മലപ്പുറം: പെരിന്തൽമണ്ണയിൽ നിയമസഭ തെരഞ്ഞെടുപ്പിലെ തപാൽ ബാലറ്റുകൾ കാണാതായ സംഭവത്തിൽ കേസെടുത്ത് പൊലീസ്. ജനപ്രാതിനിധ്യ നിയമപ്രകാരമാണ് കേസ്. കളക്ടറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പെരിന്തൽമണ്ണ പൊലീസ് കേസ് അന്വേഷിക്കും.

തപാൽ വോട്ട് അടങ്ങിയ പെട്ടി കാണാതായ സംഭവത്തിൽ ട്രഷറി വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരെ നേരത്തെ സസ്‌പെന്റ് ചെയ്തിരുന്നു. സംഭവം വിവാദമായതിനു പിന്നാലെ ട്രഷറി ഡയറക്ടറുടേതാണ് നടപടി. പെരിന്തൽമണ്ണ ട്രഷറി ഓഫീസർ എൻ സതീഷ് കുമാർ, സീനിയർ അക്കൗണ്ടന്റ് എസ് രാജീവ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. പരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട തപാൽ വോട്ട് പെട്ടി കാണാതായത്.

പെരിന്തൽമണ്ണ ട്രഷറിയിൽ ആയിരുന്നു മൂന്നു പെട്ടികൾ സൂക്ഷിച്ചിരുന്നത്. ഇതിൽ ഒന്നാണ് കാണാതായത്. സംഭവത്തിൽ സ്ഥാനാർത്ഥികളായ കെ പി എം മുസ്തഫ, നജീബ് കാന്തപുരം എംഎൽഎ എന്നിവർ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഉദ്യോഗസ്ഥർ നടത്തിയ വിശദ പരിശോധനയിൽ കാണാതായ പെട്ടി ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ മലപ്പുറത്തെ ഓഫീസിൽനിന്ന് കണ്ടെത്തി. എന്നാൽ സംഭവത്തിൽ അട്ടിമറി ആരോപിച്ച് ഇരു കൂട്ടരും രംഗത്തെത്തുകയായിരുന്നു. ഒടുവിലാണ് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തത്.

പെട്ടി മലപ്പുറത്തേക്കു കൊണ്ടു പോയ സമയത്ത് ട്രഷറിയുടെ ചുമതല ഇവർക്കായിരുന്നു. പെട്ടി നൽകിയപ്പോൾ വീഴ്ചയുണ്ടായെന്ന ജില്ലാ ട്രഷറി ഓഫീസറുടെ പ്രാഥമിക റിപ്പോർട്ട് കണക്കിലെടുത്താണ് നടപടി. അതേസമയം ഇവർക്ക് പുറമേ മറ്റു രണ്ടു ഉദ്യോഗസ്ഥർക്കും കളക്ടർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. സംഭവത്തിൽ വിശദ അന്വേഷണം നടത്താൻ കളക്ടറോട് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

തപാൽ വോട്ടുപെട്ടി കാണാതായ സംഭവം അതീവ ഗുരുതരമാണെന്നായിരുന്നു ഹൈക്കോടതിയുടെ പ്രതികരണം. സംഭവത്തിന്റെ പശ്ചാത്തലത്തിൽ വോട്ടിങ് പെട്ടികളെല്ലാം ഹൈക്കോടതിയിലേക്ക് മാറ്റി. ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച പറ്റിയ സാഹചര്യത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.