തിരുവനന്തപുരം : യുഎഇയിലേക്ക് പോകാൻ അനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ പിണറായി വിജയനെ ക്യൂബയിലേക്ക് വിടുമോ? ലോകകേരളസഭ മേഖലാസമ്മേളനത്തിനായി ജൂൺ എട്ടിന് അമേരിക്കയിലേക്കു പോകുന്ന മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ക്യൂബയും സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്. മംഗളത്തിൽ എസ് നാരായണനാണ് ക്യൂബൻ യാത്ര റിപ്പോർട്ട് ചെയ്യുന്നത്.

കമ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്ന ക്യൂബയിൽ ഇന്ധന പ്രതിസന്ധിയും സാമ്പത്തിക പരാധീനതകളും മൂലം ഇത്തവണ മെയ്‌ ദിന റാലി പോലും മാറ്റിവച്ചിരുന്നു. ക്യൂബയ്ക്കെതിരായ ഉപരോധം അമേരിക്ക ഇതുവരെ പിൻവലിച്ചിട്ടില്ല. ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഉപരോധത്തെ അപലപിക്കുമ്പോഴാണു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ പിണറായി വിജയൻ അമേരിക്കയിൽനിന്നു നേരേ ക്യൂബയിലേക്കു പോകാൻ തീരുമാനിക്കുന്നത്. മുഖ്യമന്ത്രിയുടെ ചികിൽസയും അമേരിക്കയിലാണ്. ഈ യാത്രയിൽ അമേരിക്കയിൽ തുടർ ചികിൽസകളും നടക്കും.

വൈദ്യശാസ്ത്രം, സ്പോർട്സ്, ടൂറിസം മുതലായ മേഖലകളിൽ കേരളവുമായി സഹകരിക്കാൻ ക്യൂബയ്ക്കു താൽപ്പര്യമുണ്ടെന്ന് ഇന്ത്യയിലെ ക്യൂബൻ അംബാസഡർ ഓസ്‌കാർ മാർടിനെസ് കൊർഡോവ് പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി കഴിഞ്ഞ വർഷം ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ക്യൂബൻ അംബാസഡർ ഇക്കാര്യം പറഞ്ഞത്. അമേരിക്കയുടെ ഉപരോധമുള്ളതുകൊണ്ട് ഇറക്കുമതിക്കു ക്യുബ ഒരുപാടു പ്രയാസങ്ങൾ നേരിടുന്നുണ്ട്. ഉപരോധത്തിൽ അയവുവന്നെങ്കിലും പ്രശ്‌നങ്ങൾ പൂർണമായി തീർന്നിട്ടില്ല.

ടൂറിസം മേഖലയിൽ ക്യൂബ വലിയ നിക്ഷേപം നടത്തിക്കൊണ്ടിരിക്കയാണ്. ഹോട്ടലുകളുടെ എണ്ണം ഇരട്ടിയാക്കാൻ തീരുമാനിച്ചിട്ടുണ്ട്. പ്രവാസി കേരളീയർക്കും വിദേശത്തു മുതൽമുടക്കാൻ താൽപ്പര്യമുള്ള സംരംഭകർക്കും ക്യൂബയിൽ ടൂറിസം രംഗത്തു നിക്ഷേപം നടത്താൻ എല്ലാ സഹായവും ചെയ്തുകൊടുക്കുമെന്ന് അംബാസഡർ മുഖ്യമന്ത്രിക്ക് ഉറപ്പുനൽകിയിരുന്നു. സ്ഥലം പാട്ടത്തിനു നൽകാൻ ക്യൂബ തയാറാണ്. അമേരിക്കയിൽനിന്നു 40 മിനിറ്റുകൊണ്ട് ക്യൂബയിലെത്താൻ കഴിയും. ഇതെല്ലാം പരിഗണിച്ചാണ് മുഖ്യമന്ത്രി അമേരിക്കയിൽ നിന്നും ക്യൂബയിലേക്ക് പോകുന്നത്.

ജൂൺ 13 വരെ അമേരിക്കയിൽ തങ്ങുന്ന മുഖ്യമന്ത്രിക്കൊപ്പം നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രി കെ.എൻ. ബാലഗോപാൽ എന്നിവരുൾപ്പെടെ പത്തംഗസംഘമാണുണ്ടാവുക. അബുദാബിയിലെ നിക്ഷേപകസംഗമത്തിൽ പങ്കെടുക്കാനുള്ള അപേക്ഷ വിദേശകാര്യമന്ത്രാലയം നിരാകരിച്ചിരുന്നതിനു പിന്നാലെയാണ് അമേരിക്ക-ക്യൂബ യാത്രയ്ക്കായി മുഖ്യമന്ത്രിയും സംഘവും കേന്ദ്രസർക്കാരിനെ സമീപിച്ചത്. കേന്ദ്രാനുമതിക്കു വിധേയമായാകും യാത്രയെന്നു പൊതുഭരണവകുപ്പിന്റെ ഉത്തരവിൽ പറയുന്നു. ആഭ്യന്തര സംഘർഷമുള്ള ക്യൂബയിൽ പോകാൻ മുഖ്യമന്ത്രിയെ വിദേശകാര്യമന്ത്രാലയം അനുവദിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.

ജൂൺ 13-15 വരെയാണു ക്യൂബ സന്ദർശനം. ഒപ്പം മന്ത്രി വീണാ ജോർജ് ഉൾപ്പെടെ ആറംഗസംഘമുണ്ടാകും. ഭാര്യ കമലാ വിജയനും പഴ്സണൽ അസിസ്റ്റന്റ് വി എം. സുനീഷും യാത്രയിൽ മുഖ്യമന്ത്രിയെ അനുഗമിക്കും. യു.എസ്. തലസ്ഥാനമായ വാഷിങ്ടണിൽ ജൂൺ 12-നു മുഖ്യമന്ത്രി ലോകബാങ്ക് പ്രതിനിധികളുമായി ചർച്ചനടത്തുമെന്നു പൊതുഭരണവകുപ്പ് വ്യക്തമാക്കി. ചർച്ചയിൽ മന്ത്രി ബാലഗോപാൽ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് തുടങ്ങി ഏഴംഗസംഘം മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും. ഇതിനും കേന്ദ്രാനുമതി വേണം. ഇത് കിട്ടുമോ എന്നതാകും യാത്രകളിൽ തീരുമാനം ഉണ്ടാക്കുക.

സംഘാംഗങ്ങളുടെ ചെലവ് അതത് വകുപ്പുകൾ വഹിക്കും. മുഖ്യമന്ത്രിയുടെ ഭാര്യയുടെ ചെലവ് അവർ തന്നെ വഹിക്കും. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചെലവ് വിദേശയാത്രയ്ക്കുള്ള അക്കൗണ്ടിൽനിന്നാണ്. മുഖ്യമന്ത്രിയുടെ പഴ്സണൽ അസിസ്റ്റന്റിന്റെ ചെലവും സംസ്ഥാനസർക്കാർ വഹിക്കും.