ചെയ്യവേ, ഒരു പരാതിയുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെത്തിയ ബിടെക്ക് ബിരുദധാരിയായ യുവതിയെ ബലാത്സംഗം ചെയ്തെന്നായിരുന്നു പരാതി. ഈ കേസിൽ ഇയാൾ റിമാൻഡിൽ ആയിട്ടുണ്ട്. തുടർന്നാണ് കോഴിക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. കഴിഞ്ഞ 8 മാസമായി പി ആർ സുനു കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ആണ്.
സുനു ഉൾപ്പെടെയുള്ള സംഘം പീഡിപ്പിച്ചതായി ആരോപിച്ച് തൃക്കാക്കര സ്റ്റേഷൻ പരിധിയിലെ താമസക്കാരിയായ വീട്ടമ്മയാണ് പരാതി നൽകിയത്. കഴിഞ്ഞ മേയിലായിരുന്നു പരാതി നൽകിയിരുന്നത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയായിരുന്നു. തൃക്കാക്കരയും കടവന്ത്രയും അടക്കം വിവിധ സ്ഥലങ്ങളിൽവച്ചാണ് പീഡനം നടന്നതെന്ന് പരാതിക്കാരി ആരോപിക്കുന്നു. തൊഴിൽ തട്ടിപ്പ് കേസിൽ യുവതിയുടെ ഭർത്താവ് ജയിലിലാണ്. ഭർത്താവിന്റെ സുഹൃത്ത് അടക്കം ആറ് പ്രതികളാണ് കേസിലുള്ളത്. കേസിലെ മൂന്നാം പ്രതിയാണ് സുനു.
കഴിഞ്ഞ മെയ് മാസം തൊട്ട് ഭീഷണിപ്പെടുത്തി പലതവണ ബലാത്സംഗം ചെയ്‌തെന്നാണ് ഇന്നലെ യുവതി നൽകിയ പരാതിയിൽ പറയുന്നത്. സി ഐ അടക്കമുള്ളവരാണ് ബലാത്സംഗം ചെയ്തത്. പരാതിപ്പെട്ടാൽ ജീവന് വരെ ഭീഷണിയുണ്ടായേക്കാമെന്നുള്ളതുകൊണ്ടും ജയിലിൽ കഴിയുന്ന ഭർത്താവിനെതിരെ കൂടുതൽ നടപടിയുണ്ടായേക്കാമെന്നും ഭയന്നാണ് പരാതി നൽകാൻ വൈകിയതെന്ന് യുവതി വ്യക്തമാക്കി. തൃക്കാക്കരയിലാണ് പരാതിക്കാരി താമസിക്കുന്നത്. ഇവരുടെ വീട്ടിൽവച്ചും പലയിടത്തുകൊണ്ടുപോയും പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
കോസ്റ്റൽ സ്റ്റേഷൻ ഉൾപ്പെടുന്ന ഫറോക്ക് സബ് ഡിവിഷന്റെ ചുമതലക്കാരനായ അസിസ്റ്റന്റ് കമ്മീഷണറെ അറിയിച്ചശേഷമാണ് തൃക്കാക്കര പൊലീസ് കോസ്റ്റൽ സ്റ്റേഷനിൽ എത്തിയത്. വീട്ടമ്മയുടെ പരാതിയിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് വിവരം. കേസിൽ വീട്ടമ്മയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. സിഐക്ക് പുറമേ ക്ഷേത്ര ജീവനക്കാരൻ ഉൾപ്പെടെ മൂന്ന് പ്രതികളാണ് കേസിലുള്ളത്.
ഒൻപതോളം തവണ വകുപ്പ് തല അച്ചടക്ക നടപടിക്കു വിധേയനാകുകയും 6 ക്രിമിനൽ കേസുകളിൽ പ്രതിയാകുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥനാണ് സുനു. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നിലവിൽ അന്വേഷണം അവസാനിപ്പിച്ചതടക്കം എല്ലാ കേസുകളും പുനഃപരിശോധിക്കാൻ ഡിജിപി ഉത്തരവിട്ടിരുന്നു. പി.ആർ.സുനുവിനെ സർവീസിൽനിന്ന് പിരിച്ചുവിടാൻ ശുപാർശ ചെയ്ത് ഡിജിപി അനിൽകാന്ത് ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയിയിരുന്നു.
തൃക്കാക്കര കൂട്ടബലാത്സംഗക്കേസിലെ അതിജീവിതയുടെ പരാതിയിൽ പലതവണ ചോദ്യം ചെയ്തിട്ടും സുനുവിനെ പ്രതിചേർക്കാൻ ആവശ്യമായ തെളിവുകൾ ലഭിച്ചില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. സുനുവടക്കം പത്ത് പ്രതികൾ കേസിൽ ഉണ്ടെന്ന് പറയുമ്പോഴും അഞ്ച് പേരേ മാത്രമേ പരാതിക്കാരിക്ക് തിരിച്ചറിയാൻ കഴിഞ്ഞുള്ളുവെന്നും പൊലീസ് പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