ലണ്ടൻ: ജാള്യത കൊണ്ടാകും എന്ന് സംശയിക്കപ്പെടും വിധം കേരള സർക്കാർ മറച്ചു വയ്ക്കാൻ ആഗ്രഹിച്ച ആഡംബരത്തിന്റെയും ധൂർത്തിന്റെയും കഥകളാണ് ഇപ്പോൾ വെളിയിൽ വരുന്നത്. പരക്കെ വിമർശം നേരിട്ട കേരള മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും ഒക്ടോബർ ആദ്യ വാരത്തിലെ ലണ്ടൻ സന്ദർശനത്തിലെ ചെലവ് കണക്കുകളാണ് ഇപ്പോൾ മലയാളികൾ ഞെട്ടലോടെ കേൾക്കുന്നത്. വിരലിൽ എണ്ണാവുന്ന ദിവസത്തെ സന്ദർശനത്തിന് മുഖ്യമന്ത്രിയും രണ്ടു മന്ത്രിമാരും അടങ്ങുന്ന സംഘം 43 ലക്ഷം രൂപയാണ് ചെലവിട്ടത് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന കണക്കുകൾ.

വിമാന യാത്ര ചെലവ് ഇതിൽ ഉൾപ്പെടുത്താത്തതിനാൽ യഥാർത്ഥ ചെലവ് കോടികളിലേക്കു കയറും എന്നത് തർക്കമില്ലാത്ത കാര്യമാണ്. മുഴുവൻ പേരും സ്പെഷ്യൽ ക്ലാസ് ടിക്കറ്റിലാണ് യാത്ര ചെയ്തിരുന്നത് എന്ന വിവരം നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ലോക കേരള സഭയിൽ പങ്കെടുക്കുക ആയിരുന്നു മുഖ്യ ഉദ്ദേശം എങ്കിലും ഇതിന്റെ ചിലവൊന്നും സർക്കാർ കണക്കിൽ പെടില്ല എന്നാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ലോക കേരള സഭ നടത്തിപ്പ് അല്ലാതെ പുറത്തു പറയാൻ പറ്റുന്ന കാര്യമായ ചടങ്ങുകൾ ഒന്നും മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.

