തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ശിവൻകുട്ടിയും മന്ത്രി മുഹമ്മദ് റിയാസും യൂറോപ്യൻ പര്യടനത്തിനാണ്. നേരത്തെ വെള്ളപ്പൊക്ക നിവാരണം നെതർലണ്ടിൽ നിന്ന് പഠിച്ച് മടങ്ങിയ മുഖ്യമന്ത്രി അതിവേഗ ഇടപെടലിലൂടെ പ്രളയത്തിൽ നിന്ന് കേരളത്തെ രക്ഷിച്ചോ എന്ന ചർച്ച പോലും സജീവമാണ്. നവകേരള സൃഷ്ടിയും ആ വിദേശയാത്രയ്ക്ക് ശേഷം ഇല്ലാതെയായി. ഇപ്പോൾ വിദ്യാഭ്യാസത്തെ കുറിച്ച് പഠിക്കാനാണ് മന്ത്രി ശിവൻകുട്ടിയുമായുള്ള യാത്ര. മുഖ്യമന്ത്രി കസേര തന്നെ തുലാസിൽ നിൽക്കുമ്പോഴാ് ഈ വിദേശ യാത്രകൾ. ലോകായുക്താ ബില്ലിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ എന്ത് നിലപാട് എടുക്കുമെന്നതും ചർച്ചകളിലുണ്ട്.

നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും ഉന്നത വിദ്യാഭ്യാസ മേഖലയിലെ പഠനങ്ങൾക്കുമാണ് സന്ദർശനം. ബ്രിട്ടൻ, നോർവെ, ഫിൻലൻഡ് എന്നീ രാജ്യങ്ങളിലേക്കാകും സന്ദർശനം. വിദ്യാഭ്യാസ മേഖലയിലെ പഠനങ്ങൾക്കായി അവിടുത്തെ സർക്കാരിന്റെ ക്ഷണപ്രകാരമാണ് ഫിൻലൻഡ് സന്ദർശിക്കുന്നത്. ഈ സന്ദർശനത്തിൽ മുഖ്യമന്ത്രിയെ കൂടാതെ പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ഉണ്ടാകും. ബ്രിട്ടണിലേക്കുള്ള സന്ദർശനത്തിൽ ധനമന്ത്രി കെ.എൻ.ബാലഗോപാലും വ്യവസായ മന്ത്രി പി.രാജീവും ഉൾപ്പെട്ടേക്കും. നിക്ഷേപ ആകർഷണമായിരിക്കും ഈ യാത്രയിലെ ലക്ഷ്യം. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നിട്ടില്ല. നോർവെയിലും മന്ത്രി തല സന്ദർശനം നടത്തും. അടുത്ത മാസമായിരിക്കും സന്ദർശനം. ഇതിനായി അനുമതി തേടി കേന്ദ്ര മന്ത്രാലയങ്ങളെ സംസ്ഥാന സർക്കാർ സമീപിച്ചിട്ടുണ്ട്.

കിഫ്ബിയുടെ മസാലാ ബോണ്ട് അടക്കം വിവാദത്തിൽ പെട്ടു. ഈ കേസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിഗണനയിലാണ്. ഇതുമായി ബന്ധപ്പെട്ട ഇടപെടലുകൾക്കാണോ ബ്രിട്ടണിലേക്ക് പിണറായി പോകുന്നതെന്ന ചർച്ചയും സജീവം. അതുകൊണ്ട് തന്നെ കേന്ദ്രം അനുമതി നൽകുമോ എന്നതും നിർണ്ണായകം. മന്ത്രി റിയാസും സംഘവും ടൂറിസം മേളയിൽ പങ്കെടുക്കാൻ പാരിസിലേക്കാണു പോകുന്നത്. 19-ന് നടക്കുന്ന ഫ്രഞ്ച് ട്രാവൽ മാർട്ടിൽ ഇവർ പങ്കെടുക്കും. ഇതിനു പിന്നാലെ ഒക്ടോബർ ആദ്യമാണു മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി വി. ശിവൻകുട്ടിയുടെയും സംഘത്തിന്റെയും രണ്ടാഴ്ച നീളുന്ന യൂറോപ്പ് യാത്ര. മന്ത്രി വി.എൻ. വാസവന്റെ യാത്ര ഗൾഫ് രാജ്യത്തേക്കാണ്.

ഇതിനൊപ്പമാണ് ലോകായുക്ത ഭേദഗതി ബില്ലിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നൽകാതിരുന്നാൽ അതു മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാവിക്കു വെല്ലുവിളിയാകുമോ എന്ന ചോദ്യവും സജീവമാകും. സർക്കാരിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി, തന്റെ എതിർപ്പുകളെ കുഴിച്ചുമൂടിക്കൊണ്ടു വിവാദ ബില്ലുകളിൽ ഗവർണർ ഒപ്പിടുമോ എന്നതാണ് ഇനി നിർണ്ണായകം. രണ്ടു ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾക്കാകും സെപ്റ്റംബർ 17നുശേഷം കേരളം കാത്തിരിക്കുക. വിവിധ ചടങ്ങുകളിൽ പങ്കെടുത്തതിനു ശേഷം ഗവർണർ 17നു രാജ്ഭവനിൽ മടങ്ങിയെത്തും.

