ലണ്ടൻ: യൂറോപ്യൻ പര്യടനത്തിന്റെ ഭാഗമായി യു കെ യിൽ എത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയനും സംഘാംഗങ്ങൾക്കും ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. സന്ദർശനത്തിന്റെ ഭാഗമായി വെയിൽസ് സർക്കാരുമായും മുഖ്യമന്ത്രിയുടെ സംഘാംഗങ്ങൾ ചർച്ച നടത്തി. വെയിൽസും കേരളവും വിവിധ രംഗങ്ങളിൽ സഹകരിച്ച് പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ചർച്ചകൾ. ചർച്ചകൾ ഏറെ ഫലപ്രദമായിരുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.

സഹകരിച്ചു പ്രവർത്തിക്കുന്നതിന്റെ ഭാഗമായി കൊച്ചിയിൽ ഒരു ഗിഫ്റ്റ് സിറ്റി നിർമ്മിക്കുവാൻ വെയിൽസ് സർക്കാർ സന്നദ്ധത പ്രകടിപ്പിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള കേരള സംഘം വെയിൽസ് ഫസ്റ്റ് മിനിസ്റ്റർ മാർക്ക് ഡ്രേക്ക്ഫോർഡും മറ്റു മന്ത്രിസഭാംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്‌ച്ചയിലാണ് ഈ തീരുമാനം ഉണ്ടായിരിക്കുന്നത്. വെയിൽസ് ആരോഗ്യ മന്ത്രി എല്യുൻഡ് മോർഗനും ചർച്ചകളിൽ പങ്കെടുത്തു.

കൊച്ചി നഗരവത്ക്കരണത്തിലെ പ്രശ്നങ്ങളെ കുറിച്ച് ആഴത്തിലുള്ള പഠനം നടത്തിയ കാർഡിഫ് യൂണിവേഴ്സിറ്റിയിലെ സ്‌കൂൾ ഓഫ് ആർക്കിടെക്ച്ചർ വിദ്യാർത്ഥികളുമായും അദ്ധ്യാപകരുമായും സംഘം വിശദമായ ചർച്ചകൾ നടത്തി. പഠനത്തിൽ കണ്ടെത്തിയ വസ്തുതകൾ മുഖ്യമന്ത്രിക്ക് കൈമാറുകയും ചെയ്തു.

സ്‌കൂൾ ഓഫ് ആർക്കിടെക്ച്ചറിന്റെ പഠന റിപ്പോർട്ട് അനുസരിച്ച് തുറമുഖ നഗരമായ കൊച്ചി ഏറ്റവുമധികം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ശബ്ദ മലിനീകരണം, ഗതാഗത കുരുക്ക്, കാൽനടക്കാർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ എന്നിവയാണ്. മാത്രമല്ല, കൊച്ചിയിലെ ജൈവവൈവിധ്യം കാത്തു സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും പഠന റിപ്പോർട്ടിൽ പ്രതിപാദിക്കുന്നു എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.ഇതിന്റെ ഭാഗമായി കൂടുതൽ ചർച്ചകൾക്കായി വെയിൽസ് സംഘം അടുത്ത ജനുവരിയിൽ കേരളം സന്ദർശിക്കും.

അതോടൊപ്പം വെയിൽസുമായി സ്റ്റുഡന്റ്സ് എക്സ്ചേഞ്ച് പ്രോഗ്രാം നടത്താനും കേരള സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അതുപോലെ ആരോഗ്യ പ്രവർത്തകരെ വെയിൽസിലേക്ക് അയയ്ക്കുന്ന കാര്യവും തീരുമാനമായി. കേരള സർക്കാരിന്റെ സംഘത്തോടൊപ്പമുള്ള എക്സ്ടേണൽ കോ-ഓപറേഷൻ ഓഫീസർ വേണു രാജമണിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്ക് വച്ചത്. ഫിൻലാൻഡ്, നോർവേ എന്നീ രാജ്യങ്ങളിലെ സന്ദർശനം പൂർത്തിയാക്കിയ ശേഷം ഇക്കഴിഞ്ഞ ശനിയാഴ്‌ച്ചയായിരുന്നു സംഘം ലണ്ടനിൽ എത്തിയത്.

ഇലക്ട്രിക് കാർ നിർമ്മാണത്തിൽ ഹിന്ദുജ ഗ്രൂപ്പ് സഹകരിക്കും

ലണ്ടനിൽ വെച്ച് കേരള മുഖ്യമന്ത്രിയുമായി ചർച്ചകൾ നടത്തിയ ഹിന്ദുജ ഗ്രൂപ്പ് സഹ ചെയർമാൻ ഗോപിചന്ദ് പി. ഹിന്ദുജ പറഞ്ഞത് ഇലക്ട്രിക് ബസ്സ് നിർമ്മാണം, സൈബർ സെക്യുരിറ്റി, സാമ്പത്തിക സേവനം എന്നീ മേഖലകളിൽ ഗ്രൂപ്പ് കേരളത്തിൽ പണം നിക്ഷേപിക്കും എന്നാണ്. ഇതു സംബന്ധിച്ച കൂടുതൽ ചർച്ചകൾക്കായി ഗോപിചന്ദ് ഹിന്ദുജ വരുന്ന ഡിസംബറിൽ കേരളം സന്ദർശിക്കുമെന്നും ചില റിപ്പോർട്ടുകൾ പറയുന്നു. നിക്ഷേപവുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾക്കായി ഹിന്ദുജ ഒരുമൂന്നംഗ സമിതിയെ നിയമിച്ചിട്ടുണ്ട്.

നിലവിൽ ഹിന്ദുജ ഗ്രൂപ്പിന്റെ ഭാഗമായ അശോക് ലെയ്ലാൻഡ് ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഇതിന്റെ ഒരു നിർമ്മാണ യൂണിറ്റ് കേരളത്തിലും ആരംഭിക്കുവാനായിരിക്കും ശ്രമം. ഇതിനായി നിയമിച്ച സമിതി കേരളം സന്ദർശിച്ച ശേഷം അനുയോജ്യമായ സ്ഥലം ഏതെന്ന് തീരുമാനിക്കും. അതുപോലെ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി കൂടുതൽ നിക്ഷേപങ്ങൾ നടത്തും അതുപോലെ കേരളത്തിന്റെ ഐ ടി മാനവ വിഭവശേഷി പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി ഐ ടി ക്യാമ്പസ്സുകളും സ്ഥാപിക്കും.

മുഖ്യമന്ത്രിയെ സന്ദർശിച്ച് ഇന്ത്യൻ ഹൈക്കമ്മീഷണർ

യൂറോപ്യൻ പര്യടനത്തിന്റെ ഭാഗമായി ലണ്ടനിലെത്തിയ കേരള മുഖ്യമന്ത്രിയെ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം കെ ദൊരൈസ്വാമി സന്ദർശിച്ചു. ലണ്ടനിലെ കേരള ഹൗസിലായിരുന്നു കൂടിക്കാഴ്‌ച്ച. മുഖ്യ മന്ത്രിയുടെ സംഘത്തിലെ മറ്റു മന്ത്രിമാരും ഇതിൽ പങ്കെടുത്തു.