പറച്ചിലും തെളിവുകളും തമ്മിൽ യോജിപ്പില്ല

ലണ്ടനിൽ വ്യവസായി യൂസഫലിയുടെ ആതിഥ്യം സ്വീകരിക്കാൻ തയാറായ അദ്ദേഹം ഭാര്യയും മകളും ചെറുമകനും അടങ്ങുന്ന സംഘത്തിന്റെ ലണ്ടനിലെ കറക്കത്തിനും സർക്കാർ ഖജനാവിൽ നിന്നും പണം ചെലവിട്ടോ എന്നാണ് ഇനി അറിയാനുള്ളത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കുടുംബാങ്ങങ്ങൾ സ്വന്തം ചെലവിലാണ് സന്ദർശനം നടത്തിയത് എന്നാണ് കേരളത്തിൽ മടങ്ങി എത്തിയപ്പോൾ നിരന്തരം പറഞ്ഞിരുന്നതും. ലണ്ടൻ താജ് ഹോട്ടലിൽ കഴിഞ്ഞ മുഖ്യമന്ത്രി ഔദ്യോഗിക സ്വഭാവത്തോടെ എന്ന് വേണമെങ്കിൽ പറയാവുന്ന ഒരു ചടങ്ങിൽ പങ്കെടുത്തത് വെറും അഞ്ചു മൈൽ ദൂരത്തുള്ള കാറൽ മാർക്‌സ് ശവകുടീരം സ്ഥിതി ചെയ്യുന്ന ഹൈ ഗേറ്റ് സെമിത്തേരി സന്ദർശനമാണ്. ഇതാകട്ടെ സാധാരണ ടാക്‌സി നിരക്കിൽ 25 പൗണ്ട് മാത്രം ചെലവ് വരുന്ന യാത്രയും. എന്നാൽ പ്രീമിയം കാറുകൾ വിളിച്ചാൽ പോലും 50 പൗണ്ട് മാത്രമേ ഈ യാത്രക്ക് ചെലവാകൂ. പക്ഷെ ലണ്ടനിലെ യാത്രകൾക്കായി ഇപ്പോൾ കേരള സർക്കാർ ലണ്ടനിൽ ഹൈകമ്മീഷന് നൽകിയിരിക്കുന്നത് 22000 പൗണ്ടിന് (22 ലക്ഷത്തോളം) അടുത്ത തുകയാണ്.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വീണ ജോർജ് ശിവൻകുട്ടി, പി രാജീവ് , പ്ലാനിങ് ബോർഡ് ചെയര്മാന് രാമചന്ദ്രൻ, ചീഫ് സെക്രട്ടറി വി പി ജോയ്, സ്പെഷ്യൽ ഓഫിസർ വേണു രാജാമണി , വ്യവസായ സെക്രട്ടറി സുമൻ ബില്ല , പൊതു വിദ്യാഭ്യസ സെക്രട്ടറി മുഹമ്മദ് ഹനീഷ് , മുഖ്യമന്ത്രിയുടെ പി എ സുനീഷ് എന്നിവർ ചേർന്ന് വരുത്തി വച്ച ചെലവ് കണക്കുകളാണ് ഇപ്പോൾ പുറത്തു വന്ന രേഖയിൽ ഉള്ളത്. കുടുംബങ്ങൾ വരുത്തി വച്ച ചെലവ് ഈ കണക്കിൽ ഉൾപ്പെട്ടോ എന്നത് ഇനിയും വക്തത ഇല്ലാത്ത കാര്യമാണ്. ഹോട്ടൽ ചിലവും മറ്റും കണക്കാക്കുമ്പോൾ കുടുംബങ്ങളുടെ ഭക്ഷണത്തിനും മറ്റും വേറെ ബിൽ ആയിരുന്നോ എന്ന് വെളിപ്പെടുത്തേണ്ടത് മുഖ്യമന്ത്രിയും മന്ത്രിമാരുമാണ്.

കാർഡിഫ് യൂണിവേഴ്സിറ്റി സന്ദർശനത്തിന് പോയ മന്ത്രിക്കൊപ്പം മുഖ്യമന്ത്രിയും യാത്ര ചെയ്യും എന്നായിരുന്നു മുൻകൂട്ടിയുള്ള പ്ലാൻ. എന്നാൽ നീണ്ട റോഡ് യാത്ര ചെയ്യാൻ ശരീരം അനുവദിക്കുന്നില്ല എന്നാണ് അദ്ദേഹം ലണ്ടനിൽ അടുപ്പക്കാരോട് പറഞ്ഞത്. ആ സമയമാണ് അദ്ദേഹം ലണ്ടനിൽ ബിസിനസ് താല്പര്യമുള്ള യൂസഫലിയുടെ ആതിഥ്യം സ്വീകരിക്കാൻ കുടുംബത്തോടൊപ്പം ചെലവിട്ടത്. മുഖ്യമന്ത്രിയുടെ സംഘത്തിൽ എത്തിയവർ എത്ര വട്ടം ലണ്ടനിൽ കിടന്നു വട്ടം കറങ്ങിയാലും 22,000 പൗണ്ടിന്റെ ടാക്‌സി ബിൽ എങ്ങനെ വന്നു എന്ന് ഇനി വക്തമാക്കേണ്ടത് കേരള സർക്കാരിന്റെ ചുമതലയാണ്. കാരണം ഒളിച്ചു വച്ച കണക്കുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ലോക കേരള സഭ അടക്കമുള്ള സംവിധാങ്ങളെ നോക്കുകുത്തിയാക്കി ലണ്ടനിൽ ബിസിനസ് താൽപ്പര്യം ഉള്ള യുകെ മലയാളിക്കാണ് മുഴുവൻ ചിലവുകളുടെയും കരാർ ലഭിച്ചത് .

