- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊന്നാടയും തലപ്പാവും അണിയിച്ചും ചന്ദനഹാരം അർപ്പിച്ചും വരവേറ്റു; ബൊമ്മെയ്ക്ക് നൽകിയത് ബുദ്ധന്റെ ശിൽപ്പം; ഈ സ്നേഹം ചർച്ചകളിൽ ഉണ്ടായില്ല; കേരളത്തിന്റെ ആവശ്യങ്ങൾ നിഷ്കരുണം തള്ളി കർണ്ണാടക; കെ റെയിലിനെ പറ്റി മിണ്ടിയതുമില്ല; സിൽവർലൈൻ പിണറായിയും കൈവിടുമ്പോൾ
ബംഗളൂരു: കെ റെയിലിൽ കേരളവും പ്രതീക്ഷ വിടുന്നു. പിണറായി സർക്കാരും ഇനി ചർച്ചകളുമായി മുമ്പോട്ട് പോകില്ല. ബംഗളൂരുവിൽ എത്തിയ മുഖ്യമന്ത്രി ഈ വിഷയത്തിൽ കർണ്ണാടകവുമായി ചർച്ച നടത്താത്തത് ഈ സാഹചര്യത്തിലാണ്. കേന്ദ്രാനുമതി കിട്ടിയാൽ മാത്രമേ ഇനി ചർച്ചകളുമായി മുമ്പോട്ട് പോകൂ. എല്ലാ അർത്ഥത്തിലും പരാജയമായി മുഖ്യമന്ത്രി പിണറായി വിജയന്റെ കർണ്ണാടക ദൗത്യം. കേരളത്തിന്റെ ആവശ്യമൊന്നും അംഗീകരിച്ചില്ല.
പരിസ്ഥിതിലോല പ്രദേശങ്ങളിലും വന്യജീവിസങ്കേതങ്ങളിലും ഒരു പദ്ധതിയും അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ കർണാടകം കേരളത്തിന്റെ ആവശ്യങ്ങൾ തള്ളുകയായിരുന്നു. കർണാടകമുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ബെംഗളൂരുവിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് കർണാടകം നിലപാട് വ്യക്തമാക്കിയത്. കെ റെയിൽ എന്ന വിഷയം പോലും മുഖ്യമന്ത്രി ചർച്ചയ്ക്കായി ഉയർത്തിയില്ല. കേരളവും കെ റെയിലിൽ പ്രതീക്ഷ കൈവിട്ടു എന്നതിന് തെളിവാണ് ഇത്. വടക്കൻ കേരളത്തെയും തെക്കൻ കർണാടകത്തെയും ബന്ധിപ്പിക്കുന്ന കാഞ്ഞങ്ങാട്-കാണിയൂർ റെയിൽപ്പാത, മൈസൂരു-തലശ്ശേരി റെയിൽപ്പാത എന്നിവയുമായി സഹകരിക്കില്ലെന്ന് ബൊമ്മെ പറഞ്ഞു.
അതിവേഗതീവണ്ടിപ്പാതയായ സിൽവർലൈൻ പദ്ധതി മംഗളൂരുവരെ നീട്ടുന്ന കാര്യം ചർച്ചയായില്ല. ഞായറാഴ്ച രാവിലെ 9.30-ന് ബസവരാജ് ബൊമ്മെയുടെ ഔദ്യോഗികവസതിയായ കൃഷ്ണയിലായിരുന്നു കൂടിക്കാഴ്ച. ഈ മാസമാദ്യം ദക്ഷിണമേഖലാ കൗൺസിൽ യോഗത്തിലെ തീരുമാനപ്രകാരമാണ് പിണറായി വിജയൻ കർണാടകമുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. അതേസമയം, കാഞ്ഞങ്ങാട്-കാണിയൂർ റെയിൽപ്പാതാപദ്ധതി പരിശോധിക്കുമെന്നും ഇതിനാവശ്യമായ സാമ്പത്തികസഹായം നൽകുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്നും കർണാടകം അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽനിന്നിറങ്ങിയ പത്രക്കുറിപ്പിൽ അവകാശപ്പെട്ടു.
പിണറായി വിജയനെ പരമ്പരാഗത ശൈലിയിലാണ് ബസവരാജ് ബൊമ്മെ സ്വീകരിച്ചത്. പൊന്നാട, തലപ്പാവ് എന്നിവ അണിയിച്ചും ചന്ദനഹാരം അർപ്പിച്ചുമാണ് അദ്ദേഹത്തെ ബസവരാജ് ബൊമ്മെ വരവേറ്റത്. ബുദ്ധന്റെ ശില്പം പിണറായി, ബൊമ്മെയ്ക്ക് സമ്മാനിച്ചു. അതിന് അപ്പുറത്തേക്ക് ഒന്നും കേരളത്തിന് കർണ്ണാടകയിൽ നിന്ന് കിട്ടിയില്ല. കാഞ്ഞങ്ങാട്-കാണിയൂർ റെയിൽപ്പാത കർണ്ണാടക തള്ളി. 40 കിലോമീറ്റർ ഭാഗം കേരളത്തിലൂടെയും 31 കിലോമീറ്റർ കർണാടകത്തിലൂടെയുമാണ് കടന്നുപോകുന്നത്. എന്നാൽ, ഈ പാത കർണാടകത്തിന് പ്രയോജനമില്ലാത്തിനാലും പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങളിലൂടെ കടന്നുപോകുന്നതിനാലും സഹകരിക്കില്ല.
