പയ്യന്നൂർ: റോഡുവികസനത്തിന്റെ മറവിൽ പയ്യന്നുരിൽ സിപിഎം പ്രവർത്തകർ ഭീകരത അഴിച്ചു വിടുന്നതായി പരാതി. റോഡ് വികസനത്തിനായി കോടതി ഉത്തരവ് ലംഘിച്ച് സ്ഥലം കൈയേറുന്നത് എതിർത്ത അഭിഭാഷകന്റെ വാഹനങ്ങൾ തകർത്തത് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. സ്ഥലം കൈയേറുന്നതിനെതിരെ നിയമ പോരാട്ടം നടത്തുന്ന അഡ്വ. മുരളി പള്ളത്തിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറും ബൈക്കുമാണ് തകർത്ത്.

റോഡു വികസനത്തിനായി സ്ഥലം ഉടമകളുടെ അനുമതിയില്ലാതെ ഏറ്റെടുക്കുന്നതിനെതിരെ മുരളിയും മറ്റു വീട്ടുകാരും എതിർപ്പ് പ്രകടിപ്പിച്ചു ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ ഇന്നലെ അർധരാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കയറിയ സംഘം വാഹനങ്ങൾ തകർക്കുകയായിരുന്നു. ഇന്നലെ മുരളിയുടെ സമ്മതമില്ലാതെ സ്ഥലം ഏറ്റെടുത്തിരുന്നു. ഇതു തടയാൻ ശ്രമിച്ച വൈരാഗ്യമാവാം അക്രമത്തിന് കാരണമെന്ന് മുരളി പറഞ്ഞു. വിവരമറിഞ്ഞ് പയ്യന്നൂർ ഡി.വൈഎസ്‌പിയുടെ നേതൃത്വത്തിൽ പൊലിസ് സംഘം സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

പെരുമ്പ- മണിയറ-മാതമംഗലം റോഡിൽ മുതിയലത്ത് ഇന്നലെ വികസനത്തിന്റെയും പേരിൽ ജെസിബി ഉപയോഗിച്ച് വ്യാപകമായി വീട്ടു മതിലുകൾ പൊളിച്ചിരുന്നു. കേണൽ പത്മനാഭന്റെ മതിൽ ഉൾപ്പെടെ ഒരു സംഘം പൊളിച്ചത്. ഇതേ തുടർന്ന് പ്രദേശത്ത് വാക്കേറ്റവും സംഘർഷാവസ്ഥയും ഉടെലെടുത്തു. ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. പത്മനാഭന്റെ പരാതിയിൽ നൂറോളം പേർക്കെതിരേ പൊലീസ് കേസെടുത്തു. പയ്യന്നൂർ ഡിവൈഎസ്‌പി കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തിയിരുന്നു.

കഴിഞ്ഞദിവസവും പ്രദേശത്ത് സ്ഥല ഉടമകളുടെ അനുമതി ഇല്ലാതെ സ്ഥലം ഏറ്റെടുക്കലിന്റെ ഭാഗമായി ചിലരുടെ മതിലുകൾ പൊളിച്ചിരുന്നു. കോടതി ഉത്തരവ് മറികടന്ന് പൊലീസിന്റെ സാന്നിധ്യത്തിലാണ് മതിലുകൾ പൊളിച്ചതെന്ന് സ്ഥലമുടമകൾ ആരോപിക്കുന്നുണ്ട്.
കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി 60 കോടിയോളം രൂപ ചെലവിൽ പെരുമ്പ മുതൽ മണിയറ വഴി മാതമംഗലം വരെയുള്ള റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. നിലവിലുള്ള എട്ടുമീറ്റർ റോഡ് 12 മീറ്ററായി വികസിപ്പിച്ചുള്ള നവീകരണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. നഷ്ടപരിഹാരംപോലും ലഭിക്കാതെ സ്ഥലം വിട്ടുകൊടുക്കേണ്ട അവസ്ഥയിലാണ് സ്ഥലമുടമകൾ.

ഈ സാഹചര്യത്തിൽ സ്ഥലമേറ്റെടുക്കലിനെതിരെ അമ്പലത്തറ പ്രദേശത്തെ ചില വീട്ടുകാരുൾപ്പെടെ അൻപതോളം പേർ ഹൈക്കോടതിയേയും മുൻസീഫ് കോടതിയേയും സമീപിച്ചിരിരുന്നു. ഹർജി പരിഗണിച്ച കോടതി മതിൽ പൊളിച്ചും മറ്റുമുള്ള റോഡ് പണി പാടില്ലെന്ന് ഉത്തരവിട്ടിരുന്നു. ഉത്തരവ് നിലനിൽക്കെ കഴിഞ്ഞ ദിവസം ജെസിബി ഉപയോഗിച്ച് അഞ്ചു പേരുടെ മതിലുകൾ പൊളിച്ചിരുന്നു.

ഓരോ ദിവസവും പൊളിക്കുന്ന വീടുകളുടെ ലിസ്റ്റ് പാർട്ടി പ്രവർത്തകരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ പരസ്യമായി പ്രഖ്യാപിച്ചാണ് വീട്ടു മതിൽ പൊളിക്കുന്നത്. ഈ കാര്യം പൊലിസിൽ പരാതി നൽകിയിട്ടും നടപടിയെടുക്കുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.