തിരുവനന്തപുരം: വിഴിഞ്ഞം സമരക്കാരെ രാഹുൽ ഗാന്ധി കാണും. ഇതോടെ അദാനി തുറമുഖത്തിനെതിരായ സമരം ദേശീയ ശ്രദ്ധയിലേക്ക് എത്തും. സമര പ്രതിനിധികളുമായി നാളെയാണ് രാഹുലിന്റെ കൂടിക്കാഴ്ച. നേരത്തെ വിഴിഞ്ഞം സമരത്തിൽ ന്യായമുണ്ടെന്ന നിലപാട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ എടുത്തിരുന്നു. കേരളത്തിലെ സഭകളാകെ പ്രതിഷേധത്തിന് പിന്നിൽ അണിനിരക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് രാഹുലും ചർച്ചയ്ക്ക് എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്തായ അദാനിയുടെ തുറമുഖം ചർച്ചയാക്കി കേരളത്തിൽ ഭാരത് ജോഡോ യാത്രയെ പുതിയ തലത്തിലെത്തിക്കാനാണ് രാഹുലിന്റെ തീരുമാനം.

പ്രധാനമന്ത്രി മോദിയെ കേരളത്തിൽ കടന്നാക്രമിക്കാൻ അദാനിയെ ആയുധമാക്കാനാണ് നീക്കം. ഇതിന് വേണ്ടിയാണ് തുറമുഖ വിഷയത്തിൽ ഇടപെടുന്നത്. പരിസ്ഥിതിയെ തകർക്കുന്നവർക്കെതിരെ ശക്തമായ നിലപാട് എടുക്കും. ഈ വിഷയത്തിൽ അടക്കം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലെ രഹസ്യ ധാരണയും ചർച്ചയാക്കും. വിഴിഞ്ഞം തുറമുഖ സമരത്തിന് പിന്തുണ നൽകാൻ രാഹുൽ ഗാന്ധി തീരുമാനിക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും സമ്മർദ്ദത്തിലാകും. സമര സമിതി നേതാക്കളെ കോൺഗ്രസ് നേതാവ് നേരിൽ കണ്ട് പിന്തുണ അറിയിക്കുന്നത് കേരളത്തിൽ കൂടുതൽ പേരെ പാർട്ടിയിലേക്ക് അടുപ്പിക്കാൻ വേണ്ടി കൂടിയാണ്.

രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പാറശ്ശാലയിൽ ആവേശോജ്വല സ്വീകരണം ലഭിച്ചിരുന്നു. ഞായറാഴ്ച രാവിലെ ഏഴിന് പാറശ്ശാലയിൽനിന്ന് കേരളത്തിലെ പദയാത്ര ആരംഭിച്ചു. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, ഡി.സി.സി. പ്രസിഡന്റ് പാലോട് രവി എന്നിവർ അടക്കമുള്ള കേരളത്തിലെ പ്രധാന നേതാക്കളെല്ലാം യാത്രയെ സ്വീകരിക്കാൻ എത്തിയിരുന്നു. പൊതുജനങ്ങൾക്ക് തടസമില്ലാത്ത വിധം, പരമാവധി ആൾക്കൂട്ടമില്ലാതെയായിരിക്കും യാത്രയെന്ന് കെപിസിസി അറിയിച്ചു. എന്നാൽ വൈകിട്ട് യാത്രയെ ശക്തിപ്രകടനമാക്കി മാറ്റാനാണ് തീരുമാനം. യാത്ര നെയ്യാറ്റിൻകര ഊരൂട്ടുകാലയിൽ സ്വാതന്ത്ര്യസമര സേനാനി ജി രാമചന്ദ്രന്റെ വസതിയിൽ സമാപിക്കും.

ഇവിടെയുള്ള ഗാന്ധി മ്യൂസിയവും രാഹുൽ സന്ദർശിക്കും. പരമ്പരാഗത നെയ്ത്തുതൊഴിലാളികളുമായും രാഹുൽ ഗാന്ധി സംവദിക്കും. വൈകീട്ട് നിംസ് ആശുപത്രി വളപ്പിൽ ഗാന്ധിയന്മരായ ഗോപിനാഥൻ നായരുടെയും കെ.ഇ. മാമന്റെയും സ്തൂപം അനാച്ഛാദനം ചെയ്യും. വൈകിട്ട് നേമത്ത് യാത്ര സമാപിക്കും. കേരളത്തിൽ 19 ദിവസമാണ് പര്യടനം. ഏഴ് ജില്ലകളിലൂടെ യാത്ര കടന്നുപോകും. സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ നിർദ്ദേശം കൂടി മാനിച്ചാണ് വിഴിഞ്ഞത്ത് രാഹുൽ ഇടപെടൽ നടത്തുന്നത്. അദാനിക്കെതിരെ പല വിഷയത്തിലും ആഞ്ഞടിച്ച നേതാവാണ് രാഹുൽ.

വിഴിഞ്ഞത്ത് അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം ഒത്തുതീർപ്പിലെത്തിക്കാൻ മുഖ്യമന്ത്രി മുൻകൈ എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി ഇപ്പോൾ ചർച്ചയ്ക്കായി മന്ത്രിമാരെ വിടുകയാണ്. മന്ത്രിമാർ സമരക്കാരോട് പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞു. സമരം ചെയ്യുന്ന ആളുകളോടുള്ള ശത്രുതാ മനോഭാവം വെടിയാൻ മുഖ്യമന്ത്രി തയാറാകണം. സമരം ചെയതാൽ ഗൂഢാലോചനയാണെന്നും നക്സലൈറ്റാണെന്നും മാവോയിസ്റ്റാണെന്നുമൊക്കെ പറയുന്നത് ശരിയല്ല. ബിഷപ്പ്മാർ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തി അവർ ഉന്നയിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ തന്നെ വിഷയത്തിൽ ഇടപെടുന്നത്.

വിഴിഞ്ഞത്ത് സമരം വ്യാപിപ്പിക്കാൻ ലത്തീൻ രൂപതയുടെ തീരുമാനം വന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ സർക്കുലർ വായിച്ചു. ബഹുജന സമരത്തിന് വിവിധ സംഘടനകളെയും ജനങ്ങളെയും പങ്കാളികളാക്കണം. നിരവധി തവണ ചർച്ച നടത്തിയിട്ടും അധികാരികളുടെ ഭാഗത്ത് നിന്ന് ഉറപ്പുകളൊന്നും ലഭിക്കുന്നില്ലെന്ന് സർക്കുലറിൽ ആരോപിക്കുന്നു. സമരം ഒരു മാസത്തിലേക്ക് കടക്കുമ്പോഴാണ് ബഹുജന സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ന് ഞായറാഴ്ച പ്രാർത്ഥനക്കിടെ ആർച്ച് ബിഷപിന്റെ സർക്കുലർ വായിക്കുകയും ചെയ്തു. സംസ്ഥാന വ്യാപകമായി സമരം നടത്താനുള്ള തീരുമാനം നേരത്തെ എടുത്തിരുന്നു.

ഇതിന്റെ ഭാഗമായി മൂലമ്പള്ളിയിൽ നിന്ന് ബുധനാഴ്ച വാഹനജാഥ നടത്തും. ജാഥ ഞായറാഴ്ച തിരുവനന്തപുരത്ത് എത്തും. എതിൽ എല്ലാ ഇടവകകളിൽ നിന്നുമുള്ള ആളുകളും പങ്കെടുക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. ഈ ജാഥയുമായി കോൺഗ്രസ് സഹകരിക്കും.