കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കലോത്സവം കോഴിക്കോട് വിജയകരമായി പുരോഗമിക്കവേ, അതിനൊക്കെ കല്ലുകടിയായി സോഷ്യൽ മീഡിയയിൽ വിദ്വേഷ -വിവാദങ്ങളും നിറച്ചു. ട്വന്റിഫോർ ന്യൂസിലെ വാർത്ത അവതാരകനും, കേരള സർവകലാശാല പൊൽറ്റിക്കൽ സയൻസ് വിഭാഗത്തിലെ അദ്ധ്യാപകനുമായ ഡോ അരുൺകുമാർ അടക്കം ഉയർത്തിയ നോൺ വെജിറ്റേറിയൻ വാദം ഒരു വർഗ്ഗീയ അജണ്ടയായിരുന്നു. കേരളീയ പൊതുസമൂഹത്തെ ഭിന്നിപ്പിക്കുകയെന്ന ലക്ഷ്യം. എന്നിട്ടും ഈ പോസ്റ്റിനെതിരെ സർക്കാരോ വിദ്യാഭ്യാസ വകുപ്പോ നടപടികളൊന്നും എടുത്തില്ല. പ്രഥമദൃഷ്ട്യാ തന്നെ വർഗ്ഗീയ കലാപാഹ്വാനത്തിന് കേരളാ പൊലീസ് സ്വമേധയാ കേസെടുക്കേണ്ടതായിരുന്നു ആ പോസ്റ്റ്. സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം വാങ്ങുന്നവർ സമൂഹത്തെ പിളർത്തുന്ന ഇത്തരം പോസ്റ്റുകൾ ഇടാമോ എന്ന ചോദ്യവും പ്രസക്തമാണ്.

ഡോ അരുൺകുമാറിന്റെ വിവാദ പോസ്റ്റ് ഇങ്ങനെയായിരുന്നു: 'ജാതി പ്രവർത്തിക്കുന്നത് ശുദ്ധി - അശുദ്ധി ബോധ്യങ്ങളിലൂടെയാണ്. ചിലപ്പോഴൊക്കെ അത് വേഷം മാറി സുരക്ഷിത വെജിറ്റേറിയൻ ഭക്ഷണം എന്ന രൂപത്തിൽ എത്താറുണ്ട്. ഭൂരിപക്ഷം കുട്ടികളും നോൺ വെജ് ആയ കലോത്സവത്തിൻ ഈ വെജിറ്റേറിയൻ ഫണ്ടമെന്റലിസം ജാതി വിശ്വാസത്തിന്റെ പ്രതിഫലനമാണ്. ഈ സീനൊക്കെ അവസാനിപ്പിക്കേണ്ട കാലമായി. നല്ല കോയിക്കോടൻ രുചി കൊടുത്താണ് താത്പര്യമുള്ള കുട്ടികളെ തിരിച്ചയയ്ക്കേണ്ടത്. ഇത് പ്രസാദമൂട്ടല്ല, കലോത്സവ ഭക്ഷണപ്പുരയാണ്. നവോത്ഥാനം തോൽക്കുന്നത് ഇങ്ങനെയൊക്കെയാണ്. സവർണ്ണൻ ദേഹണ്ഡപുരയിൽ എത്തുന്നതല്ല, നാനാതരം രുചിഭേദങ്ങളും ആഘോഷപൂർവ്വം വിതരണം ചെയ്യപ്പെടുമ്പോഴും രുചി വൈവിധ്യത്തിൽ ശുദ്ധികലർത്താതിരിക്കുമ്പോഴുമാണ് അത് വിജയിക്കുന്നത്.''- ഈ പോസ്റ്റിനെതിരെ വൻ പ്രതിഷേധമാണ് സോഷ്യൽ മീഡിയിൽ ഉയരുന്നത്. എന്നിട്ടും സർക്കാരും പൊലീസും ചെറുവിരൽ അനക്കിയില്ല. ഇതിനൊപ്പം നോൺ വെജ് സംവാദത്തെ കൊഴുപ്പിച്ച് മന്ത്രി ശിവൻകുട്ടിയും എത്തി. ഇതിന്റെ ഫലമാണ് കലോത്സവ വേദിയിൽ നിന്നുള്ള പഴയിടം മോഹനൻ നമ്പൂതിരിയുടെ പിന്മാറ്റം.

