- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ച കേസ്; പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ വൈകിയതിൽ നിരുപാധികം മാപ്പ് ചോദിച്ച് സർക്കാർ; അഡീഷണൽ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരായി ക്ഷമാപണം; റവന്യു റിക്കവറി ജനുവരി 15നകം പൂർത്തിയാക്കും
കൊച്ചി: പൊതുമുതൽ നശിപ്പിച്ച പോപ്പുലർ ഫ്രണ്ട് ഹർത്താലിന് ആഹ്വാനം നൽകിയവരുടെ സ്വത്തുവകകൾ കണ്ടു കെട്ടുന്നതിൽ കാലതാമസം വരുത്തിയതിന് ഹൈക്കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞ് സംസ്ഥാന സർക്കാർ. സ്വത്തുക്കൾ കണ്ടു കെട്ടാനുള്ള ഉത്തരവ് നടപ്പാക്കുന്നതിലെ വീഴ്ചയിലാണ് ഹൈക്കോടതിയിൽ നിരുപാധികം ക്ഷമ ചോദിച്ചത്. പൊതുമുതൽ നശിപ്പിച്ച സംഭവം അതീവ ഗൗരവമുള്ളതെന്ന് ഹൈക്കോടതി പറഞ്ഞു.
പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താലിലെ 5.20 ലക്ഷം രൂപയുടെ നഷ്ടം നികത്താൻ നടപടി വൈകുന്നതിൽ ഹൈക്കോടതി കടുത്ത വിമർശനം ഉന്നയിച്ചതോടെയാണ് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ വി വേണു ഐഎഎസ് നേരിട്ട് ഹാജരായി മാപ്പപേക്ഷിച്ചത്. കോടതി ഉത്തരവ് നടപ്പാക്കാൻ ആത്മാർത്ഥമായി ഇടപെടുകയാണ്. ഇക്കാര്യത്തിൽ മനഃപൂർവ്വം വീഴ്ച വരുത്തിയിട്ടില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇതു സംബന്ധിച്ചു സർക്കാർ നൽകിയ സത്യവാങ്മൂലം കോടതി ഫയലിൽ സ്വീകരിച്ചു.
റവന്യു റിക്കവറി നടപടികൾക്ക് ലാന്റ് റവന്യു കമ്മീഷണറെ ചുമതലപ്പെടുത്തിയിരുന്നു. രജിസ്‌ട്രേഷൻ വകുപ്പ് പിഎഫ്‌ഐ നേതാക്കളുടെയും സ്ഥാപനങ്ങളുടെയും ആസ്തിവകകൾ കണ്ടത്തുകയാണ്. ജനുവരി 15 നകം നടപടി പൂർത്തിയാകും. ഏറ്റെടുത്തൽ പൂർത്തിയാക്കാൻ ഒരുമാസം കൂടി വേണ്ടിവരുമെന്നും സർക്കാർ അറിയിച്ചു.
എന്നാൽ പൊതുമുതൽ നശിപ്പിക്കുന്ന സംഭവം ഗൗരവമുള്ള വിഷയമാണെന്ന് കോടതി ചൂണ്ടികാട്ടി. പൊതുമുതൽ നശിപ്പിക്കുന്നത് പൊതു താൽപ്പര്യത്തിന് വിരുദ്ധമാണ് ഇത്തരക്കാരെ ഉരുക്ക് മുഷ്ടി ഉപയോഗിച്ച് നേരിടണമെന്ന് ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ അടങ്ങിയ ഡിവിഷൻ ബഞ്ച് നിർദ്ദശിച്ചു. ഇക്കാര്യം ബോധ്യപ്പെടുത്താനാണ് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടതെന്ന് അഡിഷണൽ ചീഫ് സെക്രട്ടറിയോട് കോടതി വ്യക്തമാക്കി. ഹർജി ജനുവരി 17 കോടതി വീണ്ടും പരിഗണിക്കും.
പൊതുമുതൽ നശിപ്പിച്ച കേസിൽ പ്രതിയായ അബ്ദുൽ സത്താറിനെ ഇനി മുതൽ വിഡിയോ കോൺഫൻസിങ് വഴി കോടതിയിൽ ഹാജരാക്കും. ഹർജി ജനുവരി 17നു പരിഗണിക്കുന്നതിനായി മാറ്റിവച്ചു. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെയും പ്രവർത്തകരുടെയും വീടുകളിലും ഓഫിസുകളിലും രാജ്യവ്യാപകമായി എൻഐഎ, ഇഡി എന്നിവർ നടത്തിയ റെയ്ഡിനെതിരെയായിരുന്നു പോപ്പുലർ ഫ്രണ്ടിന്റെ ഹർത്താൽ. സംഭവത്തിൽ 5.20 കോടി രൂപ നാശനഷ്ടമുണ്ടായതായി സർക്കാർ കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് ഈ നഷ്ടം റവന്യു റിക്കവറിയിലൂടെ പിടിച്ചെടുക്കാൻ കോടതി ഉത്തരവിട്ടത്.
എന്നാൽ സർക്കാർ ഇക്കാര്യത്തിൽ അനാസ്ഥ കാണിച്ചതോടെ കടുത്ത വിമർശനമാണു ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. തുക ഈടാക്കുന്നതിനുള്ള സമയപരിധി ജനുവരി 31ൽ കൂടുതൽ നീട്ടി നൽകാനാവില്ലെന്നും സ്വീകരിച്ച നടപടികൾ ആഭ്യന്തര വകുപ്പ് അഡിഷനൽ സെക്രട്ടറി നേരിട്ടെത്തി അറിയിക്കാനും ഉത്തരവിട്ടു.
മറുനാടന് മലയാളി ബ്യൂറോ