- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്മപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ദിലീപ് മഹലനോബിസും മുലായം സിങ് യാദവുമടക്കം ആറ് പേർക്ക് പത്മവിഭൂഷൺ; വാണി ജയറാം അടക്കം ഒൻപത് പേർക്ക് പത്മഭൂഷൺ; ഗാന്ധിയൻ വി.പി. അപ്പുക്കുട്ടൻ പൊതുവാൾ അടക്കം നാല് മലയാളികൾക്ക് പത്മശ്രീ
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 106 പേർക്കാണ് ബഹുമതി. ഇതിൽ ആറുപേർക്കാണ് രണ്ടാമത്തെ പരമോന്നത പുരസ്‌കാരമായ പത്മ വിഭൂഷൺ ലഭിച്ചത്. പത്മ വിഭൂഷണിന് തൊട്ടു താഴെയുള്ള പത്മഭൂഷൺ 9 പേർക്കും 91 പേർക്ക് നാലാമത്തെ പരമോന്നത പുരസ്‌കാരമായ പത്മശ്രീയും ലഭിച്ചു.
ഗാന്ധിയൻ വി പി അപ്പുക്കുട്ടൻ പൊതുവാളിന് പുറമേ മറ്റു മൂന്ന് പേർക്ക് കൂടി പത്മശ്രീ ലഭിച്ചത് കേരളത്തിന് അഭിമാനമായി. വിദ്യാഭ്യാസരംഗത്തെ സംഭാവനകൾ മാനിച്ച് സി ഐ ഐസക്ക്, കാർഷികരംഗത്തെ സംഭാവനകൾ മാനിച്ച് ചെറുവയൽ കെ രാമൻ, കായികരംഗത്തെ സംഭാവനകൾ കണക്കിലെടുത്ത് എസ് ആർ ഡി പ്രസാദ് എന്നിവരാണ് മറ്റു പത്മശ്രീ അവാർഡ് നേടിയ മലയാളികൾ.
ബാൽകൃഷ്ണ ദോഷി, തബലിസ്റ്റ് സക്കീർ ഹുസൈൻ, മുൻ കേന്ദ്രമന്ത്രി എസ് എം കൃഷ്ണ, ശ്രീനിവാസ് വർദ്ധൻ, എസ്‌പി നേതാവ് മുലായം സിങ് യാദവ്, ഒആർഎസ് ലായനി വികസിപ്പിച്ച ദിലീപ് മഹലനാബിസ് എന്നിവർക്കാണ് രണ്ടാമത്തെ പരമോന്നത പുരസ്‌കാരമായ പത്മ വിഭൂഷൺ. മരണാനന്തര ബഹുമതിയായാണ് ദിലീപ് മഹലനാബിസിനും മുലായം സിങ് യാദവിനും ബാൽകൃഷ്ണ ദോഷിക്കും പുരസ്‌കാരം നൽകിയത്. പത്മഭൂഷൺ ലഭിച്ച ഒൻപത് പേരിൽ ഗായിയ വാണി ജയറാമും ഉൾപ്പെടുന്നു. സുധാ മൂർത്തി, കപിൽ കപൂർ, ദീപക് ദർ തുടങ്ങിയവരാണ് പത്മഭൂഷൺ ലഭിച്ചവർ.
#PadmaAwards2023 | V P Appukuttan Poduvalm Gandhian & Freedom Fighter from Payyanur awarded Padma Shri in the field of Social Work (Gandhian). pic.twitter.com/dDX5F5cgr7
- ANI (@ANI) January 25, 2023
പയ്യന്നൂർ സ്വദേശിയായ വിപി അപ്പുക്കുട്ടൻ പൊതുവാൾ സ്വാതന്ത്ര്യ സമര സേനാനിയാണ്. 1942 ലെ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിൽ പങ്കെടുത്തിട്ടുണ്ട്. 99 വയസാണ്. സംസ്‌കൃത പണ്ഡിതനാണ്. എട്ട് പതിറ്റാണ്ടായി പിന്നാക്ക വിഭാഗത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുകയായിരുന്നു.
