തിരുവനന്തപുരം: പൊതു മേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി എകീകരിച്ചു. ധന വകുപ്പ് ഉത്തരവ് ഇറക്കി. നിലവിൽ പല സ്ഥാപനങ്ങളിലും വ്യത്യസ്ത പെൻഷൻ പ്രായം ആയിരുന്നു. 58, 59 വയസ്സിൽ വിരമിച്ചവരുണ്ട്.

വിവിധ സമിതികളുടെ റിപ്പോർട്ട് അംഗീകരിച്ചാണ് സർക്കാരിന്റെ നടപടി. എന്നാൽ നിലവിൽ വിരമിച്ചവർക്ക് ഈ ഉത്തരവ് ബാധകമായിരിക്കില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ ശമ്പള, വേതന പരിഷ്‌കരണത്തിനായി സ്ഥാപനത്തിന്റെ മികവും സർക്കാർ അടിസ്ഥാനമാക്കും. സ്ഥാപനങ്ങളെ എ,ബി,സി,ഡി എന്നിങ്ങനെ തരംതിരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണു ധനവകുപ്പ് ഉത്തരവിറക്കിയത്.

വളർച്ചയുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ ഉയർന്ന ഗ്രേഡുകളിൽ ഉൾപ്പെടുത്തും. അല്ലാത്തവയെ തരം താഴ്‌ത്തും. ക്ലാസിഫിക്കേഷൻ ലഭിക്കാൻ അതതു പൊതുമേഖലാ സ്ഥാപനങ്ങൾ പബ്ലിക് എന്റർപ്രൈസസ് ബോർഡിന് അപേക്ഷ നൽകണം. അപേക്ഷ നൽകാത്തവയെ ഡി വിഭാഗത്തിലാകും ഉൾപ്പെടുത്തുക.

നിശ്ചിത സമയപരിധിയിൽ ധനകാര്യ സ്റ്റേറ്റ്‌മെന്റ് നൽകാത്ത സ്ഥാപനങ്ങളെയും തരംതാഴ്‌ത്തും. മൂന്നു വർഷത്തിലൊരിക്കൽ സ്ഥാപനങ്ങളുടെ സ്‌കോർ പുനഃപരിശോധിക്കും. ഈ സ്‌കോറിന്റെ അടിസ്ഥാനത്തിലാകും സിഇഒ, എംഡി ഉൾപ്പെടെയുള്ളവരുടെ വേതനഘടന ഏകീകരിക്കുക. ഒരേ പദവിയിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വേതനത്തിനു സമാന രൂപമുണ്ടാകും.

സെക്രട്ടേറിയേറ്റിലടക്കം അടക്കം സർക്കാർ ജീവനക്കാരും പെൻഷൻ പ്രായം ഉയർത്തണമെന്ന ആവശ്യം ശക്തമാക്കാൻ സാധ്യതയുണ്ട്. എന്നാൽ യുവജനസംഘടനകളുടെ എതിർപ്പ് കണക്കിലെടുത്ത് സർക്കാർ ഉടൻ തീരുമാനമെടുക്കാൻ സാധ്യതയില്ല.