- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാനമന്ത്രിയെ വിമർശിച്ചതിന് അറസ്റ്റിലായ പവൻ ഖേരയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി; കേസുകൾ ഒന്നിച്ചാക്കണമെന്ന ആവശ്യം അംഗീകരിച്ചു; കേസെടുത്ത സംസ്ഥാനങ്ങൾക്ക് നോട്ടീസ്; ഖേരയുടെ പരാമർശം ഒരു നാക്കുപിഴയെന്ന് അഭിഭാഷകൻ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായ പരാമർശത്തിൽ ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റിലായ കോൺഗ്രസ് നേതാവ് പവൻ ഖേരയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. മുതിർന്ന അഭിഭാഷകനും രാജ്യസഭാംഗവുമായ അഭിഷേക് മനു സിങ്വിയാണ് സുപ്രീംകോടതിയിൽ ഹാജരായത്.
പവൻ ഖേരയുടെ പരാമർശം ഒരു നാക്കുപിഴയായിരുന്നെന്നും ഒഴിവാക്കേണ്ടതായിരുന്നെന്നും അഭിഷേക് മനു സിങ്വി കോടതിയിൽ പറഞ്ഞു. ഈ വീഴ്ചയ്ക്ക് പവൻ ഖേര ക്ഷമാപണം നടത്തിയിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ശിവസേന കേസിലെ വാദത്തിനിടെയാണ് വിഷയം ഉന്നയിച്ചത്.
പവൻ ഖേരയ്ക്ക് ഡൽഹി ദ്വാരക കോടതി ജാമ്യം നൽകി വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി അറിയിച്ചു. കേസുകളുടെ എഫ്‌ഐആർ യോജിപ്പിക്കണം എന്ന് ആവശ്യത്തിന് സംസ്ഥാനങ്ങൾക്ക് നോട്ടിസ് നൽകി. ചൊവ്വാഴ്ച വരെയാണ് കോടതി ജാമ്യം അനുവദിച്ചത്. കേസുകൾ ഒന്നിച്ചാക്കണമെന്ന പവൻ ഖേരയുടെ ആവശ്യം കോടതി അംഗീകരിച്ചു.
പവൻ ഖേരയ്‌ക്കെതിരെ കേസെടുത്ത അസം, ഉത്തർപ്രദേശ് സംസ്ഥാനങ്ങൾക്ക് കോടതി നോട്ടീസ് നൽകി. പവൻ ഖേരയുടെ പരാമർശത്തിന്റെ വീഡിയോ കോടതി പരിശോധിച്ചു.
അതേസമയം, അസം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ഒരുനീണ്ട യുദ്ധത്തിന് താൻ തയ്യാറാണെന്നായിരുന്നു പവൻ ഖേര പ്രതികരിച്ചത്. കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാനായി ഛത്തീസ്‌ഗഡ് തലസ്ഥാനമായ റായ്പുരിലേക്കു പോകാൻ ഡൽഹി വിമാനത്താവളത്തിൽ എത്തിയപ്പോഴാണു ഖേരയെ വിമാനത്തിൽനിന്നു പുറത്താക്കിയത്. ലഗേജ് പരിശോധിക്കണം എന്നായിരുന്നു ആവശ്യം. കേസുള്ളതിനാൽ യാത്ര അനുവദിക്കാനാവില്ലെന്നും ഇൻഡിഗോ വിമാനക്കമ്പനി അറിയിച്ചു.
പവൻ ഖേരയ്ക്ക് എതിരായ നടപടിയിൽ അൻപതോളം കോൺഗ്രസ് നേതാക്കൾ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. മറ്റു നേതാക്കളെല്ലാം വിമാനത്തിൽ കയറിക്കഴിഞ്ഞ ശേഷമാണു ഖേരയെ പുറത്തിറക്കിയത് എന്നാണു റിപ്പോർട്ട്. കാരണമില്ലാതെയാണു ഖേരയ്‌ക്കെതിരെ നടപടിയെന്നു കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. അറസ്റ്റിനെതിരെ സമൂഹമാധ്യമങ്ങളിലും പ്രതിഷേധം നിറയുകയാണ്.
എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, രൺദീപ് സുർജെവാല അടക്കമുള്ള നേതാക്കൾ ഖേരയ്‌ക്കൊപ്പം ഉണ്ടായിരുന്നു. റായ്പൂരിലുള്ള ഇൻഡിഗോ വിമാനത്തിൽ ഇവർ ചെക്ക് ഇൻ ചെയ്തതിന് പിന്നാലെ ഡൽഹി പൊലീസ് സംഘം വിമാനത്തിലേക്ക് എത്തുകയും പവൻ ഖേരയെ റൺവേയിലേക്ക് ഇറക്കുകയും ചെയ്തു.