ഗാന്ധിയെയും ഖാദിയെയും കൂട്ടുപിടിച്ച ജീവിതമാണ് വി.പി.അപ്പുക്കുട്ടൻ പൊതുവാളിന്റേത് (99). പരേതരായ കരിപ്പത്ത് കമ്മാരപ്പൊതുവാളുടെയും വി.പി.സുഭദ്രാമ്മയുടെയും മകനായി 1923 ഒക്ടോബർ 9നാണ് ജനനം. സ്വതന്ത്രസമരസേനാനി, ഖാദിപ്രചാരകൻ, എഴുത്തുകാരൻ തുടങ്ങിയ മേഖലകളിൽ അദ്ദേഹം സാന്നിധ്യം അറിയിച്ചു. 1934 ജനുവരി 12ന് ഗാന്ധിജിയെ കാണാനും പ്രസംഗം കേൾക്കാനും ഇടയായതാണ് ജീവിതത്തിൽ വഴിത്തിരിവായത്.
1930ന് ഉപ്പുസത്യാഗ്രഹ ജാഥ നേരിട്ടുകണ്ടത് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാകുന്നതിലേക്ക് നയിച്ചു. 1942-ൽ വി.പി.ശ്രീകണ്ഠപൊതുവാളെ ബ്രിട്ടിഷ് പൊലീസ് അറസ്റ്റ് ചെയ്തതോടെ സമരരംഗത്ത് സജീവമായി. സമരസമിതിയുടെ നിർദ്ദേശാനുസരണം പിന്നണിയിൽ പ്രവർത്തിച്ച അദ്ദേഹം വിദ്യാർത്ഥി വിഭാഗത്തിന്റെ നേതൃത്വം ഏറ്റെടുത്തു. പ്രവർത്തനങ്ങളെ തുടർന്ന് 1943ൽ അറസ്റ്റിലെങ്കിലും തെളിവില്ലാത്തതിന്റെ പേരിൽ തലശ്ശേരി കോടതി വിട്ടയച്ചു.
1944ൽ അഖില ഭാരതീയ ചർക്കസംഘത്തിന്റെ കേരള ശാഖയിൽ ചേർന്നു പ്രവർത്തിച്ചു.1957ൽ കെ.കേളപ്പൻ സജീവ രാഷ്ട്രീയം ഉപേക്ഷിച്ചതോടെ അപ്പുക്കുട്ടൻ പൊതുവാളും സജീവ രാഷ്ട്രീയം ഉപേക്ഷിച്ച് ഗാന്ധിയൻ പ്രവർത്തനങ്ങളിലും ഖാദി പ്രവർത്തനങ്ങളിലും സജീവമായി. 1947 മുതൽ മദിരാശി സർക്കാരിന് കീഴിൽ പയ്യന്നൂരിലെ ഊർജിത ഖാദി കേന്ദ്രത്തിന്റെ ചുമതലക്കാരനായും 1962 മുതൽ അഖില ഭാരതീയ ഖാദി ഗ്രാമോദ്യോഗ കമ്മിഷനിൽ സീനിയർ ഓഡിറ്ററായും പ്രവർത്തിച്ചു. വിനോഭഭാവെ, ജയപ്രകാശ് നാരായണൻ എന്നിവരോടൊപ്പം ഭൂദാനപദയാത്രയിലും പങ്കാളിയായി.
20ാം നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ വൈദ്യശാസ്ത്ര കണ്ടുപിടിത്തങ്ങളിൽ ഒന്നായ ഒആർഎസ് ലായനി വികസിപ്പിച്ച ദിലീപ് മഹാലാനബിസിനാണ് പത്മവിഭൂഷൺ. 5 കോടിയോളം പേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ച ഒആർഎസ് ലായനിയുടെ കണ്ടുപിടിത്തം തന്നെയാണ് ഇദ്ദേഹത്തെ പുരസ്‌കാരത്തിന് അർഹനാക്കിയത്.
