കാഠ്മണ്ഡു: നേപ്പാളിൽ പൊഖാറ വിമാനത്താവളത്തിൽ ലാൻഡിങ്ങിനു തൊട്ടുമുൻപ് തകർന്നു വീണ വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. പ്രാദേശിക സമയം രാവിലെ 11.10നാണ് വിമാനം തകർന്നു വീണത്. ഇതുവരെ 45 മൃതദേഹങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.

വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെടാൻ സാധ്യതയില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരിൽ 10 പേർ വിദേശികളും 58 പേർ നേപ്പാളി പൗരന്മാരുമാണ്. വിമാന ജീവനക്കാരിൽ രണ്ടു പേർ പൈലറ്റുമാരും രണ്ടു പേർ എയർഹോസ്റ്റസുമാരുമാണെന്നും വിമാനക്കമ്പനിയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

രാവിലെ 10.33ന് 68 യാത്രക്കാരും നാലു ജീവനക്കാരുമായി കാഠ്മണ്ഡുവിലെ ത്രിഭുവൻ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന യതി എയർലൈൻസിന്റെ 9എൻ എഎൻസി എടിആർ 72 വിമാനമാണ് പൊഖാറ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനു തൊട്ടുമുൻപ് തകർന്നു വീണത്.

തകർന്നു വീണതിനു പിന്നാലെ വിമാനത്തിനു തീപിടിച്ചു. ഏറെ പണിപ്പെട്ടാണ് തീയണച്ചത്. അപകടത്തിനു പിന്നാലെ വിമാനത്താവളം താൽക്കാലികമായി അടച്ചു. കാഠ്മണ്ഡുവിൽനിന്ന് പൊഖാറയിലേക്ക് വന്ന വിമാനം ലാൻഡ് ചെയ്യുന്നതിനു തൊട്ടുമുൻപാണ് തകർന്നു വീണത്. പൊഖാറ രാജ്യാന്തര വിമാനത്താവളത്തിനും പഴയ വിമാനത്താവളത്തിനും ഇടയിൽ സേതി റിവർ വാലിയിലാണ് വിമാനം തകർന്നു വീണത്. വിമാനം പഴയ വിമാനത്താവളത്തിൽ ഇറക്കാനുള്ള ശ്രമത്തിനിടെയാണോ തകർന്നതെന്ന് സംശയിക്കുന്നതായി അധികൃതർ അറിയിച്ചു.

മധ്യ നേപ്പാളിലെ പ്രധാന വിമാനത്താവളമായിരുന്നു പൊഖാറ. ഇതിന് മൂന്ന് കിലോമീറ്റർ അകലെ ആഭ്യന്തര വിമാനത്താവളം പുതിയതായി നിർമ്മിച്ചു.  പ്രവർത്തനം ആരംഭിച്ച് 15ാം ദിവസമാണ് അപകടം ഉണ്ടായത്. ആഭ്യന്തര സർവീസ് നടത്തിയിരുന്ന വിമാനമാണ് തകർന്നത്.

യെതി എയർലൈൻസ് വക്താവ് സുദർശൻ ബർതുല അപകട വിവരം സ്ഥിരീകരിച്ചു. പൊഖാറയിലെ രണ്ട് വിമാനത്താവളങ്ങൾക്കിടയിലാണ് അപകടം നടന്നതെന്ന് അദ്ദേഹം പറഞ്ഞു. നേപ്പാൾ സർക്കാരിൽ നിന്ന് ഊർജ്ജിതമായ രക്ഷാപ്രവർത്തനം തുടരുന്നുണ്ട്. വിമാന സുരക്ഷയുടെ കാര്യത്തിൽ വളരെ മോശം ചരിത്രമുള്ള രാജ്യമാണ് നേപ്പാൾ. ഭൂപ്രകൃതിയാണ് ഇവിടെ വിമാനയാത്ര ദുഷ്‌കരമാക്കുന്നത്. ഉയർന്ന പ്രദേശങ്ങളിലാണ് വിമാനത്താവളം. റൺവേകൾ ചെറുതാണെന്നതും വെല്ലുവിളിയാണ്.



അപകടം നടന്ന പ്രദേശത്ത് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് കമ്പനി വക്താവ് സുദർശൻ ബർതൗള പറഞ്ഞു.നേപ്പാളിൽ വിമാനാപകടങ്ങൾ വളരെ സാധാരണമാണ്. ആഭ്യന്തര വിമാനങ്ങൾ മാത്രമല്ല, വിദേശ വിമാനങ്ങളും തകർന്ന് നൂറുകണക്കിന് ആളുകൾ ഇവിടെ മരിച്ചു. നേപ്പാളിലും സമീപ വർഷങ്ങളിൽ നിരവധി വ്യോമയാന ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ 30 വർഷത്തിനിടയിൽ, നേപ്പാളിൽ ഏകദേശം 30 വിമാനാപകടങ്ങളാണ് ഉണ്ടായത്. 2022 മെയിൽ നടന്ന അപകടത്തിൽ 22 പേരാണ് കൊല്ലപ്പെട്ടത്.



സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് നേപ്പാൾ വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. നാല് ഇന്ത്യാക്കാർ അപകടത്തിൽ പെട്ട വിമാനത്തിൽ ഉണ്ടായിരുന്നതായി സ്ഥിരീകരിക്കാത്ത വിവരങ്ങൾ ഉണ്ട്.