കോൺഗ്രസ് നേതാക്കൾ ഖരേയെ കസ്റ്റഡിയിലെടുക്കുന്നത് തടയാൻ പരമാവധി ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ അദ്ദേഹത്തെ റൺവേയിൽ നിന്നും വിമാനത്താവളത്തിലെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. ഡൽഹി പൊലീസിനൊപ്പം സിഐഎസ്എഫ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. അസമിലെ ഹഫ് ലോങ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
''ഡൽഹി വിമാനത്താവളത്തിൽനിന്നു റായ്പുരിലേക്കു പോകാനുള്ള വിമാനത്തിൽനിന്ന് ഒരു യാത്രക്കാരനെ പൊലീസ് പുറത്താക്കി. വിമാനത്തിൽ കയറിയിരുന്നു മറ്റു ചില യാത്രക്കാരും പുറത്തിറങ്ങാൻ തീരുമാനിച്ചു. അധികൃതരുടെ നിർദ്ദേശങ്ങൾ ഞങ്ങൾ അനുസരിക്കുന്നുണ്ട്. വിമാനം വൈകുന്നതിലും യാത്രക്കാർക്കു തടസ്സമുണ്ടാകുന്നതിലും ക്ഷമ ചോദിക്കുന്നു'' ഇൻഡിഗോ വിമാനക്കാമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചുവെന്ന പരാതിയിൽ പവൻ ഖേരയ്‌ക്കെതിരെ യുപി പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഗൗതം അദാനി വിഷയവുമായി ബന്ധപ്പെട്ടുള്ള വാർത്താസമ്മേളനത്തിനിടെ നടത്തിയ പരാമർശമാണ് കേസിനാധാരം. നരേന്ദ്ര ദാമോദർദാസ് മോദി എന്നതിനു പകരം നരേന്ദ്ര ഗൗതംദാസ് എന്നാണു ഖേര പറഞ്ഞത്.
പ്രധാനമന്ത്രിയുടെ പേരിൽ ദാമോദർദാസ് ആണോ ഗൗതംദാസ് ആണോ ഉള്ളതെന്ന് സമീപം ഇരുന്നയാളോട് ഖേര ചോദിച്ചു. ദാമോദർദാസ് ആണെന്ന് മറുപടി ലഭിച്ചു. പേരിൽ ദാമോദർദാസ് ആണെങ്കിലും പ്രവൃത്തി ഗൗതംദാസിന്റേതാണെന്ന് േഖര പറഞ്ഞു. പരാമർശം ആക്ഷേപകരമാണെന്നു കാട്ടി ലക്‌നൗവിലെ ബിജെപി നേതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു കേസ് രജിസ്റ്റർ ചെയ്തത്.
ലഗേജിൽ പ്രശ്‌നമുണ്ടെന്ന് പറഞ്ഞാണ് തന്നെ വിമാനത്തിൽ നിന്ന് പുറത്തിറക്കിയതെന്ന് പവൻ ഖേര പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ, റായ്പൂരിലേക്ക് പോകാനാവില്ലെന്നും ഡൽഹി പൊലീസ് ഡിസിപിക്ക് കാണണമെന്ന് പറഞ്ഞതായും പവൻ ഖേര പറഞ്ഞു. എന്തു നിയമ വ്യവസ്ഥയാണ് ഇതെന്ന് പവൻ ഖേര ചോദിച്ചു.
പ്രധാനമന്ത്രിക്കെതിരായ പരാമർശത്തിൽ യുപി പൊലീസ് പവൻ ഖേരക്കെതിരെ കേസ് എടുത്തിരുന്നു. രണ്ട് കേസുകൾ അദ്ദേഹത്തിനെതിരെ യുപിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബിജെപി നേതാവാണ് ഈ കേസുകളിൽ പരാതിക്കാരൻ. എന്നാൽ അസം പൊലീസ് ആവശ്യപ്പെട്ടത് പ്രകാരമാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുന്നതെന്നാണ് ഡൽഹി പൊലീസ് പറയുന്നത്.
രാജ്യത്ത് ഏകാധിപത്യം വിലപ്പോകില്ലെന്ന് പറഞ്ഞാണ് റായ്പൂരിലേക്കുള്ള വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും റൺവേയിൽ ഉപരോധ സമരം തുടങ്ങിയത്. മോദി സർക്കാർ ഗുണ്ടകളെ പോലെ പെരുമാറുന്നുവെന്ന് കെ.സി വേണുഗോപാൽ കുറ്റപ്പെടുത്തി. ദുർബലമായ കേസുകൾ എടുത്ത് ഖേരയെ തടയാനും നിശബ്ദനാക്കാനും ആണ് ശ്രമം. നാണംകെട്ട. അംഗീകരിക്കാൻ ആകാത്ത പ്രവർത്തിയാണിതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം റൺവേയിൽ മുതിർന്ന ഉദ്യോഗസ്ഥർ അടക്കം ഡൽഹി പൊലീസിന്റെ വൻ സംഘം നിലയുറപ്പിച്ചിട്ടുണ്ട്. അസമിൽ കേസുണ്ടെങ്കിൽ വിവരങ്ങൾ വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതൃത്വം ഡൽഹി പൊലീസിനോട് ആവശ്യപ്പെട്ടു. എന്നാൽ കേസ് വിവരങ്ങൾ വെളിപ്പെടുത്താൻ ഡൽഹി പൊലീസ് തയ്യാറായില്ല.
മറുനാടന് മലയാളി ബ്യൂറോ