- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലോത്സവത്തിലെ ഭക്ഷണ മെനു തീരുമാനിക്കേണ്ടത് സർക്കാർ; നോൺ വെജ് വിളമ്പാനും റെഡി; കായിക മേളയിൽ മാംസാഹാരം വിളമ്പുന്നവർ തന്റെ സംഘത്തിൽ തന്നെ ഉണ്ട്; മുഖ്യപാചകക്കാരൻ ആയതിനാൽ ബ്രാഹ്മണ മേധാവിത്തം എന്ന് വിമർശിക്കുന്നവർ അതിൽ എത്രത്തോളം യുക്തിയുണ്ടെന്ന് കൂടി ചിന്തിക്കണം; സൈബർ ചർച്ചകളോട് പ്രതികരിച്ചു പഴയിടം മോഹനൻ നമ്പൂതിരി
കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ ഭക്ഷണ വിവാദം സൈബറിടത്തിൽ ചൂടുപിടിച്ച ചർച്ചയായി മാറവേ പ്രതികരണവുമായി പഴയിടം മോഹനൻ നമ്പൂതിരി രംഗത്ത്. കലോത്സവത്തിന് നോൺ വെജ് വിളമ്പണോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്ന് പഴയിടം പ്രതികരിച്ചു. കലോത്സവത്തിൽ നോൺ വെജ് വിളമ്പുന്നതിൽ തനിക്ക് യാതൊരു എതിർപ്പുമില്ലെന്നും നോൺ വെജ് വിളമ്പണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്നും കായിക മേളയിൽ മാംസാഹാരം വിളമ്പുന്നവർ തന്റെ സംഘത്തിൽ തന്നെ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കലാമേളായിൽ മാംസാഹാരം വിളമ്പുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് പഴയിടം ചൂണ്ടിക്കാട്ടി. ബുധനാഴ്ച കോഴിക്കോട്ടെ കലോത്സവത്തിൽ പങ്കെടുക്കാനെത്തിയത് 9500 കുട്ടികളുണ്ടാവും എന്നായിരുന്നു കണക്ക്. എന്നാൽ 20,000-ത്തിലേറെ പേരാണ് ഭക്ഷണം കഴിക്കാൻ എത്തിയത്. തീർന്നാലും പെട്ടെന്ന് തന്നെ പകരം ഭക്ഷണം സജ്ജമാക്കാം എന്നതാണ് വെജിന്റെ ഗുണം. എത്രസമയം വരെ നോണ് വെജ് ഭക്ഷണം കേട് കൂടാതെയിരിക്കും എന്ന കാര്യത്തിൽ സംശയമുണ്ട്. എന്നാൽ കലവറയിലേക്ക് എത്തുന്ന പച്ചക്കറികളുടെ കാര്യത്തിൽ എനിക്ക് കൃത്യമായ ധാരണയുണ്ട്.
കായികമേളയിൽ നമ്മുടെ ടീം തന്നെ നോണ് വെജ് വിളമ്പുന്നുണ്ട്. എന്നാൽ കായികമേളയിൽ പത്ത് ശതമാനം പേർക്ക് മാത്രം വെജിറ്റേറിയൻ ഭക്ഷണം വിളമ്പിയാൽ മതിയാവും. എന്നാൽ കലോത്സവത്തിൽ അതിലേറെ പേർക്ക് വെജിറ്റേറിയൻസ് ആയിരിക്കും. കലോത്സവത്തിൽ താൻ മുഖ്യപാചകകാരനായി എത്തുന്നതിനെ ബ്രാഹ്മണമേധാവിത്തം എന്ന് വിമർശിക്കുന്നവർ അതിൽ എത്രത്തോളം യുക്തിയുണ്ടെന്ന് കൂടി ചിന്തിക്കണമെന്ന് പഴയിടം പറഞ്ഞു. അത്തരം ചോദ്യങ്ങൾക്ക് മറുപടി നൽകാനില്ലെന്നും താൻ അങ്ങനെ ഒരാളല്ലെന്നും പഴയിടം വ്യക്തമാക്കി.