കരാറുകാരനും ബാധ്യതയുണ്ട് കണക്ക് പറയാൻ

പണം അനാവശ്യം ആയി ചെലവിട്ടോയെന്നു ഇപ്പോൾ പറയാൻ ഈ കരാറുകാരനും ബാധ്യസ്ഥനാണ് . കാരണം ലോക കേരള സഭ അംഗം കൂടിയായ അയാൾ മുഴുവൻ സഭ അംഗങ്ങളുടെയും മേൽ ചെളിവാരിയെറിയുന്ന വിധത്തിൽ ഉള്ള ചെലവ് കണക്കുകളാണ് ഇപ്പോൾ പുറത്തു വരുന്നതിലൂടെ അനാവശ്യ വിവാദത്തിലേക്ക് ഏവരെയും വലിച്ചിഴക്കുന്നത് . ഈ കണക്കുകളെ സംബന്ധിച്ച് ചോദ്യം ഉയർന്നപ്പോൾ ചടങ്ങുകളുടെ മൊത്തം നിയന്ത്രണം ഏറ്റെടുത്ത മുൻ നയതന്ത്ര ഉദ്യോഗസ്ഥൻ രാജാമണിയുടെ തലയിലേക്ക് വയ്ക്കാനും ശ്രമം നടന്നിരുന്നു. എന്നാൽ ലോക കേരള സഭയുടെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടിയിൽ ഫോട്ടോഗ്രാഫഫർ പോലും എത്തിയില്ല എന്നത് പണം പല വഴി വെട്ടിവിഴുങ്ങി എന്നതിന് ചടങ്ങിൽ പങ്കെടുത്തവർ പോലും ഉദാഹരണമായി ചൂണ്ടികാട്ടിയതാണ്. ലണ്ടനിലെ പ്രമുഖ മലയാളി സംഘടനായയായ എം എ യുകെ യുടെ കലാകാരന്മാർക്കും കലാകാരികൾക്കും തങ്ങൾ അവതരിപ്പിച്ച ചടങ്ങുകളുടെ ഫോട്ടോ ലഭിച്ചില്ലെന്ന പരാതി ഉയർന്നപ്പോളാണ് ഫോട്ടോഗ്രാഫർക്ക് ലോക കേരള സഭ കവർ ചെയ്യാൻ മാത്രമായിരുന്നു കരാർ എന്ന വസ്തുത പുറത്തു വന്നത് .

ഇത്തരത്തിൽ സകല മേഖലയിലും വെട്ടിപ്പ് നടന്നിരിക്കാൻ സാധ്യതയുണ്ട് എന്ന സംശയമാണ് ഇപ്പോൾ 43 ലക്ഷത്തിന്റെ കണക്കുകളിലൂടെ പോകുന്നവർ സോഷ്യൽ മീഡിയ വഴി പ്രത്കരിക്കുന്നത്. മാത്രമല്ല സാംസ്‌കാരിക പരിപാടിക്കും മറ്റുമായുള്ള ചെലവുകൾക്കായി യുകെയിലെ മലയാളി ബിസിനസുകാർ അടക്കമുള്ളവരെ ബന്ധപെട്ടു വലിയ തോതിൽ പണപ്പിരിവും നടത്തിയിരുന്നു. ഇതിനായി ലോക കേരള സഭയുടെ നെത്ര്വതിൽ തന്നെ ഫിനാൻസ് കമ്മിറ്റി വരെ രൂപീകരിച്ചിരുന്നു . ഒരു വഴിയിൽ സർക്കാരും മറ്റൊരു വഴിയിൽ ലോക കേരള സഭയും ചേർന്നാണോ ഈ ധൂർത്തു മുഴുവൻ സാധ്യമാക്കിയത് എന്നും ഇപ്പോൾ ചെലവ് സംബന്ധിച്ച കൂറ്റൻ കണക്കുകൾ സ്വയം ചോദിക്കുകയാണ്. അയർലണ്ടിൽ നിന്നുള്ള ജയപ്രകാശ് ആണ് ഫിനാൻസ് കമ്മിറ്റിയെ നയിച്ചിരുന്നത്.