കോളറ ബാധിച്ച കോടിക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ച ഈ ഓറൽ റീഹൈഡ്രേഷൻ തെറാപ്പി വികസിപ്പിച്ച ഡോക്ടറും ഗവേഷകനുമായിരുന്നു ദിലിപ് മഹലനാബിസ്. 1971-ലെ ബംഗ്ലാദേശിലെ വിമോചനയുദ്ധകാലത്ത് അഭയാർഥി ക്യാമ്പിൽ കോളറയും ഡയേറിയയും പൊട്ടിപ്പുറപ്പെട്ടപ്പോൾ അവിടെ രക്ഷയായത് മഹലനാബിസിന്റെ കണ്ടുപിടുത്തമായിരുന്നു. 2022 ഒക്ടോബർ 16-ന് ആയിരുന്നു അദ്ദേഹം അന്തരിച്ചത്.
1934 നവംബർ 12-ന് പശ്ചിമ ബംഗാളിലായിരുന്നു മഹലനാബിസിന്റെ ജനനം. കൊൽക്കത്തയിലും ലണ്ടനിലുമായിട്ടായിരുന്നു പഠനം. 1960-കളിൽ അദ്ദേഹം കൊൽക്കത്തയിലെ ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി ഇന്റർനാഷണൽ സെന്റർ ഫോർ മെഡിക്കൽ റിസേർച്ച് ആൻഡ് ട്രെയ്നിങ്ങിൽ ഗവേഷകനായി എത്തി. അവിടെ നിന്ന് ഡോ.ഡേവിഡ് ആർ നളിൻ, ഡോ റിച്ചാർഡ് എ കാഷ് എന്നിവർക്കൊപ്പം ചേർന്ന് ഒ.ആർ.എസ് (ഓറൽ റീഹൈഡ്രേഷൻ സൊലൂഷൻ) വികസിപ്പിച്ചു.
ആന്തമാൻ നിക്കോബാർ ദ്വീപുകളിൽ നിന്നുള്ള ഡോ രതൻ ചന്ദ്ര കൗർ, ഗുജറാത്ത് സ്വദേശി ഹിരാബായ് ലോബി, മധ്യപ്രദേശിൽ നിന്നുള്ള ഡോ മുനീശ്വർ ചന്ദെർ ദവർ, അസമിലെ ഹീറോ ഓഫ് ഹെരക എന്നറിയപ്പെടുന്ന രാംകുയ്വാങ്ബെ നെവ്മെ, ആന്ധ്ര സ്വദേശി സാമൂഹ്യപ്രവർത്തകൻ ശങ്കുരാത്രി ചന്ദ്രശേഖർ, തമിഴ്‌നാട്ടുകാരായ പാമ്പുപിടുത്തക്കാർ വടിവേൽ ഗോപാലും മാസി സദയാനും, സിക്കിമിൽ നിന്നുള്ള തുല രാം ഉപ്രേതി, ഹിമാചൽ സ്വദേശി ജൈവകൃഷിക്കാരൻ നെക്രാം ശർമ്മ, ഝാർഖണ്ഡിൽ നിന്നുള്ള എഴുത്തുകാരൻ ജനും സിങ് സോയ്, പശ്ചിമ ബംഗാളിൽ നിന്നുള്ള ധനിരാം ടോടോ, തെലങ്കാനയിൽ നിന്നുള്ള ഭാഷാ വിദഗ്ദ്ധൻ ബി രാമകൃഷ്ണ റെഡ്ഡി, ഛത്തീസ്‌ഗഡിലെ അജയ് കുമാർ മണ്ടവി, കർണാടകയിലെ നാടോടി നൃത്ത കലാകാരി റാണി മച്ചൈയ,മിസോറാം ഗായിക കെസി രുൺരെംസാംഗി, മേഘാലയയിലെ നാടൻ വാദ്യ കലാകാരൻ റിസിങ്ബോർ കുർകലാങ്, പശ്ചിമ ബംഗാളിലെ മംഗല കാന്തി റോയ്, നാഗാലാന്റിലെ മോവ സുബോങ്, കർണാടക സ്വദേശി മുനിവെങ്കടപ്പ, ഛത്തീസ്‌ഗഡ് സ്വദേശി ദൊമർ സിങ് കുൻവർ തുടങ്ങിയവരും പത്മശ്രീ പുരസ്‌കാരത്തിന് അർഹരായി.
മറുനാടന് മലയാളി ബ്യൂറോ