മലപ്പുറം: പെരിന്തൽമണ്ണ മണ്ഡലത്തിലെ തപാൽ വോട്ട് പെട്ടിയിൽ നിന്ന് ബാലറ്റുകൾ കാണാതായെന്ന് റിപ്പോർട്ട്. മണ്ഡലത്തിൽ തർക്കത്തിലായിരുന്ന 348 സ്‌പെഷ്യൽ തപാൽ വോട്ടുകൾ സൂക്ഷിച്ചിരുന്ന പെട്ടിയിൽ നിന്നാണ് ബാലറ്റുകൾ കാണാതായത്. പെട്ടി തുറന്നിട്ട നിലയിലായിരുന്നുവെന്ന് സബ് കളക്ടർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി.

അഞ്ചാം നമ്പർ ടേബിളിലെ ബാലറ്റാണ് കാണാതായത്. അതേസമയം ബാലറ്റുകളുടെ എണ്ണം അടയാളപ്പെടുത്തിയ രേഖ നഷ്ടപ്പെട്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട വീഡിയോ ഫൂട്ടേജ് അടക്കമുള്ള രേഖകൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ബാലറ്റ് കാണാതായതിൽ വിശദമായ അന്വേഷണം വേണമെന്നും റിട്ടേണിങ് ഓഫീസർ കൂടിയായ സബ് കളക്ടർ ഹൈക്കോടതിക്ക് നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.

വോട്ട് കാണാതായത് ഉദ്യോഗസ്ഥ വീഴ്ചയാണെന്നാണ് റിപ്പോർട്ടിലുള്ളത്. എന്നാൽ അട്ടിമറി സൂചനയുണ്ടെന്ന് റിപ്പോർട്ടിലില്ല. രണ്ട് ഇരുമ്പ് പെട്ടികളിലായാണ് ബാലറ്റ് സൂക്ഷിച്ചിരുന്നത്. ഇതിൽ നിന്നാണ് അഞ്ചാം നമ്പർ ടേബിളിലെ ബാലറ്റുകൾ നഷ്ടപ്പെട്ടത്. മറ്റു രേഖകൾ നഷ്ടപ്പെട്ടിട്ടില്ല.കഴിഞ്ഞ ദിവസമാണ് പെരിന്തൽമണ്ണ സബ് ട്രഷറി ഓഫിസിലെ ലോക്കറിൽ നിന്നു സ്പെഷൽ തപാൽ വോട്ടുകളടങ്ങിയ പെട്ടി കാണാതായത്. തുടർന്ന് നടന്ന തെരച്ചിലിലാണ് പെരിന്തൽമണ്ണ സബ്ട്രഷറി സ്‌ട്രോംഗ് റൂമിൽ സൂക്ഷിച്ച രണ്ട് പെട്ടികളിൽ ഒന്ന് ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ മലപ്പുറത്തെ ഓഫീസിൽ കണ്ടെത്തിയത്.

കോവിഡ് രോഗികൾക്കും പ്രായമായവർക്കും വീട്ടിൽവച്ചു തന്നെ വോട്ട് ചെയ്യാൻ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ക്രമീകരണം ഏർപ്പെടുത്തിയിരുന്നു. പോളിങ് ഓഫിസർമാർ വീട്ടിൽ വന്നു ശേഖരിച്ച ഇത്തരം വോട്ടുകളാണ് സ്പെഷൽ തപാൽ വോട്ടുകൾ.

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായ 38 വോട്ടിനാണ് പെരിന്തൽമണ്ണയിൽ മുസ്ലിം ലീഗിലെ നജീബ് കാന്തപുരം വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി കെ പി മുഹമ്മദ് മുസ്തഫ തുടർന്ന് ഹൈക്കോടതിയെ സമീപിച്ചു. പോളിങ് ഉദ്യോഗസ്ഥരുടെ ഒപ്പും ക്രമനമ്പറും ഇല്ലെന്ന പേരിൽ അസാധുവായി പ്രഖ്യാപിച്ച 348 സ്പെഷൽ ബാലറ്റുകൾ എണ്ണണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. തർക്കമുള്ള സ്പെഷൽ ബാലറ്റും രേഖകളും ഹൈക്കോടതിയിൽ എത്തിക്കണമെന്നു നിർദ്ദേശവും ലഭിച്ചു.

ഇതിനായി വിവിധ പാർട്ടി പ്രതിനിധികളെയടക്കം വിളിച്ചുവരുത്തി കഴിഞ്ഞദിവസം രാവിലെ 7.15ന് പെരിന്തൽമണ്ണ സബ് ട്രഷറി ഓഫിസിലെ ലോക്കറിൽ പരിശോധിച്ചപ്പോഴാണ് ഒരു പെട്ടി കാണാനില്ലെന്നു ബോധ്യമായത്. തെരച്ചിലിനിടെ, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ രേഖകളടങ്ങുന്ന മറ്റൊരു പെട്ടി കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് അന്നത്തെ ബ്ലോക്ക് റിട്ടേണിങ് ഓഫിസർ കൂടിയായ മലപ്പുറം സഹകരണ സംഘം ജനറൽ ജോയിന്റ് രജിസ്ട്രാറുടെ ഓഫിസിൽ ഒരു പെട്ടിയുള്ളതായി വിവരം ലഭിച്ചത്.