- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആണും പെണ്ണും ഒന്നിച്ചിരുന്നതുകൊണ്ട് രാജ്യത്ത് പുരോഗതി ഉണ്ടാക്കാനും ലൈംഗിക അതിക്രമങ്ങളെ തടയാനും കഴിയില്ലെന്ന് കാന്തപുരം; ലിംഗ സമത്വം ദുർവ്യാഖ്യാനത്തിന് അവസരമൊരുക്കുമെന്ന വിമർശനം മുഖ്യമന്ത്രി ഗൗരവത്തോടെ എടുത്തു; പാഠ്യപദ്ധതി പരിഷ്‌കരണ പദ്ധതികൾ തൽകാലം മരവിപ്പിക്കും; നിർണ്ണായക ഇടപെടലുമായി പിണറായി
തിരുവനന്തപുരം: സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്‌കരണ പരിപാടികൾ സർക്കാർ തൽകാലം മരവിപ്പിക്കുമെന്ന് സൂചന. പാഠ്യപദ്ധതി പരിഷ്‌കരണ കരട് റിപ്പോർട്ടിലെ വിവാദങ്ങൾ പൂർണ്ണമായും ഒഴിവാക്കിയാകും നടപ്പാക്കുക. ഇതിനുള്ള നിർദ്ദേശങ്ങൾ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിക്ക് മുഖ്യമന്ത്രി നൽകി കഴിഞ്ഞു. ആശങ്കകൾ ചൂണ്ടിക്കാട്ടി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകിയിരുന്നു. ക്ലിഫ്ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് നിവേദനം കൈമാറിയത്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.
സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്ന് കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ഉറപ്പുനൽകിയതായി കാന്തപുരവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു. വിദ്യാഭ്യാസ കരിക്കുലം-കരട്-നിർദ്ദേശങ്ങൾ വിശദമായി പരിശോധിച്ച് വിശ്വാസി സമൂഹത്തിന്റെ ആശങ്ക പരിഹരിച്ച ശേഷമേ നടപ്പാക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. കരട് റിപ്പോർട്ടും നിവേദനത്തിലെ ആശങ്കകളും ഗൗരവപൂർവം പരിശോധിച്ചായിരിക്കും തുടർ നടപടികൾ സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. കരട് നിർദ്ദേശങ്ങൾ അന്തിമമാക്കുന്നതിനു മുമ്പ് കേരള മുസ്ലിം ജമാഅത്ത് ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങളുമായി സർക്കാർ ചർച്ച നടത്തും. കാന്തപുരത്തിന്റെ ആവശ്യങ്ങൾ മുഖവിലയ്‌ക്കെടുത്താണ് ഇത്.
പാഠ്യപദ്ധതി പരിഷ്‌കരണ ശ്രമങ്ങളെ അഭിനന്ദിക്കുന്നതായും എന്നാൽ, രാഷ്ട്രീയ എതിരാളികൾക്കും ഉദ്യോഗസ്ഥർക്കും വ്യാഖ്യാനിച്ച് സർക്കാറിനെ പ്രതിരോധത്തിലാക്കാൻ കഴിയുന്ന ചില പരാമർശങ്ങൾ കരടിൽ കടന്നുകൂടിയിട്ടുണ്ടെന്നും കാന്തപുരം നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഇതിന് പുറമെ സ്‌കൂൾ അധികൃതരും പി ടി എയും വ്യാഖ്യാനിച്ചു രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും പ്രകോപിതരാക്കാനുള്ള സാധ്യതയുമുണ്ട്. മത വൈവിധ്യങ്ങളും സാംസ്‌കാരിക വൈജാത്യങ്ങളും യാഥാർഥ്യമാണെന്നിരിക്കെ കരിക്കുലം ഈ അടിസ്ഥാന ആശയത്തെ നിരാകരിക്കുന്നതാകരുത്.
നാം കാലങ്ങളായി കാത്തുസൂക്ഷിച്ചു വരുന്ന സംസ്‌കൃതിയെയും കുടുംബ ബന്ധങ്ങളെയും നമ്മുടെ അളവിൽ ഉൾകൊള്ളുന്നില്ലെന്നതിനാൽ യൂറോപ്യൻ രാജ്യങ്ങളുടെ വിദ്യാഭ്യാസ പദ്ധതികൾ പൂർണമായും പ്രയോഗവത്കരിക്കൽ കേരളത്തിന് അനുയോജ്യമല്ല. സ്ത്രീ സമൂഹത്തിന് മതിയായ പരിഗണനയും നീതിയും ബഹുമാനവും ലഭിക്കേണ്ടത് ആവശ്യമാണ്. എന്നാൽ, ആണും പെണ്ണും ഒന്നിച്ചിരുന്നതുകൊണ്ട് രാജ്യത്ത് പുരോഗതി ഉണ്ടാക്കാനും ലൈംഗിക അതിക്രമങ്ങളെ തടയാനും കഴിയില്ല. പകരം അരാജകത്വത്തിനും അസ്വസ്ഥതക്കും ഇത് കാരണമായി തീരുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
ലിംഗ സമത്വമെന്ന വാദം തന്നെ അശാസ്ത്രീയമാണ്. സ്‌കൂൾ സമയ മാറ്റത്തെ കുറിച്ച് ചർച്ച ചെയ്യാൻ കരട് രേഖയിൽ സൂചനയുണ്ട്. നിലവിലെ ധാർമിക വിദ്യാഭ്യാസത്തിന് തടസ്സം വരാത്ത രീതിയിൽ ഇത് ക്രമീകരിക്കണം. ഡിജിറ്റൽ യുഗത്തിൽ മൂല്യത്തകർച്ച സംഭവിച്ച സാമൂഹിക ഇടപെടൽ, മനുഷ്യ ബന്ധങ്ങൾ, സഹകരണം, സഹവർത്തിത്വം എന്നിവയെ പാഠ്യപദ്ധതിയിൽ സംബോധന ചെയ്യണം.
വിവിധ ഏജൻസികൾ നടത്തുന്ന പ്രീ പ്രൈമറി വിദ്യാഭ്യാസത്തെ ഏകീകരിക്കാനുള്ള നിർദ്ദേശം നടപ്പിലാക്കുമ്പോൾ നിലവിൽ ലാഭകരമല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ നിലനിർത്താനുള്ള പദ്ധതികൾ ആവിഷ്‌കരിക്കണം. സാമൂഹിക ശാസ്ത്ര വിദ്യാഭ്യാസത്തിൽ സനാതന ധാർമിക മൂല്യങ്ങൾ ഉൾപ്പെടുത്തണം. ലിംഗ സമത്വം ദുർവ്യാഖ്യാനത്തിന് അവസരമൊരുക്കുന്നത് ഒഴിവാക്കണമെന്നും കാന്തപരും ആവശ്യപ്പെട്ടിരുന്നു.
മറുനാടന് മലയാളി ബ്യൂറോ