- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവനെടുത്ത് വിഷപ്പുക! എറണാകുളം വാഴക്കാലയിൽ ശ്വാസകോശരോഗി മരിച്ചത് വിഷപ്പുക ശ്വസിച്ചത് മൂലമെന്ന ആരോപണവുമായി ബന്ധുക്കൾ; പുക വ്യാപിച്ചതോടെ ആരോഗ്യനില വഷളായി; പുക കടുത്ത ശ്വാസതടസ്സം ഉണ്ടാക്കിയെന്നും മരിച്ച ലോറൻസിന്റെ ഭാര്യ
കൊച്ചി: എറണാകുളം വാഴക്കാലയിൽ ശ്വാസകോശ രോഗിയുടെ മരണം ബ്രഹ്‌മപുരത്തെ തീപിടിത്തത്തെ തുടർന്നുണ്ടായ വിഷപ്പുക ശ്വസിച്ചത് മൂലമെന്ന ആരോപണവുമായി ബന്ധുക്കൾ. വാഴക്കാല പട്ടത്താനത്ത് വീട്ടിൽ ലോറൻസ് ജോസഫ് (70) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയ്ക്കു ശേഷമാണ് ലോറൻസിനു രോഗം മൂർച്ഛിച്ചതെന്നു ബന്ധുക്കൾ പറഞ്ഞു. പുകയുടെ മണം കടുത്ത ശ്വാസ തടസ്സമുണ്ടാക്കിയെന്നു ലോറൻസിന്റെ ഭാര്യ ലിസി പറഞ്ഞു.
ലോറൻസിന്റെ മരണം വിഷപ്പുക മൂലമെന്ന് കരുതുന്നുവെന്ന് ഹൈബി ഈഡൻ എംപി പറഞ്ഞു. ഒരാഴ്ചയായി ശ്വാസതടസമുണ്ടായിരുന്ന ആളാണ് മരിച്ചത്. ഇക്കാര്യം കേന്ദ്ര ആരോഗ്യമന്ത്രിയെ അറിയിച്ചെന്നും ഹൈബി കൂട്ടിച്ചേർത്തു. പുകശല്യത്തെ തുടർന്നാണ് രോഗിയുടെ നില വഷളായതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
രാത്രികാലങ്ങളിൽ പ്ലാസ്റ്റിക് കത്തുന്നതിന്റെ രൂക്ഷഗന്ധമാണെന്നും ഈ സമയത്ത് ശ്വാസംമുട്ടൽ രൂക്ഷമായിരുന്നതായി അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു. ബ്രഹ്‌മപുരത്തെ തീപിടിത്തത്തിനുശേഷം പുക വ്യാപിച്ചതോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതെന്നാണ് ലോറൻസിന്റെ ഭാര്യ ലിസി പറയുന്നത്.
വീട്ടിൽവച്ചാണ് ലോറൻസ് ജോസഫ് മരിച്ചത്. മരിച്ചതിന് ശേഷമാണ് ആശുപത്രിയിൽ എത്തിച്ചത്. മരണകാരണത്തെക്കുറിച്ച് ആശുപത്രി അധികൃതർ പ്രതികരിച്ചിട്ടില്ല. ജില്ലാ ഭരണകൂടവും പ്രതികരിച്ചിട്ടില്ല.
ലോറൻസിന് കഴിഞ്ഞ ഒരാഴ്ചയായി രോഗം മൂർച്ഛിച്ചതായി ബന്ധുക്കൾ ആരോപിച്ചു. കഴിഞ്ഞദിവസം ആശുപത്രിയിൽ പോയി ചികിത്സ തേടി. വീട്ടിൽ തിരിച്ചെത്തിയിട്ടും ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ടായിരുന്നു. ഓക്സിജൻ ലെവൽ താഴുന്ന സാഹചര്യവും ഉണ്ടായിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. പുകയുടെ മണമാണ് ലോറൻസിന് സഹിക്കാൻ കഴിയാതെ വന്നിരുന്നതെന്നും ബന്ധുക്കൾ പറയുന്നു.
'നവംബർ മുതലാണ് ശ്വാസകോശ രോഗം തുടങ്ങിയത്. എന്നാൽ ഈ ഒരാഴ്ചയാണ് വിഷമതകൾ അനുഭവിച്ചത് തുടങ്ങിയത്. ഞങ്ങൾക്ക് തന്നെ സഹിക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നെ അദ്ദേഹത്തിന്റെ കാര്യം പറയണോ?, രാത്രി സമയത്താണ് കൂടുതൽ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നത്. വാതിലും ജനലും അടച്ചിട്ടിട്ടും പുക അകത്തുകയറി. പുകയല്ല, മണമാണ് സഹിക്കാൻ കഴിയാതെ വന്നത്' - ലിസി പറയുന്നു.
ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടായിരുന്ന ആളായിരുന്നു ലോറൻസ്. വിഷപ്പുക കാരണം ഫാൻ പോലും ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമായിരുന്നെന്ന് ലോറൻസിന്റെ ഭാര്യ പറഞ്ഞു .
ലോറൻസിന്റെ വീട് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ സന്ദർശിച്ചു. വിഷപ്പുകയുടെ ആദ്യ രക്തസാക്ഷിയാണ് ലോറൻസ് എന്ന് കെ.സുധാകരൻ പറഞ്ഞു. സംഭവത്തെ ഗൗരവായി കാണണമെന്നും സർക്കാർ ഇപ്പോഴും നിഷേധാത്മക നിലപാട് തുടരുകയാണെന്നും കെ.സുധാകരൻ പറഞ്ഞു. എറണാകുളം നഗരത്തിൽ വിവിധ ഇടങ്ങളിലായി പ്രതിപക്ഷ പ്രതിഷേധം നടന്നുവരികയാണ്
മറുനാടന് മലയാളി ബ്യൂറോ