തിരുവനന്തപുരം: കുറച്ചുകാലമായി മുഖ്യമന്ത്രിയുടെ പരിപാടികളിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇത്തരം നിയന്ത്രണങ്ങൾ കാരണം പാർട്ടിക്കാർക്ക് പോലും പലപ്പോഴും മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കാൻ താൽപ്പര്യം കുറവാണ്. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ പരിപാടിയിൽ ആളെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് സഹകരണ സംഘം രജിസ്ട്രാറുടെ കത്തും പുറത്തുവന്നത്.

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങിൽ പൊതുജനങ്ങളെ എത്തിക്കുന്നതിന് സഹകരണ സംഘങ്ങളോട് നിർദേശിച്ചു കൊണ്ടാണ് സഹകരണസംഘം രജിസ്ട്രാറുടെ കത്ത് പുറത്തുവന്നത്. വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷച്ചടങ്ങിൽ ആളെ എത്തിക്കാനുള്ള ചുമതലയാണ് സഹകരണസംഘങ്ങൾക്ക് നൽകുന്നത്. ഏപ്രിൽ ഒന്നിന് വൈക്കത്താണ് ചടങ്ങ്.

മാർച്ച് 31-ന് കോൺഗ്രസിന്റെ വിപുലമായ ആഘോഷപരിപാടികൾ വൈക്കത്ത് നടക്കുന്നുണ്ട്. ഇതിനെക്കാൾ ജനപങ്കാളിത്തം സർക്കാർ പരിപാടിക്ക് ഉറപ്പാക്കാനാണ് സഹകരണസംഘങ്ങൾക്ക് ആളെ എത്തിക്കാനുള്ള ചുമതല നൽകുന്നത്. കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ സഹകരണ സംഘങ്ങളുടെ വാഹനങ്ങളും സംഘങ്ങളിലൂടെ ഉറപ്പാക്കാവുന്ന മറ്റ് സഹായവും ഉപയോഗിച്ച് ജനങ്ങളെ പരിപാടിക്ക് എത്തിക്കണമെന്നാണ് നിർദ്ദേശം. ഈ മൂന്ന് ജില്ലകളിലെയും സഹകരണവകുപ്പ് മേധാവികളായ ജോയന്റ് രജിസ്ട്രാർമാർക്കാണ് സഹകരണ സംഘം രജിസ്ട്രാർ കത്ത് നൽകിയിട്ടുള്ളത്.

സർക്കാരിന്റെ നിർദേശമനുസരിച്ചാണ് കത്ത് നൽകുന്നതെന്ന് രജിസ്ട്രാർ വ്യക്തമാക്കിയിട്ടുണ്ട്. ഉദ്ഘാടന ച്ചടങ്ങിലേക്ക് ബഹുജനങ്ങളെ പങ്കെടുപ്പിക്കാൻ വേണ്ട ക്രമീകരണം ഒരുക്കണമെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളതെന്ന് രജിസ്ട്രാറുടെ കത്തിൽ പറയുന്നു. ഇതിന് വാഹനങ്ങൾ വിട്ടുകൊടുക്കുന്നതിനും മറ്റ് സഹായം നൽകുന്നതിനും സംഘങ്ങൾക്ക് അനുമതി നൽകുന്നുവെന്ന് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം സംഘങ്ങളെ അറിയിക്കേണ്ട ചുമതലയും ജോയന്റ് രജിസ്ട്രാർക്ക് നൽകിയിട്ടുണ്ട്.

സർക്കാരിന്റെ പരിപാടിയാണെങ്കിലും അതിൽ പൊതുജനങ്ങളെ പങ്കെടുപ്പിക്കേണ്ട ദൗത്യം സഹകരണ സംഘങ്ങൾക്ക് നൽകാറില്ല. മാത്രവുമല്ല, വാഹനത്തിനും മറ്റ് സഹായത്തിനും സഹകരണ സംഘത്തിന്റെ പണമാണ് ഉപയോഗിക്കേണ്ടത്. സംഘങ്ങൾക്ക് സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതും അംഗങ്ങളുടെ സാമ്പത്തിക താത്പര്യത്തിന് വിരുദ്ധവുമായി പണം ചെലവഴിക്കുന്നത് വിലക്കിക്കൊണ്ട് സഹകരണസംഘം രജിസ്ട്രാറുടെ സർക്കുലർ തന്നെ നിലവിലുണ്ട്. ഇതെല്ലാം മറികടന്നാണ് നിർദ്ദേശം. സഹകരണ സംഘങ്ങൾക്ക് നേരിട്ട് ഇത്തരമൊരു കത്ത് രജിസ്ട്രാർ നൽകിയിട്ടില്ല. ജോയന്റ് രജിസ്ട്രാർമാർക്കുള്ള കത്ത് സംഘങ്ങളുടെ ഓഡിറ്റ് ഘട്ടത്തിൽ പരിശോധനയ്‌ക്കെത്തില്ലെന്നതാണ് ഇതിന്റെ മാറ്റം.

അതേസമയം വാഹന ദുരുപയോഗത്തിനെതിരെ സർക്കുലറും പുറപ്പെടുവിച്ചു. സഹകരണ സംഘങ്ങളുടെ വാഹനങ്ങൾ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ സഹകരണ സ്ഥാപനങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കുന്നതും സ്ഥാപനത്തിനുണ്ടായ നഷ്ടം ഉത്തരവാദികളിൽനിന്ന് ഈടാക്കുന്നതുമാണെന്നാണ് സർക്കുലറിൽ പറയുന്നത്. സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥർ ഈ നിർദേശങ്ങൾ അവരവരുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണെന്നും സർക്കുലറിൽ നിർദേശിക്കുന്നു.