- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമ്പത്തിക അരക്ഷിതാവസ്ഥ കാരണം ഏറ്റവും അർഹരായവർക്ക് മാത്രം സാമൂഹിക ക്ഷേമ പെൻഷൻ എന്നത് സർക്കാർ തീരുമാനം; 2019 വരെ വാങ്ങിയത് 40.91 ലക്ഷം; വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ബാക്കിയുള്ളത് 10 ലക്ഷം പേർ; ഇന്ന് അവസാന തീയതി; ഗുണഭോക്തൃപട്ടികയിൽ നിന്ന് ഇവർ ഒഴിവാകും; സെസ് പിരിക്കുന്നവർ പെൻഷൻകാരെ ഒഴിവാക്കുമ്പോൾ
തിരുവനന്തപുരം: വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ബാക്കിയുള്ളത് 10 ലക്ഷത്തോളം സാമൂഹിക സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾ. ഇന്ന് സർട്ടിഫിക്കറ്റ് സമർപ്പിച്ചില്ലെങ്കിൽ ഇവർ ഗുണഭോക്തൃ പട്ടികയിൽനിന്ന് ഒഴിവാകും. മാർച്ച് മുതൽ പെൻഷൻ മുടങ്ങുകയും ചെയ്യും. സർക്കാർ അനുവദിച്ച സമയം ഇനി നീട്ടില്ലെന്നാണ് സൂചന.
2019 ഡിസംബർ 31 വരെ പെൻഷൻ ലഭിച്ചവരാണ് വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത്. അന്ന് 40.91 ലക്ഷം പേരായിരുന്നു ഗുണഭോക്താക്കൾ. ഇതിൽ 30.71 ലക്ഷം പേർ മാത്രമാണ് വരുമാന സർട്ടിഫിക്കറ്റ് സമർപ്പിച്ചത്. അർഹതയുള്ളവർ സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്കു പെൻഷൻ പുനഃസ്ഥാപിച്ചുകിട്ടുമെങ്കിലും കുടിശിക കിട്ടില്ല. ഇത് സർക്കാരിന് വലിയ സാമ്പത്തിക ആശ്വാസമാകും. ഇതിന് വേണ്ടിയാണ് വരുമാന സർട്ടിഫിക്കറ്റ് എന്നത് നടപ്പാക്കുന്നത് തന്നെ. കുറേ പേരെങ്കിലും പദ്ധതിക്ക് പുറത്താകാനും സാധ്യതയുണ്ട്.
കർഷകത്തൊഴിലാളി പെൻഷൻ, വാർധക്യ പെൻഷൻ, ഭിന്നശേഷി പെൻഷൻ, അവിവാഹിത പെൻഷൻ, വിധവ പെൻഷൻ എന്നിങ്ങനെ 5 തരത്തിൽ സാമൂഹികസുരക്ഷാ പെൻഷനുണ്ട്. പ്രതിമാസ തുക 1600 രൂപയാണ് നൽകുന്നത്. പ്രതിവർഷം ഒരു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ളവരായിരിക്കണം. എന്നാൽ അനർഹരായ പലരും പെൻഷൻ വാങ്ങുന്നുണ്ടെന്ന് സർക്കാർ മനസ്സിലാക്കുന്നു. ഈ സാഹചര്യത്തിലാണ് വരുമാന സർട്ടിഫിക്കറ്റ് എന്ന നിബന്ധന കൊണ്ടു വന്നത്.
പെൻഷൻ വാങ്ങുന്ന തദ്ദേശ സ്ഥാപനങ്ങളിൽ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് നിർദ്ദേശം വന്നത്. വില്ലേജ് ഓഫിസർമാരാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. ഇതിനായി അപേക്ഷ സമർപ്പിക്കാൻ അക്ഷയ കേന്ദ്രങ്ങളിലും മറ്റും മാസങ്ങളോളം വൻ തിരക്കായിരുന്നു. ഈ തിരക്കു കാരണം പലരും സർട്ടിഫിക്കറ്റ് വാങ്ങിയില്ല. ഇതിനൊപ്പം വലിയ പ്രചരണവും ഇക്കാര്യത്തിൽ ഉണ്ടായില്ല. അതുകൊണ്ട് പലരും അറിയാതേയും പോയി എന്നതാണ് വസ്തുത.
കൈവശമുള്ള ഭൂമിയുടെ വിസ്തൃതി ഉൾപ്പെടെയുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഒട്ടേറെപ്പേരെ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. പല ഘട്ടങ്ങളായാണ് ഇത്തരക്കാരെ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയത്. സാമ്പത്തിക അരക്ഷിതാവസ്ഥ കാരണം ഏറ്റവും അർഹരായവരെ മാത്രം പദ്ധതിയിൽ ഉൾപ്പെടുത്തുക എന്നതാണ് സർക്കാരിന്റെ തീരുമാനം. പെൻഷൻ തുക കണ്ടെത്തുന്നതിനായി രണ്ട് രൂപ ഇന്ധന സെസ് ഏർപ്പെടുത്തിയ തീരുമാനം വിവാദമായിരിക്കുന്ന സാഹചര്യത്തിലാണ് ഗുണഭോക്താക്കളുടെ എണ്ണം നിയന്ത്രിക്കാനുള്ള പുതിയ നീക്കം.
സാമ്പത്തിക പ്രതിസന്ധിക്കിടെ സാമൂഹി ക്ഷേമ പെൻഷൻ നൽകുക സർക്കാരിനും വലിയ പ്രതിസന്ധിയാണ് നൽകുന്നത്. കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കു നൽകേണ്ട സഹായം തടഞ്ഞുവച്ചും വെട്ടിക്കുറച്ചും ദ്രോഹനടപടികൾ തുടരുന്നതിനാൽ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും ക്ഷേമ പെൻഷനുകളുടെ വിതരണം മുടങ്ങില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞിരുന്നു.
2022 നവംബർവരെയുള്ള പെൻഷൻ വിതരണംചെയ്തിട്ടുണ്ട്. നവംബറിലെ പെൻഷന് 879.06 കോടി രൂപ അനുവദിച്ചിരുന്നു. ക്ഷേമപെൻഷൻ വിതരണത്തിന് കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് എന്ന സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ പ്രവർത്തിക്കുന്നു. ഈ കമ്പനിയുടെ താൽക്കാലിക കടമെടുപ്പ് സംസ്ഥാന സർക്കാരിന്റെ പൊതുകടമായി കണക്കാക്കുന്ന കേന്ദ്രനിലപാട് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
എങ്കിലും പരമാവധി സമയത്തുതന്നെ ക്ഷേമപെൻഷനുകൾ അർഹരിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നുണ്ട്. ഡിസംബറിലെ ക്ഷേമപെൻഷൻ വിതരണം ചെയ്യുകയാണെന്ന് സർക്കാർ നേരത്തെ വിശദീകരിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