മൂന്നാർ :പള്ളിവാസലിൽ നടുറോഡിൽ പുലിയെ കണ്ടെന്ന് വീഡിയോ സഹിതം പ്രചാരണം. നാട്ടുകാർ ഭീതിയിൽ. വീഡിയോയുടെ ആധികാരികത പരിശോധിച്ചുവരികയാണെന്ന് വനംവകുപ്പ്.

വിനോദ സഞ്ചാരിയുമായി പോകുമ്പോൾ തന്റെ വാഹനത്തിന് മുന്നിൽ പുലിയെ കണ്ടെന്നുള്ള ശബ്ദ സന്ദേശത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്.വീഡിയോ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും വനംവകുപ്പ് അധികൃതർ അറയിച്ചു.

വാഹനത്തിന്റെ ഹെഡ്ലൈറ്റ് പ്രകാശം ഉള്ളതിനാൽ വീഡിയോയിൽ പുലിയെ വ്യക്തമായിക്കാണാം. പുലിയെ കണ്ടപ്പോൾ ഡ്രൈവർ വാഹനം പിന്നോട്ടെടുക്കുന്നതും ഈ അവസരത്തിൽ പുലി വാഹനത്തിന്റെ മുന്നിൽ ചാടിക്കയറാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.

വാഹനത്തെ ഏതാനും മീറ്ററുകൾ പിൻതുടർന്ന ശേഷം പുലി പാതയോരത്തെ കാട്ടിൽ മറയുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.പുലിയെ കണ്ടെന്നും രാത്രിയിൽ ആരും വീടിന് പുറത്തിറങ്ങരുതെന്നുമാണ് ശബ്ദസന്ദേശത്തിലെ മുന്നറിയപ്പ്.

ഈ വീഡിയോയും ശബ്ദസന്ദേശവും ഇന്നലെ രാത്രി മുതൽ വ്യാപകമായി സാമൂഹ്യമാധ്യമ ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്.ഇതെത്തുടർന്ന് മൂന്നാർ മേഖലയിൽ പുലി ആക്രമണ ഭീതി ശക്തമായിട്ടുണ്ട്.മൂന്നാറിന് സമീപമുള്ള പ്രദേശമാണ് പള്ളിവാസൽ.ഇവിടെ നിന്നും 12 കിലോമീറ്റർ ദൂരം പിന്നിട്ടാൽ പ്രധാന വിനോദഞ്ചാര കേന്ദ്രം കൂടിയായ മൂന്നാറിലെത്താം.

അടുത്തിടെ മുന്നാർ നെയമക്കാട് എസ്റ്റേറ്റിൽ കന്നുകാലികളെ കൊന്നൊടുക്കായ കടുവയെ വനം വകുപ്പ് അധികൃതർ കെണിയൊരുക്കി പിടികൂടിയിരുന്നു.ഈ അവസരത്തിൽ കടുവയും പുലിയുമെല്ലാം ഇനിയും മേഖലയിലുണ്ടെന്ന് നാട്ടുകാർ വെളിപ്പെടുത്തിയിരുന്നു.

ഇപ്പോൾ പുലിയെ കണ്ടതായുള്ള വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ നാട്ടുകാരുടെ വെളിപ്പെടുത്തൽ ശരിയായിരുന്നെന്ന തരത്തിലുള്ള പ്രചാരണവും ചൂടുപിടിച്ചിട്ടുണ്ട്.സാമാന്യം വലിപ്പമുള്ള പള്ളിപ്പുലിയാണ് വാഹനത്തിന് മുന്നിൽച്ചാടിയത്.വാഹനത്തിലുണ്ടായിരുന്ന വിനോദ സഞ്ചാരി പകർത്തിയ ദൃശ്യമാണ് പുറത്തുവന്നിട്ടുള്ളതെന്നാണ് സൂചന.

വന്യജീവികളെ ബന്ധപ്പെടുത്തി ജനങ്ങളെ ഭീതിയിലാക്കുന്നതരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ വ്യാപകമാണെന്നും സാമൂഹിക മാധ്യമങ്ങളാണ് ഇതിന് ചിലർ പ്രയോജനപ്പെടുത്തുന്നതെന്നും ഇത്തരം വ്യാജ പ്രചാരണങ്ങൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും മൂന്നാർ ഡി എഫ് ഒ രാജു കെ ഫ്രാൺസീസ് അറയിച്ചു.

അപൂർവ്വ ജീവജാലങ്ങളുടെ ചിത്രീകരണത്തിനെന്ന പേരിൽ വിദേശികൾ അടക്കമുള്ളവരുമായി എത്തി ചിലർ വീഡിയോ-ഫോട്ടോ ചിത്രീകരണം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.സ്ഥലപരിചയം ഇല്ലാത്തവരാണ് ചിത്രീകരണത്തിനെത്തുന്നതെങ്കിൽ വന്യമൃഗങ്ങളുടെ മുന്നിൽ അകപ്പെടുന്നതിന് സാധ്യത കൂടുതലാണ്.ഇത് നിയമ വിരുദ്ധമാണ്.ആയതിനാൽ അനധികൃതമായി വനത്തിൽ പ്രവേശിക്കുന്നവർ നിയമനപടികൾ നേരിടേണ്ടിവരും.ഡിഎഫ്ഒ വിശദമാക്കി.