ഒടുവിൽ കലോത്സവങ്ങൾക്ക് ഇനി ഊട്ടുപുരയൊരുക്കാൻ ഉണ്ടാകില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി പ്രഖ്യാപിക്കുകയാണ്. തന്നെ ഭയം പിടികൂടി. അടുക്കള നിയന്ത്രിക്കുന്നത് ഇനി പ്രയാസമാകും. ഇനി കലോത്സവ വേദികളിൽ പാചകത്തിനില്ല. കൗമാര കുതൂഹലങ്ങളുടെ ഭക്ഷണത്തിൽ പോലും വർഗീയതയുടെയും ജാതീയതയുടെയും വിഷവിത്തുകൾ വാരിയെറിഞ്ഞ് കഴിഞ്ഞിരിക്കുന്ന കാലഘട്ടത്തിൽ അതിനെ എങ്ങനെ നേരിടുമെന്നത് ഞാൻ ചിന്തിക്കുകയാണ്. ഇത് തന്നെ വല്ലാതെ അസ്വസ്ഥമാക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. 'ഇത്രയും കാലം നിധിപോലെ നെഞ്ചേറ്റിയതാണ് കലോത്സവ അടുക്കളകൾ. എന്നാൽ പുതിയ കാലത്തിന്റെ വൈതാളികർ ആരോപണവുമായി മുന്നോട്ടു വരുമ്പോൾ ആ നിധി ഇനി സൂക്ഷിക്കുന്നത് ശരിയല്ല. കലോത്സവ വേദികളിലെ ഊട്ടുപുരകളിൽ ഞാൻ ഉണ്ടാകില്ല. ഞാൻ വിടവാങ്ങുന്നു.' പഴയിടം പറഞ്ഞു. പഴയിടത്തെ പോലൊരു മതേതര വാദിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ച് കലാപത്തിന് പരോക്ഷാഹ്വാനം നടത്തിയവർക്കെതിരെ സർക്കാർ ചെറുവിരൽ അനക്കാത്തതിന്റെ പ്രതിഫലനമാണ് ഇത്.

സ്‌കൂൾ കലോത്സവത്തിൽ മാംസാഹാരം വിളമ്പാത്തത് വിവാദമായ സാഹചര്യത്തിലാണ് പഴയിടം പിന്മാറുന്നത്. കഴിഞ്ഞ 16 വർഷമായി കലോത്സവത്തിന് ഭക്ഷണം പാകംചെയ്യുന്നത് പഴയിടത്തിന്റെ സംഘമാണ്. വിവാദം കാര്യമാക്കുന്നില്ലെന്നും ഭക്ഷണമെനു തീരുമാനിക്കുന്നത് സർക്കാരാണെന്ന് വിവാദങ്ങളോട് പ്രതികരിച്ചെങ്കിലും അടുക്കള നിയന്ത്രിക്കുന്നതിൽ ഭയമുണ്ടായതിനാൽ പിന്മാറുകയാണെന്നാണ് അദ്ദേഹം ഇപ്പോൾ പറയുന്നത്. ഈ വർഷത്തെ കലോത്സവത്തിൽ റെക്കോർഡ് ഭക്ഷണ വിതരണമാണ് നടന്നത്. കലോത്സവം ആരംഭിക്കുന്നതിന്റെ തലേന്നു രാത്രി 2,000 പേർക്കു നൽകിയതു മുതൽ അവസാനിക്കുന്നതു വരെ 1,94,800 പേർക്കാണു ഭക്ഷണം വിളമ്പിയത്. ദിവസവും നാലു നേരം നൽകി. റെക്കോർഡ് വിതരണമുണ്ടായത് നാലാം ദിനമായ വെള്ളിയാഴ്ചയാണ്. അന്ന് ഉച്ചഭക്ഷണം മാത്രം 26,500 പേരാണ് കഴിച്ചത്. മുൻപ് മലപ്പുറം കലോത്സവത്തിൽ 25,000 പേർ കഴിച്ചതായിരുന്നു ഏറ്റവും ഉയർന്ന കണക്ക്. അങ്ങനെ വമ്പൻ വേദികളിൽ ശുദ്ധമായ ഭക്ഷണം വിളമ്പിയ കേരളത്തിന്റെ പാചക കുലപതി പിന്മാറുകയാണ്. സ്‌കൂൾ കലമേളക്ക് ഭക്ഷണം പാചകം ചെയ്യുന്നത് നിർത്താൻ മുൻപ് ഒരിക്കൽ തീരുമാനിച്ചിരുന്നു. അന്ന് സർക്കാർ സമ്മർദം കൊണ്ടാണ് വീണ്ടും മേളക്ക് എത്തിയത്. ഇനി ടെൻഡറിൽ പങ്കെടുക്കില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി വ്യക്തമാക്കി.