സർക്കാർ ഒരു ജോലി ഏൽപ്പിച്ചു. അത് വൃത്തിയായി നിറവേറ്റുക എന്നതാണ് തന്നെ സംബന്ധിച്ച് പ്രധാനമെന്ന് പഴയിടം നമ്പൂതിരി പറയുന്നു. സോഷ്യൽ മീഡിയയിൽ ജാതിയുടെ ഉൾപ്പെടെ പേരിൽ നടക്കുന്ന ചർച്ചകൾ ഒന്നും തന്നെ ബാധിക്കുന്ന വിഷയങ്ങളല്ലെന്നും പഴയിടം പറയുന്നു. നല്ല ബുദ്ധിമുട്ടുള്ള ജോലിയാണ് ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. അത് ഭംഗിയായി നിർവഹിക്കുക എന്നത് മാത്രമാണ് ഇപ്പോൾ മുന്നിലുള്ള കാര്യം. സോഷ്യൽ മീഡിയ പറയുന്നതിനോടൊന്നും ഒരക്ഷരം പോലും പ്രതികരിക്കാനില്ല. മാങ്ങയുള്ള മാവിലേ ആളുകൾ കല്ലെറിയൂ എന്ന് മാത്രം മനസിലാക്കിയാൽ മതിയെന്നും പഴയിടം മോഹനൻ നമ്പൂതിരി കൂട്ടിച്ചേർത്തു.
മുൻ മാധ്യമപ്രവർത്തകനും കേരള സർവകലാശാല പൊൽറ്റിക്കൽ സയൻസ് വിഭാഗത്തിലെ അദ്ധ്യാപകനുമായ ഡോ അരുൺകുമാർ അടക്കം ഉയർത്തിയ നോൺ വെജിറ്റേറിയൻ വാദമാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. കലോത്സവത്തിൽ സ്ഥിരമായി വെജിറ്റേറിയൻ ഭക്ഷണം വിളമ്പുന്നത്, ബ്രാഹ്മണിക്കൽ ഹെജിമണിയുടെയും ജാതിവാദത്തിന്റെയും, ശുദ്ധതാവാദത്തിന്റെയും ലക്ഷണമായാണ് ഇവർ കാണുന്നത്. പൊളിറ്റിക്കൽ കറക്ടനസ്സിന്റെ അസ്‌ക്യതയുള്ള ലെഫ്റ്റ്- ലിബറൽ പ്രൊഫൈലുകൾ ഒരുപോലെ വെജിറ്റേറിയൻ ഭക്ഷണം മാത്രം കലോത്സവത്തിൽ വിളമ്പുന്നതിനെതിരെ രംഗത്ത് എത്തി.
എന്നാൽ ഇവർ ആരോപിക്കുന്ന പോലെ ബ്രാഹ്മണിക്കലായ അശുദ്ധിയുടെ ഭാഗമൊന്നും ആയിട്ടില്ല പഴയിടം മോഹനൻ നമ്പൂതിരി ഇവിടെ ഭക്ഷണം വിളമ്പുന്നതെന്നും, അദ്ദേഹത്തിന് നോൺ വെജിറ്റേറിയനോട് യാതൊരു അയിത്തവുമില്ലെന്നും സോഷ്യൽ മീഡിയ ആക്്റ്റീവിസ്റ്റുകൾ ചൂണ്ടിക്കാട്ടി. കാരണം ഇതേ പഴയിടം തന്നെയാണ് സംസ്ഥാന സ്‌കുൾ കായികമേളയിൽ ചിക്കനും, ബീഫും വിളമ്പിയത്. കായികമേളക്കിടെ പഴയിടം ഏഷ്യനെറ്റിന് കൊടുത്ത ഒരു ഇന്റവ്യൂവും ഇപ്പോൾ വൈറൽ ആയിട്ടുണ്ട്. അതിൽ അദ്ദേഹം ഇങ്ങനെ പറയുന്നു.
'കായികമേളയിൽ വെറൈറ്റിയേക്കാൾ കുട്ടികൾക്ക് ന്യുട്രീഷ്യസ് ഫുഡ് കൊടുക്കുക എന്നതാണ്. രാവിലെ ബ്രേക്ക് ഫാസ്റ്റിനൊപ്പം പാല്, മുട്ട പഴം, വൈകുന്നേരം ഒന്നുകിൽ ബീഫ് അല്ലെങ്കിൽ ചിക്കൻ, ഇവയിൽ ഏതെങ്കിലും ഒന്ന് ഊണിനൊപ്പം ഉണ്ടാവും.''- അതായത് ചിക്കനും ബീഫും ഒന്നും പാകം ചെയ്യാൻ പഴയിടത്തിന് യാതൊരു മടിയും ഇല്ല എന്നും, ബ്രാഹ്മണിക്കൽ ബോധ്യങ്ങൾ അദ്ദേഹത്തെ നയിക്കുന്നില്ല എന്ന് വ്യക്തമാണ്. അതേസമയം ഭക്ഷണ വൈവിധ്യമാണ് വിഷയമെങ്കിൽ കലോത്സവത്തിന്റെ ഊട്ടുപുരയിൽ ബീഫിന് പകരം പോർക്ക് പാകം ചെയ്താൽ എത്രപേർ അംഗീകരിക്കുമെന്നും ചോദ്യവും സൈബറിടത്തിൽ ഉയർന്നിരുന്നു.
മറുനാടന് മലയാളി ബ്യൂറോ