കണ്ണൂർ: സിപിഎം പാർട്ടി സെക്രട്ടറിയെന്ന നിലയിൽ കാർക്കശ്യക്കാരനായിരുന്ന പിണറായി വിജയൻ അക്കാലത്ത് പോലും പള്ളികളിൽ നിന്നും വാങ്ക് വിളി കേട്ടാൽ പ്രസംഗം നിർത്തുന്ന പ്രകൃതക്കാരനായിരുന്നു. പിണറായി മാത്രമല്ല, കേരളത്തിലെ ഒട്ടുമിക്ക നേതാക്കളും ഈ ശൈലി പിന്തുടർന്നു വരുന്നവരാണ്. അതൊരു സാമാന്യ മര്യാദയാണ് താനും. എന്നാൽ, ഇപ്പോൽ ഇന്ന് കണ്ണൂരിൽ നിന്നും പുറത്തുവന്ന വീഡിയോ ദൃശ്യങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനം ഉയരാൻ ഇടയാക്കിയിട്ടുണ്ട്.

ഇന്ന് രാവിലെ 11 മണിക്ക് എസ്.എൻ. കോളേജിൽ ഇൻഡോർ സ്റ്റേഡിയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. ഈ ചടങ്ങിന് എത്തിയപ്പോൾ വേദിയിൽ വെച്ച് ഗുരുസ്തുതി മുഴങ്ങിയപ്പോൾ എല്ലാവരും എഴുനേറ്റു നിന്നു, എന്നാൽ പിണറായി മാത്രം അത് ഗൗനിക്കാതെ അവഗണിക്കുകയാണ് ഉണ്ടായത്. ഇതാണ് പിണറായിക്കെതിരെ വിമർശനത്തിന് ഇടയാക്കിയത്. ഇതോടെ മുഖ്യമന്ത്രി ഗുരസ്തുതിയെ നിന്ദിച്ചു എന്ന വിമർശനത്തോടെ സൈബറിടത്തിൽ വീഡിയോ പ്രചരിക്കുന്നുണ്ട്.

ഗുരുസ്തുതി ആലപിച്ചപ്പോൾ വെള്ളാപ്പള്ളി അടക്കം എഴുനേറ്റു നിന്നിരുന്നു. വേദിയിൽ ഉണ്ടായിരുന്ന എംഎൽഎ കടന്നപ്പള്ളി രാമചന്ദ്രനും എഴുനേൽക്കാൻ തുനിഞ്ഞു. ഇത് കണ്ട് മുഖ്യമന്ത്രിയുടെ എഴുനേൽക്കാൻ ഒരുങ്ങി മുന്നോട്ടാഞ്ഞു, പിന്നീട് വേണ്ടെന്ന് കരുതി സീറ്റിൽ അമർന്നിരിക്കുകയായിരുന്നു. എഴുനേൽക്കാൻ തുനിഞ്ഞ എംഎൽഎയോടും അവിടെ ഇരിക്കാൻ പറഞ്ഞു. ഇതിൽ മുഖ്യമന്ത്രി എഴുനേൽക്കാൻ തുനിഞ്ഞ് പിന്നീട് അമർന്നിരിക്കുന്ന വീഡിയോ വലവിധത്തിലുള്ള ക്യാപ്ഷനോടെയാണ് പ്രചരിക്കുന്നത്.

സംഭവം ശിവഗിരിയിൽ നടന്നതാണെന്ന വിധത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലും വീഡിയോ തെറ്റായി സൈബറിടത്തിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, മറിച്ച് കണ്ണൂരിലാണ് ഇത് നടന്നത്. ഇന്ന് മുജാഹിദ് വേദിയിൽ അടക്കം വലിയതോതിൽ മതേതരത്ത്വത്തെ കുറിച്ച് സംസാരിച്ച പിണറായി എന്തുകൊണ്ടാണ് ഗുരുനിന്ദ കാണിച്ചതെന്നാണ് ഉയരുന്ന വിമർശനം. ഇത് മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതാണ് എന്നാണ് ഉയരുന്ന വിമർശനം. അതേസമയം വിമർശനം കടുക്കുമ്പോഴും അതിന് അവഗണിക്കുകയാണ് സിപിഎമ്മും.

എസ്.എൻ. കോളേജിന് സ്വന്തമായി ഇൻഡോർ സ്റ്റേഡിയം കോളേജ് കാമ്പസിനകത്താണ് പൂർത്തിയാക്കിയത്. 36 മീറ്റർ നീളവും 24 മീറ്റർ വീതിയും 12.5 മീറ്റർ ഉയരവുമുള്ളതാണ് ഇൻഡോർ സ്റ്റേഡിയം. നാല് ഷട്ടിൽ ബാഡ്മിന്റൺ കോർട്ടുകൾ, വോളിബോൾ കോർട്ട്, ബാസ്‌കറ്റ്‌ബോൾ കോർട്ട് എന്നിവയുമുണ്ട്. റെസ്ലിങ്. ജൂഡോ, ടേബിൾ ടെന്നീസ് എന്നീ മത്സരങ്ങൾ സംഘടിപ്പിക്കാനുമാകും. അടിസ്ഥാന കായിക സൗകര്യവികസനത്തിനായി യുജിസി. നൽകിയ 70 ലക്ഷം രൂപ ചെലവഴിച്ച് 2012-ലാണ് സ്റ്റേഡിയനിർമ്മാണത്തിനുള്ള ശ്രമം ആരംഭിച്ചത്.

എന്നാൽ, സാങ്കേതിക തടസ്സങ്ങളെ തുടർന്ന് നിർമ്മാണം നീളുകയായിരുന്നു. തുടർന്ന് മാനേജ്മെന്റിന്റെയും പി.ടി.എ.യുടെയും സഹായത്തോടെ രണ്ട് കോടിയോളം രൂപ ചെലവഴിച്ചാണ് സ്റ്റേഡിയം പൂർത്തിയാക്കിയത്. ഉദ്ഘാടനച്ചടങ്ങിൽ വെള്ളാപ്പള്ളി നടേശനായിരുന്നു അധ്യക്ഷൻ.