കോഴിക്കോട്: ലോകായുക്ത കേസിൽ മുഖ്യമന്ത്രി പിണറായിക്കും സർക്കാറിനും ആശ്വാസമായി വിധി വന്നത് ഇന്നലെയാണ്. ഇതിന് പിന്നാലെ ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ പ്രമുഖ ചിട്ടി ഗ്രൂപ്പായ ഗോകുലം ചിട്ടിഫണ്ടിന് വേണ്ടി വഴിവിട്ട് ഇടപെടൽ നടത്തിയെന്ന വാർത്തയാണ് പുറത്തുവരുന്നത്. ഗോകുലം ചിറ്റ്സ് ഉടമ ഗോകുലം ഗോപാലൻ പ്രതിയായ ചിട്ടി കേസുകൾ പിൻവലിക്കാൻ വേണ്ടി മുഖ്യമന്ത്രി നേരിട്ട് ഇടപെടൽ നടത്തിയെന്നാണ് പുറത്തുവന്ന വാർത്ത. മീഡിയ വൺ ചാനലാണ് ഈ വാർത്ത പുറത്തുവിട്ടത്.

ആഭ്യന്തര വകുപ്പ് സെക്രട്ടറി എതിർപ്പു രേഖപ്പെടുത്തിയിട്ടും ഇത് മറികടനനാണ് മുഖ്യമന്ത്രി ഇടപെടൽ നടത്തിയത്. സർക്കാരിന് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി രേഖകൾ സഹിതമാണ് ചാനൽ വാർത്ത നൽകിയിരിക്കുന്നത്. ആഭ്യന്തര സെക്രട്ടറി രണ്ടുതവണ നൽകിയ ശിപാർശ മറികടന്നാണ് മുഖ്യമന്ത്രി കേസ് പിൻവലിക്കാൻ തീരുമാനിച്ചതെന്നാണ് വാർത്തയിൽ പറയുന്നത്. സാമ്പത്തിക ക്രമക്കേടായതിനാൽ കേസ് പിൻവലിക്കേണ്ടതില്ലെന്ന തീരുമാനമെടുത്ത് ഒരുമാസം തികയുംമുൻപാണ് മുഖ്യമന്ത്രി തന്നെ അത് തിരുത്തിയെന്നാണ് വാർത്ത. ഒന്നാം പിണറായി സർക്കാറിന്റെ കാലത്തായിരുന്നു ഈ ഇടപെടൽ നടന്നത്.

2013-14 വർഷങ്ങളിൽ ഗോകുലം ചിറ്റ് ഫണ്ട്സിന്റെ കൊല്ലം ജില്ലയിലെ ബിഷപ് ജെറോം നഗർ ബ്രാഞ്ചിലും കൊട്ടിയം ബ്രാഞ്ചിലും രജിസ്ട്രേഷൻ വകുപ്പ് പരിശോധന നടത്തിയിരുന്നു. രജിസ്ട്രേഷൻ വകുപ്പിന്റെ അനുമതിയില്ലാതെ അനധികൃതമായി ചിട്ടി നടത്തുന്നതായും നിയമവിരുദ്ധമായി ബ്ലാങ്ക് ചെക്കും മറ്റു രേഖകളും സൂക്ഷിക്കുന്നതായും കണ്ടെത്തി. അങ്ങനെയാണ് കൊല്ലം ഈസ്റ്റ്, കരുനാഗപ്പള്ളി, കൊട്ടിയം സ്റ്റേഷനകളിലായി അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തത്. കേസുകളിൽ ഗോകുലം ചിറ്റ്സ് ഉടമ ഗോകുലം ഗോപാലൻ ഉൾപ്പെടെ പ്രതിയായി.

ഈ കേസുകൾ പിൻവലിക്കണം എന്നാവശ്യപ്പെട്ടാണ് 2018 ഏപ്രില് 16ന് ഗോകുലം ഗോപാലന് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ട് തേടി. സാമ്പത്തിക ക്രമക്കേടും ചിട്ടി നിയമത്തിന്റെ ലംഘനവും ഉള്ളതിനാൽ കോടതിയുടെ തീർപ്പിന് വിടുന്നതാണ് ഉചിതമെന്ന് ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറി ഫയലിൽ രേഖപ്പെടുത്തി. ഇത് പരിഗണിച്ച് കേസ് പിൻവലിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രിയും തീരുമാനിച്ചു.

എന്നാൽ ഇടപാടിൽ നിന്നു മുഖ്യമന്ത്രി പതിയെ പിന്നോട്ടു പോകുകയാണ് ഉണ്ടായത്. കേസ് പിൻവലിക്കേണ്ടെന്ന് മുഖ്യമന്ത്രി നിലപാടെടുത്തതിന് പിന്നാലെ 2018 ജൂൺ ഒന്നിന് ഗോകുലം ഗോപാലൻ വീണ്ടും മുഖ്യമന്ത്രിക്ക് കത്തുനൽകി. അത് വീണ്ടും ആഭ്യന്തര സെക്രട്ടറിക്ക് മുന്നിൽ കേസ് പിൻവലിക്കാനുള്ള പുതിയൊരു സാഹചര്യവും നിലവിലില്ലാത്തതിനാൽ മുൻതീരുമാനത്തിൽ മാറ്റംവരുത്തേണ്ടതായി കാണുന്നില്ലെന്ന് ആഭ്യന്തര അഡീഷണല് സെക്രട്ടറി വീണ്ടും ഫയലിൽ എഴുതി. എന്നാൽ, അപ്പോഴേക്കും മുഖ്യമന്ത്രിയുടെ നിലപാട് മാറിയിരുന്നു. കേസുകൾ പിൻവലിക്കേണ്ടെന്ന മുൻ തീരുമാനം മുഖ്യമന്ത്രി തന്നെ തിരുത്തി.

ആഭ്യന്തരസെക്രട്ടറിയുടെ നിലപാട് പൂർണമായി അവഗണിച്ചായിരുന്നു മുഖ്യമന്ത്രിയുടെ നടപടി. സർക്കാർ തീരുമാനം കോടതിയിലെത്തി. സർക്കാർ നിലപാട് അംഗീകരിച്ച കൊല്ലം, കരുനാഗപ്പള്ളി കോടതികൾ കേസ് പിൻവലിക്കാന് അനുവാദവും നല്കി. തുടർന്ന് അഞ്ച്‌കേസുകളും പിൻവലിക്കയാണ് ഉണ്ടായത്. അതേസമയം രണ്ടു ബ്രാഞ്ചുകളിൽ അനധികൃത ചിട്ടി നടത്തിയതിൽ മാത്രം 60 ലക്ഷം രൂപയുടെ നികുതി നഷ്ടമായെന്നാണ് ചാനൽ വാർത്തയിൽ പറയുന്നത്. ട്രഷറിയിലേക്ക് ലഭിക്കാമായിരുന്ന കോടിക്കണക്കിന് രൂപയുടെ നിക്ഷേപവും നഷ്ടമായെന്നും വാർത്തയിൽ പറയുന്നു.