കേരളത്തിൽ മൂടി വച്ച വിവരം പുറത്തു വന്നത് ലണ്ടനിൽ നിന്നും

ലണ്ടൻ യാത്ര സംബന്ധിച്ചുള്ള ചെലവ് തേടി മാധ്യമ പ്രവർത്തകർ അടക്കം കേരളത്തിൽ വിവരാവകാശം തേടിയെങ്കിലും അതിപ്പോൾ ലഭ്യമല്ല എന്ന തരത്തിൽ മൂടി വയ്കാനുള്ള വ്യഗ്രതയാണ് കേരള സർക്കാർ പ്രകടിപ്പിച്ചത്. ഇതേ തുടർന്നണ് ലണ്ടൻ ഹൈ കമ്മീഷനിൽ കൊച്ചി സ്വദേശിയായ എസ് ധൻരാജ് വിവരാകാശം തേടിയത് . ഇതോടെ ചെലവിട്ട പണം കേരള സർക്കാരിൽ നിന്നും കൈപ്പറ്റിക്കഴിഞ്ഞു എന്ന് ഹൈ കമ്മീഷനിൽ നിന്നും ലഭിച്ച മറുപടിയാണ് ഇപ്പോൾ മാധ്യമങ്ങൾ പൊതു സമൂഹത്തിന്റെ ചർച്ചക്ക് എത്തിച്ചിരിക്കുന്നത് .

അതേസമയം കഴിഞ്ഞ 20 വർഷമായി യുകെ മലയാളികൾ നിരന്തരമായി കേരള സർക്കാരിനോട് ഒരാൾ യുകെയിൽ മരിച്ചാൽ മൃതദേഹം നാട്ടിൽ എത്തിക്കാൻ സഹായിക്കണം എന്നഭ്യർത്ഥിക്കുന്നത്. നിരന്തരമായ അഭ്യര്ഥനയിൽ മൃതദേഹം നാട്ടിൽ എത്തിയാൽ വീട്ടിലേക്കു കൊണ്ടുപോകാനുള്ള ആംബുലൻസ് തയാറാക്കി തരാം എന്ന ഉദാരമനസ്‌കതയാണ് നോർക്കയിൽ നിന്നും അവസാനം ഉണ്ടായതു. മൂന്നോ നാലോ ദിവസത്തേക്ക് പരിവാര സമേതം എത്തിയ മുഖ്യമന്ത്രിയും വീണ ജോർജ് , ശിവൻകുട്ടി, പി രാജീവ് എന്നീ മന്ത്രിമാരും ചേർന്ന് ഓട്ടക്കാലണ പോലും എടുക്കാൻ ഇല്ലെന്നു ധനമന്ത്രി നിരന്തരം പറയുന്ന കേരള ഖജനാവിന് വരുത്തി വച്ച മറ്റൊരു ബാധ്യതയായി ഒടുവിൽ മാറിയിരിക്കുകയാണ് കൊട്ടിഘോഷിക്കപ്പെട്ട ലണ്ടൻ സന്ദർശനം. എന്തിനു വേണ്ടിയായിരുന്നു ഈ ധൂർത്തു എന്ന ചോദ്യത്തിനും ഇപ്പോൾ അന്തം വിട്ട ചെലവ് മൂലം ഒരിക്കൽ കൂടി ചോദിക്കേണ്ട സാഹചര്യമാണ് പൊതു സമൂഹത്തിനു മുന്നിലുള്ളത്.