ന്യൂഡൽഹി: വിദേശയാത്ര വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തി. തന്റെ ദുബായ് സന്ദർശനം സ്വകാര്യമാണെന്ന് വിദേശകാര്യ മന്ത്രാലയത്തോട് മുഖ്യമന്ത്രി വ്യക്തമാക്കി. അതേ സമയം പേഴ്സണൽ സ്റ്റാഫിന്റേത് ഔദ്യോഗികമാണെന്നും വിദേശകാര്യ മന്ത്രാലയത്തിന് നൽകിയ വിശദീകരണ കുറിപ്പിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

യു കെ, നോർവെ സന്ദർശനം പൂർത്തിയാക്കി മടങ്ങിവരവെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ദുബായ് സന്ദർശനം നടത്തിയത്. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി മുൻകൂട്ടി വാങ്ങാതെയായിരുന്നു മുഖ്യമന്ത്രിയുടെ ദുബായ് സന്ദർശനം. അനുമതി തേടി പിന്നീട് മന്ത്രാലയത്തെ സമീപിച്ചെങ്കിലും പേഴ്സണൽ അസിസ്റ്റന്റിനെ ഒപ്പം ചേർത്തതിൽ വിദേശകാര്യ മന്ത്രാലയം മുഖ്യമന്ത്രിയോട് വിശദീകരണം തേടിയിരുന്നു. സ്വകാര്യ സന്ദർശനത്തിൽ സർക്കാർ ജീവനക്കാരെ ഒപ്പം കൂട്ടുന്നത് ചട്ട വിരുദ്ധമാണ് എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു വിശദീകരണം തേടിയത്.

ദുബായിൽ തന്റെ സന്ദർശനം സ്വകാര്യമാണ്. പേഴ്സണൽ അസിസ്റ്റന്റ് സുനീഷും ഒപ്പമുണ്ട്. ഇയാൾ ഔദ്യോഗിക സന്ദർശനമാണ് നടത്തുന്നത്. ഇ-ഫയൽ നോക്കുന്നതിനും മന്ത്രിസഭാ യോഗം ചേരുന്നതിനുള്ള സൗകര്യങ്ങൾ ചെയ്യുന്നതിനുമാണ് പേഴ്സണൽ സ്റ്റാഫിനെ ഒപ്പം കൂട്ടിയതെന്നും മുഖ്യമന്ത്രിയുടെ വിശദീകരണത്തിൽ വ്യക്തമാക്കി. ദുബായ് സന്ദർശനത്തിന് ചെലവ് മുഴുവൻ വ്യക്തിപരമായിട്ടാണ് വഹിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയുണ്ടായി.

ഈ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് വിദേശകാര്യ മന്ത്രാലയം ദുബായ് സന്ദർശനത്തിന് മുഖ്യമന്ത്രിക്ക് അനുമതി നൽകിയത്. അതേ സമയം അനുമതി ലഭിച്ചപ്പോഴേക്കും മുഖ്യമന്ത്രി ദുബായിലെത്തിയിരുന്നു. ഒക്ടോബർ 12-ന് ഉച്ചയ്ക്ക് ശേഷമാണ് അനുമതി ലഭിച്ചത്. അന്ന് രാവിലെയോടെ തന്നെ മുഖ്യമന്ത്രി സന്ദർശനം തുടങ്ങിയിരുന്നു.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്രയ്ക്ക് അനുമതി തേടുമ്പോൾ യുഎഇ സന്ദർശനം ഉണ്ടായിരുന്നില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഇന്നലെ പറഞ്ഞത് തെറ്റാണെന്ന് വ്യക്തമായി. അനുമതി തേടിയോ എന്നത് അന്വേഷിച്ച് വ്യക്തമാക്കാമെന്നും അദ്ദേഹം പറയുകയുണ്ടായി. കുടുംബസമേതം നടത്തിയ വിദേശയാത്ര കൊണ്ട് എന്തു പ്രയോജനമുണ്ടായി എന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ വിദേശ യാത്ര സംബന്ധിച്ച് ക്ലീയറൻസിനായി നൽകിയ അപേക്ഷയിൽ നോർവേ, യുകെ സന്ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ യുഎഇയിൽ സ്വകാര്യ സന്ദർശനം നടത്തുമെന്ന് വ്യക്തമാക്കുന്നുണ്ട്. ഈ അപേക്ഷക്ക് വിദേശകാര്യ വകുപ്പിന്റെ ക്ലിയറൻസും ലഭിച്ചിട്ടുണ്ട്. 10-ാം തീയതിയാണ് അപേക്ഷ നൽകിയത്. ഈ രേഖയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

2022 ഒക്ടോബർ നാല് മുതൽ 12 വരെ നോർവേ, യുകെ എന്നീ രാജ്യങ്ങൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക സംഘം സന്ദർശിക്കും. മടക്കയാത്രയിൽ യുഎഇയിൽ വ്യക്തിപരമായ സന്ദർശനം നടത്താൻ ആഗ്രഹിക്കുന്നുയെന്നാണ് അപേക്ഷയിൽ വ്യക്തമാക്കുന്നത്. യുഎഇ യാത്രയിൽ മുഖ്യമന്ത്രിയോടൊപ്പം ഭാര്യ, മകൾ, ചെറുമകൻ, പിഎ എന്നിവരുമുണ്ടാകുമെന്നും അപേക്ഷയിൽ പറയുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെയാണ് മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനമെന്നായിരുന്നു മുരളീധരന്റെ പരാമർശം.

യു.കെ, നോർവേ, ഫിൻലാൻഡ് എന്നീ രാജ്യങ്ങൾ സന്ദർശിക്കാനായിരുന്നു കേന്ദ്രം അനുമതി നൽകിയതെന്നും മുരളീധരൻ പറഞ്ഞിരുന്നു.നോർവേ, യുകെ സന്ദർശനത്തിന് ശേഷം ഇന്നലെയാണ് മുഖ്യമന്ത്രി ദുബായിൽ എത്തിയത്. സ്വകാര്യ സന്ദർശനമാണെന്നും പൊതുപരിപാടികളിലൊന്നും പങ്കെടുക്കില്ല. 15ന് മുഖ്യമന്ത്രി കേരളത്തിൽ മടങ്ങിയെത്തും.