- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദീപികയുടെ കാവി ബിക്കിനിക്ക് കട്ടില്ല; മറ്റു ചില രംഗങ്ങളും വാചകങ്ങളും മാറ്റി; ഷാരൂഖ് ഖാന്റെ പഠാൻ സിനിമയ്ക്ക് സെൻസർ ബോർഡിന്റെ അനുമതി; യു/എ സർട്ടിഫിക്കറ്റ്; ചിത്രം ജനുവരി 25ന് തിയേറ്ററുകളിലെത്തും; പ്രതിഷേധം കെട്ടടങ്ങുമോ?
മുംബൈ: ബോളിവുഡ് താരങ്ങളായ ഷാറുഖ് ഖാനും ദീപിക പദുക്കോണും അഭിനയിക്കുന്ന 'പഠാൻ' സിനിമയ്ക്ക് അനുമതി നൽകി സെൻസർ ബോർഡ്. ഗാനങ്ങളിലെ ചില ദൃശ്യങ്ങളിൽ മാറ്റം വരുത്തി. വിവാദമായ കാവി നിറത്തിലുള്ള വസ്ത്രം ധരിച്ച രംഗത്തിന് മാറ്റമില്ല. മറ്റു ചില രംഗങ്ങളും വാചകങ്ങളും മാറ്റി. സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് ലഭിച്ചു.
ആദ്യം സെൻസർ ചെയ്യാതെ മാറ്റങ്ങൾ നിർദേശിച്ച ചിത്രത്തിന് 12 മാറ്റങ്ങൾ വരുത്തിയതോടെയാണ് യു/എ സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്നത്. സിനിമയിലെ 'ബേഷറം രംഗ്' എന്ന ഗാനം പുറത്തിറങ്ങിയതിനു പിന്നാലെയാണു വിവാദം കത്തിപ്പടർന്നത്. ഗാനത്തിൽ കാവി നിറത്തിലുള്ള ബിക്കിനിയണിഞ്ഞ് ദീപിക അഭിനയിച്ചത് ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ചില രാഷ്ട്രീയ സംഘടനകൾ രംഗത്തെത്തുകയായിരുന്നു. താരങ്ങളുടെ കോലം കത്തിക്കുകയും സിനിമ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്യുകയുമായിരുന്നു.
ഗാനം വിവാദമായതിനെ തുടർന്ന് സെൻസർ ബോർഡ് ഈ ഷോട്ടുകൾ നീക്കം ചെയ്തേക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ പുറത്തുവന്ന സെൻസർബോർഡ് റിപ്പോർട്ടിൽ കാവി നിറത്തിലുള്ള ബിക്കിനിയെ കുറിച്ച് പരാമർശിച്ചിട്ടില്ല.
സെൻസർ നടപടികൾ പൂർത്തിയാക്കാനായി സിബിഎഫ്‌സി നിർദേശിച്ച കട്ടുകളിൽ ഏറിയ പങ്കും സംഭാഷണ രംഗങ്ങളാണ്. റോ (റിസർച്ച് ആൻഡ് അനാലിസിസ് വിങ്), പിഎംഒ (പ്രൈം മിനിസ്റ്റേഴ്‌സ് ഓഫീസ്) ,അശോക് ചക്ര, മിസിസ് ഭാരത് മാത എന്നീ വാക്കുകളാണ് ഒഴിവാക്കുകയോ പകരം വാക്കുകൾ ഉൾപ്പെടുത്തുകയോ ചെയ്തിട്ടുള്ളത്.
ബഹുത് ടംഗ് കിയാ എന്ന വരികൾ വരുമ്പോഴത്തെ നൃത്ത ചലനവും ഒഴിവാക്കാൻ സിബിഎഫ്‌സി ആവശ്യപ്പെട്ടിരുന്നു. എന്നാൽ നീക്കേണ്ട ഷോട്ടുകളുടെ സമയദൈർഘ്യം എത്രയെന്ന് ബോർഡ് അറിയിച്ചിട്ടില്ല.
അതേസമയം അഹമ്മദാബാദിൽ ആൽഫ വൺ മാളിലെ തിയറ്ററിൽ പത്താൻ സിനിമയുടെ പ്രമോഷനിടെ ബജ്റംഗ്ദൾ പ്രവർത്തകർ പോസ്റ്ററുകൾ വലിച്ചുകീറുകയും ചിത്രം പ്രദർശിപ്പിക്കരുതെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന ഷാറുഖ് ഖാൻ ചിത്രം എന്നതാണ് പഠാനെ ഇൻഡസ്ട്രിയുടെ പ്രതീക്ഷകളിലേക്ക് നീക്കിനിർത്തുന്നത്. സിദ്ധാർഥ് ആനന്ദാണ് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 25 ന് തിയേറ്ററുകളിലെത്തും.
മറുനാടന് മലയാളി ബ്യൂറോ