- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രാഹ്മണിക്കൽ അജണ്ടയിൽ ചർച്ച ഉയർത്തിയത് 'വിഷം' കലർത്തി കലാപമുണ്ടാക്കാനുള്ള അജണ്ട; ഭയത്തിൽ രാത്രി പോലും അടുക്കളയ്ക്ക് കാവലിരുന്ന പാചക കുലപതി; അരുൺകുമാറിനെതിരെ കലാപശ്രമത്തിന് കേസെടുക്കണമെന്ന പരാതിയിൽ പൊലീസ് ചെറുവിരൽ അനക്കില്ല; അടുത്ത കൊല്ലം ഭക്ഷണമൊരുക്കാൻ കുടുംബശ്രീ ലേബലിൽ 'സഖാക്കളെത്തും'; പഴയിടത്തെ ആക്രമിച്ചത് വ്യക്തമായ ലക്ഷ്യത്തിൽ
കോട്ടയം: സ്‌കൂൾ കലോൽസവം അട്ടിമറിക്കാൻ ആരെങ്കിലും എത്തുമെന്ന് ഇത്തവണ പഴയിടം മോഹനൻ നമ്പൂതിരി ഭയന്നിരുന്നു. ഈ ഭയമാണ് ഇനിയൊരു കലോൽസവത്തിന് ഇല്ലെന്ന പ്രഖ്യാപനത്തിന് പിന്നിൽ. കൗമാരക്കാരുടെ ഭക്ഷണത്തിൽപ്പോലും ജാതിയുടെയും വർഗീയതയുടെയും വിഷവിത്തുകൾ വാരിയെറിയുന്ന കാലം വല്ലാതെ അസ്വസ്ഥമാക്കുന്നതിനാൽ സംസ്ഥാന സ്‌കൂൾ കലോത്സവ വേദികളിൽ പാചകത്തിന് ഇനി എത്തില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി പറയുമ്പോൾ അടുത്ത തവണ കുടുംബ ശ്രീയ്ക്ക് ഭക്ഷണ ശാലയുടെ നിയന്ത്രണം നൽകും. കുടുംബശ്രീയിലൂടെ 'സഖാക്കൾ' തന്നെ പാചകം ചെയ്യാനുമെത്തും.
അതിനിടെ പഴയിടത്തെ അപമാനിക്കുകയും ജാതി വിഷം വിളമ്പുകയും ചെയ്ത സർവ്വകലാശാല അദ്ധ്യാപകനും 24 ന്യൂസിലെ മുൻ അവതാരകനുമായ അരുൺകുമാറിനെതിരെ അമർഷം പുകയുകയാണ്. അരുൺകുമാറിനെതിരെ കേസെടുക്കണമെന്ന പരാതിയും മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പോയി കഴിഞ്ഞു. ജാതി പറഞ്ഞ് ഒരാളുടെ തൊഴിൽ നിഷേധിക്കുക, ജാതീയമായ വേർതിരിവ് സമൂഹത്തിൽ ഉണ്ടാക്കി കലാപത്തിന് ശ്രമിക്കുക..... ഇത് രണ്ടുമാണ് അരുൺ കുമാർ ഫേസ്‌ബുക്ക് പോസ്റ്റിൽ ചെയ്തിരിക്കുന്നത്.... ഡിജിപി യ്ക്ക് പരാതി അയച്ചിട്ടുണ്ട്.... വിദ്യാഭ്യാസ മന്ത്രി മാസ്സ് ഡയലോഗടിച്ച സ്ഥിതിക്ക് കേസ്സ് എടുപ്പിക്കാൻ മുൻകൈ എടുത്ത് ആത്മാർത്ഥത തെളിയിക്കും എന്ന് വിശ്വസിക്കുന്നു...-പരാതി നൽകിയ ശേഷം യുവരാജ് ഗോകുൽ ഫെയ്‌സ് ബുക്കിൽ അറിയിക്കുകയും ചെയ്തു. എന്നാൽ ഈ പരാതിയിൽ പൊലീസ് ചെറുവരിൽ അനക്കില്ല. ഇടതുപക്ഷ സഹയാത്രികനാണ് അരുൺകുമാർ എന്നതാണ് ഇതിന് കാരണം.
ബ്രാഹ്‌മണനായതിനാലാണ് പഴയിടം മോഹനൻ നമ്പൂതിരി കലോത്സവത്തിൽ മാംസാഹാരം ഒരുക്കാത്തത് എന്ന വിധത്തിൽ ഉയർന്ന പരാമർശങ്ങളാണ് സ്‌കൂൾ കലോത്സവ പാചകപ്പുരയിൽനിന്ന് വിടവാങ്ങാൻ േപ്രരിപ്പിച്ചിരിക്കുന്നത്. വിവാദം കാര്യമാക്കുന്നില്ലെന്നും മെനു തീരുമാനിക്കുന്നത് സർക്കാരാണെന്നുമാണ് വിവാദങ്ങളോട് പഴയിടം ആദ്യം പ്രതികരിച്ചത്. എന്നാൽ, കലോത്സവം അവസാനിച്ചശേഷം ഞായറാഴ്ച കലോത്സവ അടുക്കളയിൽനിന്ന് താൻ എന്നേക്കുമായി പിൻവാങ്ങുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. എന്നെ മോശമാക്കുന്ന രീതിയിൽ അനാവശ്യമായ വിവാദങ്ങൾ വന്നു. ഭക്ഷണത്തിന്റെപേരിൽ ഉയർന്ന പുതിയ വിവാദങ്ങൾക്കുശേഷം കലോത്സവ അടുക്കള നിയന്ത്രിക്കുന്നതിൽ ഭയം വന്നു. അടുക്കള നിയന്ത്രിക്കുന്ന കാര്യത്തിൽ ഭയമുണ്ടായാൽ മുന്നോട്ടുപോകാൻ ബുദ്ധിമുട്ടാണ്-പഴയിടം പറയുന്നു.