കലോത്സവത്തിന് അടുത്ത വർഷം മുതൽ സസ്യേതര വിഭവങ്ങൾ ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇറച്ചിയും മീനും വിളമ്പാൻ കലോത്സവ മാനുവൽ പരിഷ്‌കരിക്കുമെന്നും ശിവൻ കുട്ടി വ്യക്തമാക്കിയിരുന്നു. പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും സർക്കാർ തീരുമാനിച്ചാൽ എപ്പോൾ വേണമെങ്കിലും നോൺവെജ് വിളമ്പാമെന്ന് പഴയിടം മോഹനൻ നമ്പൂതിരിയും പ്രതികരിച്ചിരുന്നു. കലോത്സവത്തിൽ നോൺ വെജ് വിളമ്പുന്നതിൽ തനിക്ക് യാതൊരു എതിർപ്പുമില്ലെന്നും നോൺ വെജ് വിളമ്പണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്നും കായിക മേളയിൽ മാംസാഹാരം വിളമ്പുന്നവർ തന്റെ സംഘത്തിൽ തന്നെ ഉണ്ടെന്നുമാണ് പഴയിടം കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

അതേസമയം കലാമേളായിൽ മാംസാഹാരം വിളമ്പുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് പഴയിടം ചൂണ്ടിക്കാട്ടിയിരുന്നു. ബുധനാഴ്ച കോഴിക്കോട്ടെ കലോത്സവത്തിൽ പങ്കെടുക്കാനെത്തിയത് 9500 കുട്ടികളുണ്ടാവും എന്നായിരുന്നു കണക്ക്. എന്നാൽ 20,000-ത്തിലേറെ പേരാണ് ഭക്ഷണം കഴിക്കാൻ എത്തിയത്. തീർന്നാലും പെട്ടെന്ന് തന്നെ പകരം ഭക്ഷണം സജ്ജമാക്കാം എന്നതാണ് വെജിന്റെ ഗുണം. എത്രസമയം വരെ നോണ് വെജ് ഭക്ഷണം കേട് കൂടാതെയിരിക്കും എന്ന കാര്യത്തിൽ സംശയമുണ്ട്. എന്നാൽ കലവറയിലേക്ക് എത്തുന്ന പച്ചക്കറികളുടെ കാര്യത്തിൽ കൃത്യമായ ധാരണയുണ്ട്. കായികമേളയിൽ നമ്മുടെ ടീം തന്നെ നോണ് വെജ് വിളമ്പുന്നുണ്ടെന്നും പഴയിടം പറഞ്ഞിരുന്നു. എന്തിനാണ് ഭക്ഷണത്തിൽ പോലും ജാതി കയറ്റിവിട്ട്, സംസ്ഥാനം പാചകശ്രേഷ്ഠ പുരസ്‌ക്കാരം നൽകി ആദരിച്ച, പഴയിടം മോഹനൻ നമ്പൂതിയെ അപമാനിക്കുന്നത് എന്ന ചോദ്യവും വിവാദം ചർച്ചയാക്കി. പക്ഷേ അപമാനിച്ചവർക്കെതിരെ നിയമ നടപടികൾക്ക് സർക്കാർ തയ്യാറായില്ല. ഈ വേദനയുമായാണ് പഴയിടം കോഴിക്കോട്ടെ കലാവേദി വിടുന്നത്.

സോഷ്യൽ മീഡിയയിൽ അരുൺകുമാറും കൂട്ടരും ആരോപിക്കുന്ന പോലെ ബ്രാഹ്‌മണിക്കലായ അശുദ്ധിയുടെ ഭാഗമൊന്നും ആയിട്ടില്ല പഴയിടം മോഹനൻ നമ്പൂതിരി ഇവിടെ ഭക്ഷണം വിളമ്പുന്നതെന്നും, അദ്ദേഹത്തിന് നോൺ വെജിറ്റേറിയനോട് യാതൊരു അയിത്തവുമില്ലെന്നും സോഷ്യൽ മീഡിയ ആക്്റ്റീവിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. സമൂഹത്തിൽ ജാതി വിഷം കയറ്റി ആനന്ദം കൊള്ളുന്ന അരുൺ കുമാറിനെ പോലെയുള്ള തുരപ്പന്മാരെ പാടെ അവഗണിച്ചു നടന്നാൽ പോലും ഇത്തിരി പ്രശ്‌നങ്ങൾ ഇല്ലാതാക്കാം.. തൊപ്പി ഇട്ടവരും പൂണൂൽ ഇട്ടവരും കൊന്തയണിഞ്ഞവരും ഒക്കെ ഈ നാട്ടിലെ പൗരന്മാരാണ് ഹേ.. പഴയ ചരിത്രങ്ങളുടെ പേരിൽ പുതിയ തലമുറയെ അപഹസിക്കുന്നതും അപവൽക്കരിക്കുന്നതും ഒരു തരം ഫോബിയ തന്നെയാണ്.''- ഇതായിരുന്നു പഴയിടത്തിന് അനുകൂലമായി സോഷ്യൽ മീഡിയയിൽ ഉയർന്ന വികാരം. എന്നാൽ ഇനി വയ്യെന്ന് പറയുകയാണ് പഴയിടം.