മൈസൂരു-തലശ്ശേരി റെയിൽപ്പാതയിലും എതിർപ്പുണ്ട്. ബന്ദിപ്പുർ, നാഗർഹോളെ ദേശീയോദ്യാനങ്ങളിലൂടെ കടന്നുപോകുന്നതിനാൽ സസ്യജാലങ്ങൾക്കും മൃഗങ്ങൾക്കും ദോഷംചെയ്യും. ദേശീയോദ്യാനങ്ങളിലൂടെ ഭൂഗർഭപാത നിർമ്മിക്കാമെന്ന് കേരളം നിർദ്ദേശിച്ചെങ്കിലും നിർമ്മാണസമയത്ത് പരിസ്ഥിതിക്ക് ദോഷംചെയ്യുമെന്നാണ് നിലപാട്. ബന്ദിപ്പൂർ രാത്രിയാത്രയിൽ കൂടുതൽ ബസ് സർവീസുകൾ നടത്താൻ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യവും തള്ളി. ധാരണയായത് മൈസൂരു-മലപ്പുറം സാമ്പത്തിക ഇടനാഴി പദ്ധതിയിൽ തോൽപ്പെട്ടിമുതൽ പുറക്കാട്ടിരിവരെയും സുൽത്താൻ ബത്തേരി മുതൽ മലപ്പുറംവരെയുമുള്ള അലൈന്മെന്റുകൾ നടപ്പാക്കാൻ ദേശീയപാതാ അഥോറിറ്റി ഓഫ് ഇന്ത്യയോട് ആവശ്യപ്പെടാൻ മാത്രമാണ്.
ബന്ദിപ്പൂർ ദേശീയോദ്യാനത്തിലൂടെയുള്ള ദേശീയപാത 766-ലെ രാത്രികാലനിയന്ത്രണത്തിന് ബദൽ സംവിധാനമായിട്ടാണ് ദേശീയപാതാ അഥോറിറ്റി ഓഫ് ഇന്ത്യ സാമ്പത്തിക ഇടനാഴി പദ്ധതി കൊണ്ടുവരുന്നത്. ബാഗേപ്പള്ളിയിലെ പാർട്ടി സമ്മേളനവും വലിയ രീതിയിൽ ചർച്ചയായില്ല. വലിയ സാമ്പത്തികശേഷിയുള്ള സംസ്ഥാനമല്ലെങ്കിലും ആകാവുന്നരീതിയിൽ ബദൽ സൃഷ്ടിക്കാനുള്ള ശ്രമമാണ് കേരളം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇടതുപക്ഷം ഭരിക്കുന്ന കേരളമാണ് വർഗീയ സംഘർഷമില്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനം. ഇതാണ് കമ്യൂണിസ്റ്റുകാർക്ക് നാടിനു നൽകാൻ കഴിയുന്ന ഉറപ്പ്. സംഘപരിവാറിന്റെ വർഗീയ രാഷ്ട്രീയമുയർത്തുന്ന ഭീഷണിക്കുമുന്നിൽ മുട്ടുമടക്കില്ലെന്ന ഉറപ്പ്. അവരുടെ പണക്കൊഴുപ്പിനു മുന്നിൽ നാണംകെട്ട് കീഴടങ്ങില്ലെന്ന ഉറപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഘപരിവാർ അധികാരത്തിൽ വന്നശേഷം ആദ്യമായൊരു സംസ്ഥാന സർക്കാരിനെ കോർപറേറ്റ് പണക്കൊഴുപ്പും കൈയൂക്കും ഉപയോഗിച്ച് അട്ടിമറിച്ചത് കർണാടകയിലാണ്. കുപ്രസിദ്ധി നേടിയ റിസോർട്ട് രാഷ്ട്രീയം നാം അറിയുന്നത് ഈ സംഭവത്തോടെയാണ്. കേന്ദ്രീകൃത അധികാരം കൈക്കലാക്കാൻ സംഘപരിവാർ നടത്തുന്ന ഈ കുത്സിതശ്രമങ്ങളെ തടയാൻ മറ്റു രാഷ്ട്രീയ കക്ഷികൾക്കായില്ല. പ്രതിപക്ഷമെന്ന് സ്വയംവിളിക്കുന്ന കോൺഗ്രസിന് അതിനുള്ള ത്രാണിയില്ല. കേരളത്തിൽ ആ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ പറഞ്ഞത് വേണ്ടിവന്നാൽ താൻ ബിജെപിയിലേക്ക് പോകുമെന്നാണ്.
അവിടെ കോൺഗ്രസും ബിജെപിയും ഭായി ഭായി ആണ്. കോൺഗ്രസിന് സംഘപരിവാറിനെ എതിരിടാൻ കഴിയുന്നില്ലെന്ന് മാത്രമല്ല, ബിജെപിയുടെ റിക്രൂട്ട്‌മെന്റ് ഏജൻസിപ്പണിയാണ് അവർ ചെയ്യുന്നത്. മതനിരപേക്ഷ ജനാധിപത്യമൂല്യങ്ങളിൽ അടിയുറച്ച ജനപക്ഷ രാഷ്ട്രീയമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു മാത്രമേ സംഘപരിവാരത്തിന്റെ തേരോട്ടത്തെ പ്രതിരോധിക്കാനാകൂവെന്നും പിണറായി വിജയൻ രാഷ്ട്രീയ സമ്മേളനത്തിൽ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