ആ സമയത്തു ലോകായുക്ത, സർവകലാശാല ഭേദഗതി ബില്ലുകൾ ഉൾപ്പെടെ നിയമസഭ പാസാക്കിയ വിവിധ ബില്ലുകൾ അദ്ദേഹത്തിന്റെ അംഗീകാരത്തിനായി എത്തും. ലോകായുക്തയുടെ അധികാരങ്ങൾ അരിഞ്ഞു വീഴ്‌ത്തുന്ന ഭേദഗതി ബില്ലിലും ചാൻസലറായ തന്റെ അധികാരങ്ങളെ അപ്രസക്തമാക്കുന്ന ഭേദഗതികൾ ഉൾപ്പെടുന്ന സർവകലാശാല ഭേദഗതി ബില്ലിലും ഗവർണർ ഒപ്പിട്ടില്ലെങ്കിൽ അത് സർക്കാരിന് വലിയ പ്രതിസന്ധിയായുകം. അങ്ങനെ വന്നാൽ ലോകായുക്താ വിധി എതിരായാൽ മുഖ്യമന്ത്രി പിണറായിക്ക് രാജി വയ്‌ക്കേണ്ടി വരും.

സുപ്രീംകോടതിയിലുള്ള ലാവ്ലിൻ കേസ് നീട്ടിവയ്ക്കാൻ തുടർച്ചയായി സിബിഐ ആവശ്യപ്പെടുന്നുണ്ട്. അഞ്ചു വർഷത്തിലേറെയായി കേസ് നീട്ടിവച്ചു പിണറായിയെ ബിജെപി സരക്ഷിക്കുന്നുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. വിവാദ ബില്ലുകളിൽ ഗവർണർ ഒപ്പു വച്ചാൽ ബിജെപി നേതാക്കളും പിണറായിയും തമ്മിൽ ഒത്തുകളിക്കുകയാണെന്ന കുറ്റപ്പെടുത്തൽ കൂടുതൽ ശക്തമാകും. രാഹുൽ ഗാന്ധിയുടെ യാത്രയിലെ രാഷ്ട്രീയവും കോൺഗ്രസ് ഈ വഴിക്കാണ് കൊണ്ടു പോകുന്നത്.

അതിനിടെയാണ് മന്ത്രിമാരുടെ വിദേശ യാത്രകൾ. സാമ്പത്തിക പ്രതിസന്ധിക്കിടയിലെ കൂട്ട വിദേശയാത്രക്കെതിരേ വിമർശനം ഉയർന്നപ്പോൾ വിദേശത്തു പോകുന്നതു നല്ലതാണെന്നും കേരളം അത്ര ദരിദ്രമല്ലെന്നുമായിരുന്നു ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ പ്രതികരണം. അതേസമയം, സാമൂഹികപരമായും ഭരണപരമായും യാത്രകൾ ആവശ്യമാണെന്നും മന്ത്രിമാരുടെ വിദേശ യാത്രകൾ വേണ്ടെന്ന് വയ്ക്കാൻ പറ്റില്ലെന്നുമായിരുന്നു സിപിഎം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം.

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വി. ശിവൻകുട്ടിയും ഉദ്യോഗസ്ഥ സംഘവും സന്ദർശിക്കുന്നത് ഫിൻലൻഡും നോർവെയുമാണ്. ഫിൻലൻഡ് സർക്കാരിന്റെ ക്ഷണപ്രകാരമാണ് യാത്ര. ഫിൻലൻഡിലെ വിദ്യാഭ്യാസ മാതൃക കേരളത്തിൽ നടപ്പാക്കാനാണ് യാത്ര. ഒക്ടോബർ ഒന്നു മുതൽ നാലു വരെ ഫിൻലൻഡിലും തുടർന്ന് നോർവേയിലുമാണു സന്ദർശനം. ചീഫ് സെക്രട്ടറിയും വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഒപ്പമുണ്ടാകുമെന്നാണു സൂചന. പ്രവാസി സംഘടനയുടെ ക്ഷണപ്രകാരമാണ് മന്ത്രി വി.എൻ. വാസവൻ ഈ മാസം അവസാനം ബഹ്റൈനിൽ എത്തുക.

നേരത്തെ പ്രളയത്തെ അതിജീവിക്കുന്നതിനായി നെതർലൻഡ് സ്വീകരിച്ച മാർഗങ്ങൾ പഠിക്കാൻ മുഖ്യമന്ത്രിയും സംഘവും യൂറോപ്പ് സന്ദർശിച്ചിരുന്നു. 2018 ലെ പ്രളയത്തിനു പിന്നാലെയായിരുന്നു അത്. എന്നാൽ ഇതിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ റൂം ഫോർ റിവർ പദ്ധതി ഇതുവരെ സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടുമില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കെ.എസ്.ആർ.ടി.സി മുങ്ങിതാഴ്ന്ന വേളയിൽ മന്ത്രിയും ഉന്നത സംഘവും പൊതുഗതാഗത സംവിധാനം പഠിക്കാൻ പോയതും വിവാദമായി.