ഇനിമുതൽ കലോത്സവങ്ങളിൽ ടെൻഡർ നൽകില്ലെന്നു തീരുമാനിച്ചു. തൃശ്ശൂരിൽ ഈ മാസം ഒടുവിൽ നടക്കാനിരിക്കുന്ന ദക്ഷിണേന്ത്യൻ സ്‌കൂൾ ശാസ്ത്രമേളയിൽ പാചകം ഏറ്റിരുന്നു. എന്നാൽ, അതിനില്ലെന്ന് സംഘാടകരെ അറിയിച്ചുകഴിഞ്ഞു. വർഗീയത ഭക്ഷണത്തിലേക്ക് കൊണ്ടുവരുകയും പാചകംചെയ്യുന്നവരുടെ ജാതിവരെ ചർച്ചചെയ്യുകയും ചെയ്തിരിക്കുന്നു. വിവാദങ്ങൾക്കുപിന്നിൽ ചില അജൻഡകളുണ്ട്. അതൊക്കെ വിശാലമായി ചർച്ചചെയ്യേണ്ട വിഷയങ്ങളാണ്. കലോത്സവം ആരംഭിച്ച് രണ്ടാംദിനംമുതൽ അടുക്കള നിയന്ത്രിക്കുന്നതിൽ ഭയം തോന്നിയിരുന്നു. അതോടെ രാത്രിയിൽ അടുക്കളയ്ക്ക് കാവലിരിക്കേണ്ടിവന്നു-പഴയിടം പറയുന്നു. ഭക്ഷണത്തിൽ അരുതാതത്ത് കലർത്താൻ ആരെങ്കിലും ശ്രമിക്കുമോ എന്ന ഭയം തനിക്കുണ്ടായിരുന്നുവെന്ന് പറയാതെ പറയുകയാണ് പഴയിയടം. അത്രയും വർഗ്ഗീയ വിഷമാണ് ചീറ്റിയത്. ഇതെല്ലാം വ്യക്തമായ പദ്ധതിയുടെ ഭാഗമായിരുന്നു. കലോൽസവത്തിൽ നിന്നും പഴയിടത്തെ ഒഴിവാക്കാനുള്ള തന്ത്രം.
എന്നും സർക്കാർ എനിക്ക് പിന്തുണ നൽകിയിട്ടുണ്ട്. ആരോടും വിരോധമില്ല. സർക്കാർ സസ്യേതര ഭക്ഷണം കൊടുക്കുന്നതിൽ എതിർപ്പുമില്ല. കുട്ടികളുടെ മനസ്സിൽപ്പോലും ഇത്തരം ജാതീയചിന്തകൾ ചർച്ചചെയ്യുന്ന സാഹചര്യമുണ്ടാക്കുന്നത് ഗുണകരമല്ല. രോഗകാരണം കണ്ടെത്താതെയുള്ള മരുന്നു നൽകലാണിപ്പോഴെന്ന് തോന്നിപ്പോകും. കേരളത്തിന്റെ പോക്ക് എങ്ങോട്ടെന്നതിൽ ഭീതി തോന്നുന്നു. എന്നെക്കുറിച്ച് ചിന്തിക്കേണ്ട, ഇത്തരം വിവാദങ്ങൾ ഉണ്ടാകുന്നതിന്റെ കാരണത്തെപ്പറ്റി ജനങ്ങളും മാധ്യമങ്ങളും ചിന്തിച്ചാൽമതി. സസ്യേതരഭക്ഷണം കലോത്സവ വേദികളിൽ ഉൾപ്പെടുത്തില്ലെന്നു വന്നാൽ മടങ്ങിയെത്തുമോ എന്ന് ചോദിച്ചാൽ അതിനുമുണ്ട് മറപുടി. ഒരുപക്ഷേ, ഉണ്ടായേക്കാം. വെജ് ഭക്ഷണം തയ്യാറാക്കുന്നതിൽ ഞാനൊരു യൂണിവേഴ്‌സൽ ബ്രാൻഡാണെന്ന വിശ്വാസത്തിൽ രണ്ടാമതൊന്ന് ആലോചിച്ചുമാത്രം തീരുമാനമെടുക്കും-പഴയിടം പറയുന്നു.
കേരളത്തിലെ മാറിയ സാഹചര്യത്തിൽ അടുക്കള നിയന്ത്രിക്കുന്നതിൽ തനിക്ക് ഭയമുണ്ട്. ഇതുവരെ ഏകദേശം രണ്ട് കോടിയിലേറെ ആളുകളെ ഊട്ടിയിട്ടുണ്ട്. അവരുടെ അനുഗ്രഹം മാത്രം തനിക്ക് മതിയെന്നും പഴയിടം മോഹനൻ നമ്പൂതിരി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